ആ തുണിപൊക്കി കാണിക്കലിന്റെ അർത്ഥം; ബിഗ് ബോസ് വീട്ടിലെ മല്ലു പുരുഷന്റെ ഉള്ളിലിരിപ്പ് എന്താണ്?

By Sunitha DevadasFirst Published Jan 9, 2020, 2:56 PM IST
Highlights

ബിഗ് ബോസ് റിവ്യൂ, സുനിതാ ദേവദാസ്: രജിത് കുമാർ എന്ന മല്ലു പുരുഷൻ! 

വീടിനകത്തു നമ്മൾ ആദ്യദിനം കണ്ടത്  കടന്നുവരുന്ന ഓരോരുത്തരെയും സ്വീകരിക്കാൻ എന്ന പോലെ മുന്നിട്ടിറങ്ങി നിൽക്കുന്ന രജിത് കുമാറിനെയാണ്. അതിഥിയെ വരവേൽക്കുന്നതിനപ്പുറം അത് അപരന്റെ സ്പെയ്സിലേക്കുള്ള കടന്നു കയറ്റമായിരുന്നു. പിറ്റേന്ന് നമ്മൾ കാണുന്നത് രജിത് കുമാറിന്റെ സാരോപദേശങ്ങൾ ആയിരുന്നു. അതിനു ചെവി കൊടുക്കാത്തവരെ അയാൾ കുറ്റം പറയുന്നു. ചെവി കൊടുക്കുന്ന എലീനയെ പുകഴ്ത്തുന്നു. സംഗതി സിംപിൾ. വീട്ടിനുള്ളിലെ എല്ലാവരെയും വരുതിയിൽ നിർത്താൻ സാദാ ബുദ്ധിയിൽ നിന്നുയരുന്ന ശ്രമം. 

സ്ത്രീ അമ്മയാണ്, സഹോദരിയാണ്, അബലയാണ്, ചപലയാണ്, ദേവിയാണ് - ഇതാണ് ബിഗ് ബോസ് വീട്ടിലെ രജിത് കുമാർ എന്ന മല്ലു പുരുഷന്റെ സ്ത്രീ സങ്കല്പം. ആ സങ്കൽപ്പമാണ് ഇന്നലെ ഈ പറച്ചിലിൽ എത്തിച്ചത്:  "അവൾ- എന്റെ ഭാര്യ എന്നെ തുണി പൊക്കി കാണിച്ചിട്ട് പറഞ്ഞു ഇത് കൂടി കണ്ടിട്ട് കല്യാണം നടത്തി കൊടുക്കാൻ പോ എന്ന്. ഞാൻ നോക്കിയപ്പോ അവളുടെ തുടകളിലൂടെ എന്റെ കുഞ്ഞു ചോരക്കട്ടയായി ഒഴുകിയിറങ്ങുകയായിരുന്നു. ഞാൻ അതും കണ്ടു ഓക്കേ, ശരി എന്ന് പറഞ്ഞു കല്യാണത്തിന് പോയി. ഞാൻ വെറും ഒരു ഉണ്ണാക്കൻ അല്ലല്ലോ"

രജിത് കുമാറിന്റെ ഈ കഥ പറച്ചിൽ ബിഗ് ബോസ് വീട്ടിൽ വമ്പൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പെണ്ണുങ്ങളെല്ലാം ഇതിനെതിരെ രംഗത്തുവന്നു. ആണുങ്ങൾ അവരെ പിന്തുണച്ചു. 

കഥയിലെ കാര്യം ഇങ്ങനെയാണ്: ഭാര്യയുടെ ബന്ധുവിന്റെ കല്യാണം നടത്തി കൊടുക്കാം എന്ന് രജിത് കുമാർ ഏറ്റിരുന്നു. അതും ഭാര്യയോട് അനുവാദം ചോദിക്കാതെ. ഭാര്യ ഗർഭിണിയും വയ്യാത്തതിനാൽ ബെഡ് റെസ്റ്റിലും. രജിത് കുമാർ പോകാനിറങ്ങിയപ്പോൾ ഭാര്യ പോകരുതെന്ന് പറഞ്ഞു കയ്യിൽ പിടിച്ചു വലിച്ചു. രജിത് കുമാർ കുതറിയിറങ്ങി പോയി. ഭാര്യക്ക് അബോർഷനായി. എന്നിട്ടും രജിത് കുമാർ വകവെച്ചില്ല. പുള്ളി കല്യാണം നടത്താൻ പോയി. 

ഇതായിരുന്നു കഥ.

വീടിനകത്തു രജിത് കുമാറിനെതിരെ പുകഞ്ഞു കത്തിയിരുന്ന രോഷം  ഇതോടെ അണപൊട്ടിയൊഴുകി. സ്ത്രീകൾ ഒറ്റക്കെട്ടായി രജിത് കുമാറിന്റെ പ്രവൃത്തിയെ എതിർത്തു. എല്ലാ പുരുഷന്മാരും അതിനു പിന്തുണയും നൽകി.

ബിഗ് ബോസിനകത്തെ രജിത് കുമാർ പ്രതിനിധാനം ചെയ്യുന്നത് ആരെയാണെന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.  ആവറേജ് മാൻസ്പ്ലെയിനിങ്  മല്ലു പുരുഷൻ‌. അതെ, ലിംഗം കൊണ്ട് മാത്രം ചിന്തിക്കാൻ അറിയുന്ന, ഇന്നാട്ടിലെ പെണ്ണുങ്ങൾക്കെല്ലാം നന്നായി അറിയാവുന്ന ആ തരം ആണുങ്ങളില്ലേ... അവരിലൊരാൾ. 

വീടിനകത്തു നമ്മൾ ആദ്യദിനം കണ്ടത്  കടന്നുവരുന്ന ഓരോരുത്തരെയും സ്വീകരിക്കാൻ എന്ന പോലെ മുന്നിട്ടിറങ്ങി നിൽക്കുന്ന രജിത് കുമാറിനെയാണ്. അതിഥിയെ വരവേൽക്കുന്നതിനപ്പുറം അത് അപരന്റെ സ്പെയ്സിലേക്കുള്ള കടന്നു കയറ്റമായിരുന്നു. പിറ്റേന്ന് നമ്മൾ കാണുന്നത് രജിത് കുമാറിന്റെ സാരോപദേശങ്ങൾ ആയിരുന്നു. അതിനു ചെവി കൊടുക്കാത്തവരെ അയാൾ കുറ്റം പറയുന്നു. ചെവി കൊടുക്കുന്ന എലീനയെ പുകഴ്ത്തുന്നു. സംഗതി സിംപിൾ. വീട്ടിനുള്ളിലെ എല്ലാവരെയും വരുതിയിൽ നിർത്താൻ സാദാ ബുദ്ധിയിൽ നിന്നുയരുന്ന ശ്രമം. 

എന്നാൽ കളി പതുക്കെ മാറി. മൂന്നാമത്തെ ദിവസമായപ്പോഴേക്കും രജിത് കുമാറിന് മനസിലായി -ഉപദേശം വേണ്ടത്ര ഫലിക്കുന്നില്ലെന്ന്. പുള്ളി കളം മാറ്റി. അങ്ങനെ സെന്റി കഥ പറച്ചിൽ തുടങ്ങി‌. എന്നാൽ ഉള്ളിന്റെ ഉള്ളിൽ ചുര മാന്തുന്ന ആ പഴയ കുലപുരുഷൻ അതിനിടയിൽ പുറത്തുചാടുകയും വീട്ടിലെ പെണ്ണുങ്ങൾ ആ കുലപുരുഷനെ ഓടിച്ചിട്ട് തല്ലിക്കൊന്ന്  തോട്ടിലെറിയുകയും ചെയ്തു. 

രജിത് കുമാറിന്റെ പെരുമാറ്റവും ചിന്താരീതിയും ഇങ്ങനെ കാണാം: 

1 . ഉപദേശമായും കഥ പറച്ചിലായും ഇടപെടലായും അവനവന്റെ അധികാരം മറ്റുള്ളവരിൽ സ്ഥാപിച്ചെടുക്കുന്ന പെരുമാറ്റ രീതി. വീണ തന്നെ രജിത് കുമാറിനോട് പറയുന്നുണ്ട്, ചേട്ടന്റെ സംസാരരീതി അടിച്ചേൽപ്പിക്കുന്ന പോലെയാണെന്ന്.

2 . എല്ലാം ആണത്ത കാഴ്ചപ്പാടിലൂടെ കാണൽ. പെണ്ണുങ്ങൾക്കും കൂടിയുള്ള ഇടം ആണത്ത പ്രകാശനത്തിന്റെ സ്ഥലമാക്കുക. ആണധികാര വീട് സൃഷ്ടിക്കലാണ് ആത്യന്തിക ലക്ഷ്യം 

3 . മാൻസ്പ്ലെയിനിങ്ങിന്റെ ഒരു പ്രധാന ലക്ഷണം സംരക്ഷകൻ ചമയലാണ്. "നിങ്ങൾക്ക് ഒന്നുമറിയില്ല, എനിക്കെല്ലാമറിയാം. അവിടെ മിണ്ടാതിരിക്ക്. ഒക്കെ ഞാൻ പറഞ്ഞു തരാം". ഇത് തന്നെയാണ് രജിത് കുമാർ ചെയ്യുന്നത്.

4 . രക്ഷിതാവ് ചമയുന്നതാണ് പ്രധാന ഹോബി. ഉദാഹരണം സ്ത്രീകളുടെ മുടിയെക്കുറിച്ചും താടിയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ് ഫ്രീ ആയി ഉപദേശിക്കുക. ആരെയും ഉപദേശിക്കാനുള്ള വലിപ്പം തനിക്കുണ്ടെന്ന് സദാ വിളിച്ചു പറയുക‌

5 . ആണധികാരം ഉറപ്പിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക. മോളെ, കുഞ്ഞേ എന്നൊക്കെയുള്ള വിളികൾക്ക് മറ്റൊരുദ്ദേശ്യവുമില്ല.

6 . അധ്യാപകൻ എന്ന തൊഴിലിൽ നിന്നും ആർജിച്ചെടുത്ത ഒരു തരം 'തന്ത  കളിക്കൽ'. എല്ലാവരുടെയും അച്ഛൻ ചമയലും പഠിപ്പിക്കലും. ആരെയും മുതിർന്ന മനുഷ്യനായോ തുല്യനായ മനുഷ്യനായോ ഇവർ കാണുന്നില്ല. 

7 . 'അമ്മ, ദേവി, അമ്മായിയമ്മ എന്നൊക്കെ സ്ത്രീയെ വിളിക്കലും രൂപക്കൂട്ടിൽ വെക്കലും. അതേസമയം അബോർഷനായ ഭാര്യയെ അവഗണിച്ചു കല്യാണം നടത്താൻ പോകൽ പോലത്തെ ആണത്ത പ്രകടനം.  ഞാൻ ഉണ്ണാക്കനല്ല എന്ന പ്രഖ്യാപനം.

ഇന്നലത്തെ എപ്പിസോഡിൽ രജിത്കുമാറിനെതിരെ വീട്ടിലെ സ്ത്രീകൾ സംഘടിക്കുകയും പ്രതികരിക്കുകയും അതിനു വീട്ടിലെ ഏറ്റവും ഇളയ അംഗമായ ഫുക്രു വരെ പിന്തുണ നൽകുകയും ചെയ്തു. അപ്പോൾ രജിത് കുമാർ പറയുന്ന ഒരു വാചകമുണ്ട്. "ഇതൊരു പ്ലാൻ ആണ്. നിങ്ങളെല്ലാവരും എനിക്കെതിരെ പ്ലാൻ ചെയ്തു പ്രതികരിക്കുന്നു എന്ന്." 

അതെ പ്ലാൻ ആണ്. എന്നാൽ അത് രജിത് കുമാർ പറഞ്ഞത് പോലെ കോൺഷ്യസ് പ്ലാൻ അല്ല.  ചിതറിക്കിടന്നിരുന്ന ഒരു വീടിനെ, ആ വീട്ടിലെ വിവിധ തരക്കാരായ മനുഷ്യരെ ഒരുമിപ്പിക്കാൻ രജിത് കുമാറിന്റെ മാൻസ്പ്ലെയിനിങ്ങിനു കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. 

ഒരുപക്ഷേ ഇതിനു പിന്നിൽ രജിത് കുമാറിനു ഒരു ലക്ഷ്യം കൂടി ഉണ്ടാവണം. ഇരവേഷം കെട്ടൽ. ആണുങ്ങളുടെ ആളായതിനാൽ പെണ്ണുങ്ങൾ ആക്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കൽ. ആൺ പിന്തുണ ആർജ്ജിക്കൽ. അതു വഴി ബിഗ് ബോസ് ഇടത്തിൽ മുന്നോട്ട് പോവൽ.‌ മുമ്പ് തിരുവനന്തപുരം വനിതാ കോളജിൽ ജീൻസിട്ട പെണ്ണുങ്ങളെ കുറിച്ച് വിവാദ പരാമർശം നടത്തിയ നേരത്ത് ഈ തന്ത്രം തന്നെ അയാൾ പയറ്റിയിരുന്നു. അസഹ്യമായ അവസ്ഥയിൽ കൂവി വിളിച്ച ആര്യ എന്ന പെൺകുട്ടി ഇത്രേം പ്രായമുള്ള തന്നെ കൂവി അധിക്ഷേപിച്ചെന്ന വിലാപകാവ്യം. അതിനൊടുവിലാണ് ആൺകൂട്ടങ്ങൾ സോഷ്യൽ മീഡിയയിൽ ആര്യയെ അധിക്ഷേപിക്കാൻ ഇറങ്ങിയത്. രജിത് കുമാറിന് പിന്തുണയുമായി ചില പ്രത്യേക വിഭാഗങ്ങൾ രംഗത്തു വന്നത്. ഇന്ത്യയിലും വിദേശത്തും അയാളുടെ വചനോൽസവ തെറിവഴിപാടുകൾക്കായി സ്റ്റേജുകൾ ഉണ്ടായത്.  

ഇങ്ങനെ ഒന്ന് തന്നെയാണ് മനസ്സിലിരിപ്പെങ്കിൽ, വിഷം തുപ്പുന്നത് കൂടാനാണിട. അത് എവിടെ വരെ പോകുമെന്നും ബിഗ് ബോസ് വീട്ടിലെ സ്ത്രീകൾ അതിനെ എങ്ങനെ നേരിടുമെന്നും വരും ദിവസങ്ങളിൽ കാണാം.

click me!