ബിഗ് ബോസ് കോടതി വിചിത്രം; എങ്കിലും അമൃതയ്ക്കും അഭിരാമിക്കും നീതി കിട്ടി

By Web TeamFirst Published Mar 5, 2020, 12:26 PM IST
Highlights

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഒരു പ്രധാന എപ്പിസോഡായിരുന്നു ഇന്നലത്തെ ബിഗ് ബോസ് ഷോയിലെ കോടതി ടാസ്ക്കിൽ ബിഗ് ബോസ് സഹോദരിമാരായ അമൃതയും അഭിരാമിയും പാഷാണം ഷാജിക്കെതിരെ ഫയൽ ചെയ്ത കേസും അതിന്റെ വിധിയും. ഇത് വെറുതെ പറഞ്ഞതല്ല. നമുക്കറിയാം മിക്ക ടെലിവിഷൻ ഷോകളിയും സ്റ്റേജ് ഷോകളിലും മിമിക്രിയിലുമൊക്കെ സ്ത്രീവിരുദ്ധതയാണ് തമാശയായി പറയുന്നതും ആഘോഷിക്കപ്പെടുന്നതും.

മലയാള ടെലിവിഷൻ ചരിത്രത്തിലെ ഒരു പ്രധാന എപ്പിസോഡായിരുന്നു ഇന്നലത്തെ ബിഗ് ബോസ് ഷോയിലെ കോടതി ടാസ്ക്കിൽ ബിഗ് ബോസ് സഹോദരിമാരായ അമൃതയും അഭിരാമിയും പാഷാണം ഷാജിക്കെതിരെ ഫയൽ ചെയ്ത കേസും അതിന്റെ വിധിയും. ഇത് വെറുതെ പറഞ്ഞതല്ല. നമുക്കറിയാം മിക്ക ടെലിവിഷൻ ഷോകളിയും സ്റ്റേജ് ഷോകളിലും മിമിക്രിയിലുമൊക്കെ സ്ത്രീവിരുദ്ധതയാണ് തമാശയായി പറയുന്നതും ആഘോഷിക്കപ്പെടുന്നതും. അത് സ്ത്രീവിരുദ്ധതയാണെന്നു തമാശ പറയുന്ന കലാകാരന്മാരോ കേട്ട് ചിരിക്കുന്ന പ്രേക്ഷകരോ മിക്കപ്പോഴും ഓർക്കാറില്ല. അതിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു ഇന്നലത്തെ എപ്പിസോഡ്.

ഒരു ടാസ്ക്കിനിടയിൽ പാഷാണം ഷാജി സഹോദരിമാരെ സെറ്റപ്പ് എന്ന് തമാശയായി വിളിക്കുന്നു. സഹോദരിമാർ കോടതി ടാസ്ക്കിൽ അത് പരാതിയായി ഉന്നയിക്കുന്നു. ഷാജി ഒടുവിൽ തെറ്റു സമ്മതിച്ചു മാപ്പ് പറയുന്നു. ഇതുവരെ സ്ത്രീവിരുദ്ധത കേൾക്കുകയല്ലാതെ അതൊരാൾ അംഗീകരിച്ചു മാപ്പ് പറഞ്ഞു തിരുത്തുന്നത് നമ്മൾ കണ്ടിട്ടില്ല, അതുകൊണ്ടാണ് ഈ എപ്പിസോഡ് ചരിത്രമെന്നു പറഞ്ഞത്.

പൊതുബോധത്തെ പിന്തുടരുന്നതും ആവർത്തിക്കുന്നതുമാണ് നമ്മുടെ ജനകീയ സിനിമകളും സീരിയലുകളും റിയാലിറ്റി ഷോകളും ഒക്കെ. സമൂഹത്തിന്റെ പൊതുബോധത്തിന്റെ നേരെ പിടിച്ച കണ്ണാടികളാണ് അവ. പൊതുബോധത്തെ  തിരുത്തുന്ന കാര്യങ്ങളൊന്നും അങ്ങനെ കോമഡി ഷോകളിലോ റിയാലിറ്റി ഷോകളിലോ വരാറില്ല. ആണും പെണ്ണും ഒരുപോലെ പങ്കെടുക്കുന്ന ബിഗ് ബോസിലൊക്കെ ഒരു പ്രധാനപ്പെട്ട വിഷയമാണ് ജൻഡർ ഇഷ്യു. സ്ത്രീവിരുദ്ധത.

Read more at:  മോണിങ് ടാസ്കിന് ശേഷം സാന്‍ഡ്രയുടെ വക സുജോയ്ക്ക് കിട്ടിയ പണി...
 

തലമുറക്കനുസരിച്ചു സ്ത്രീപുരുഷ ബന്ധങ്ങളിൽ വലിയ മാറ്റം  സംഭവിക്കുന്നുണ്ടെങ്കിലും നമ്മുടെ സമൂഹത്തെ നിലനിർത്തുന്ന ചില പാട്രിയാർക്യൽ വാല്യൂസ് ജീവിതത്തിലും കലയിലും പിന്തുടരുന്നുണ്ട്. ഇതിനെ പ്രചരിപ്പിക്കുന്ന ഒരു പ്രധാന മീഡിയമാണ് ടെലിവിഷനും കോമഡി ഷോകളും മിമിക്രികളും സ്റ്റേജ് ഷോകളുമൊക്കെ.
അതിലൊക്കെ സ്ത്രീകൾ എന്നാൽ ഒന്നുകിൽ മണ്ടിയായ ഭാര്യ, കാമുകി, അല്ലെങ്കിൽ അലമ്പുണ്ടാക്കുന്ന 'അമ്മ, അമ്മായിയമ്മ, ഭാര്യ, കാമുകി, വഴി പിഴച്ചു പോയ അയൽ വക്കത്തെ സ്ത്രീ .. സ്ത്രീ എന്നാൽ ഇതൊക്കെയാണ് കോമഡി ഷോകളിൽ. അല്ലെ? ഹീറോ എന്നാലോ? വെളുത്തു തുടുത്തു നല്ലവൻ. 

സ്ത്രീകളെ സംരക്ഷിക്കുന്നവൻ, മാന്യൻ  വില്ലൻ എന്നാൽ മദ്യപാനി, റേപ്പിസ്റ് , അശ്ലീലം പറയുന്നവൻ ഇത്തരത്തിൽ പൊതുബോധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ടെലിവിഷൻ കലകൾ. തമാശയാണെന്ന രീതിയിൽ പച്ചക്ക് സ്ത്രീ വിരുദ്ധത പറയുന്നതും ഹോമോഫോബിയ പറയുന്നതും ബോഡി ഷെയ്മിങ് നടത്തുന്നതും സ്ലട് ഷെയ്മിങ് നടത്തുന്നതും അവിടെ സാധാരണമാണ്. അതിലെ വൃത്തികേട് ആരും എവിടെയും ചൂണ്ടിക്കാണിക്കാറില്ല. മിക്ക സ്റ്റേജ് ഷോകളിലും ഇങ്ങനെയൊക്കെയാണ് തമാശ ഉണ്ടാക്കുന്നത്. സ്ത്രീകളെ അപമാനിച്ചു കൊണ്ട്, കറുത്തവരെ പരിഹസിച്ചു കൊണ്ട്, ട്രാൻസ്‌ജെണ്ടറുകളെ കളിയാക്കിക്കൊണ്ട്.

എന്നാൽ ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിൽ പാഷാണം ഷാജി കോടതി മുന്നാകെ കുറ്റം സമ്മതിക്കുന്നു. അതിലെ പ്രശ്നം എന്താണെന്നു ഷാജി തിരിച്ചറിയുന്നു. എന്താണതിന്റെ കാരണം എന്നും ഷാജി തിരിച്ചറിഞ്ഞു കൊണ്ട് മാപ്പ് പറയുന്നു. ഇതാണതിലെ പ്രധാനപ്പെട്ട മുഹൂർത്തം. എന്താണ് പൊതുബോധത്തിന്റെ പ്രശ്നം, എന്താണിത്തരം തമാശയിൽ പ്രശ്നം എന്ന്  സഹോദരിമാർ പറഞ്ഞപ്പോൾ ഷാജിക്ക് മനസിലായി. പലരും പലതിനും സോറി പറയാറുണ്ടെങ്കിലും അതിന്റെ കാരണം തിരിച്ചറിഞ്ഞു മാപ്പ് പറയുന്നത് അപൂർവമാണ്.

Read more atഅശ്ലീല പരാമര്‍ശം, അമൃതയോടും അഭിരാമിയോടും ക്ഷമ പറഞ്ഞു പാഷാണം ഷാജി...

എന്തുകൊണ്ട് പാട്രിയാർക്കൽ ആവുന്നു തമാശകൾ എന്നും, സെറ്റപ്പ് എന്തുകൊണ്ട് തമാശയല്ല എന്നും  ഷാജിക്ക് മനസിലായി. ജീവിതവുമായി ബന്ധപ്പെട്ടതാണ് പൊളിറ്റിക്കൽ കറക്ട്നെസും പൊളിറ്റിക്‌സും എന്ന് തിരിച്ചറിവ് ഷാജിക്കുണ്ടാവുന്നു. ബിഗ് ബോസ് ഈ എപ്പിസോഡിലൂടെ ഒരു കലാകാരന് തന്റെ കലയെ മിമിക്രിയെ , സ്റ്റേജ് ഷോയെ ക്രിട്ടിക്കലി ഇവാലുവേറ്റ്  ചെയ്യാൻ വിമർശനാത്മകമായി വിലയിരുത്താൻ  അവസരം നൽകി. 

തന്റെ കലയിലെ പ്രശ്നത്തെ തിരിച്ചറിഞ്ഞ ഷാജി ഇനിയാണ് വലിയ കലാകാരനാകാന്‍ പോകുന്നത്. ഷാജിയുടെ ജീവിതത്തിലെയും ഒരു ടേണിങ് പോയിന്റാണ് ഈ എപ്പിസോഡ്.  ഇത്രയും കാലം കലകൾ, അതിലെ തമാശകൾ എങ്ങനെ സ്ത്രീകളെ ചിത്രീകരിച്ചു എന്ന് പ്രേക്ഷകർക്കും മനസിലായി. അതിനാലാണ് ഇത് വരെയുള്ള ബിഗ് ബോസ് എപ്പിസോഡുകളിലെ ഒരു ഗോൾഡൻ എപ്പിസോഡാണ് ഇത് എന്ന് പറഞ്ഞത്.

ഷോയുടെ തുടക്കത്തിൽ നമ്മൾ വീണയെ കണ്ടിട്ടുള്ളത് പൊതുബോധത്തിന്റെ വക്താവായിട്ടാണ്. നമ്മൾ അറിയുന്ന വില്ലൻ ഇങ്ങനെയല്ലേ  എന്ന് ഇന്നും വീണ പറയുന്നുണ്ട്. നമ്മൾ അറിയുന്ന വില്ലനെ ഷാജി അവതരിപ്പിച്ചതിൽ എന്താണ് തെറ്റ് എന്ന് വീണക്ക് മനസിലായിട്ടില്ല. വീണയുടെയും നമ്മളുടേയുമൊക്കെ പൊതുബോധത്തിൽ ഇത് എത്രമാത്രം പതിഞ്ഞു ആഴത്തിൽ വേരോടി കിടക്കുന്നു എന്നതാണ് ഇതിൽ നിന്നും മനസിലാവുന്നത്.

ഇതാണ് സിനിമയിലും സീരിയലിലും നടക്കുന്നത് എന്ന് വീണ എന്ന ആർട്ടിസ്റ്റ് എടുത്തു പറയുകയാണ്.ഷാജി സഹോദരിമാരോട് പിന്നീട് ഇതേ കാര്യം പറയുന്നുണ്ട്. നിങ്ങൾ അഭിനേതാക്കളില്ലാത്തതു കൊണ്ടാണ് നിങ്ങൾക്ക് ഇതിലെ തമാശ മനസിലാവാത്തത് എന്ന്. ശരിയാണ്. ഇത്തരം സ്റ്റേജ് ഷോകളിലും മിമിക്രിയിലും കോമഡി ഷോയിലും ഒക്കെ അഭിനയിക്കുന്ന ആണിന്റെയും പെണ്ണിന്റെയും വിചാരം ഇതൊക്കെ ചിരിക്കാനുള്ള തമാശകൾ മാത്രമാണെന്നാണ്. അതിനു, പൊതുബോധത്തിനു ഒരു തിരുത്തൽ ഉണ്ടായ എപ്പിസോഡായിരുന്നു ഇന്നത്തേത്.

ഇത് കൊണ്ടൊക്കെയാണ് ബിഗ് ബോസ് ഒരു സാമൂഹിക പരീക്ഷണ ശാല കൂടിയാവുന്നത്. പക്ഷെ ഒരു കാര്യം കൂടി പറയാനുണ്ട്. കോടതി എന്ന് വച്ചാൽ എല്ലാവര്‍ക്കും നീതി കിട്ടാനുള്ള ഇടമാണ്. എന്നാൽ ബിഗ് ബോസിലെ കോടതി ഭൂരിപക്ഷത്തിന്റെ അഭിപ്രായം നോക്കി വിധി പ്രസ്താവിക്കുന്ന അതിവിചിത്രമായ കോടതിയാണ്. മനുഷ്യരായി ജനിച്ച ഓരോരുത്തരുടെയും ഏറ്റവും വലിയ ഭയം എന്ന് പറയുന്നത് തന്നെ ഭൂരിപക്ഷം വിധി പ്രസ്താവിക്കുന്നതും നീതി നിശ്ചയിക്കുന്നതും ന്യുനപക്ഷം തഴയപ്പെടുന്നതുമാണ്.

ബിഗ് ബോസ് കോടതിയിൽ വന്ന എല്ലാ വിഷയങ്ങളിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായമായിരുന്നു വിധി. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ ബിഗ് ബോസ് സഹോദരിമാർ പാഷാണം ഷാജിക്കെതിരെ ഫയൽ ചെയ്ത കേസിൽ ഭൂരിപക്ഷവും സഹോദരിമാരെ പിന്തുണച്ചു. ഷാജി മാപ്പ് പറഞ്ഞു. സഹോദരിമാർ സന്തോഷവതികളായി. ഒരു വലിയ പ്രശ്നം പരിഹരിക്കപ്പെട്ടതിൽ ബിഗ് ബോസും ഹാപ്പിയായി. പൊതുബോധത്തെ തിരുത്തിയ എപ്പിസോഡ് ആയതു കൊണ്ട് നമ്മളും ഹാപ്പി. 

click me!