ബിഗ് ബോസ്സില്‍ കഴിഞ്ഞ ദിവസം മുതല്‍ ടാസ്‍ക് നടക്കുകയാണ്. ഓരോ മത്സരാര്‍ഥിയും പോയന്റുകള്‍ക്കായി ടാസ്‍ക്കില്‍ പങ്കെടുക്കുന്നു. ടാസ്‍ക്കുകള്‍ സംഘര്‍ഷത്തിലേക്കും കയ്യാങ്കളിയിലേക്കും എത്താറുണ്ട്. കോടതി മുറിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ടാസ്‍ക്ക് നടക്കുന്നത്. കോടതിയിലെ സംഭവത്തിനു ശേഷം അമൃത സുരേഷിനോടും അഭിരാമി സുരേഷിനോടും പാഷാണം ഷാജി ക്ഷമ പറഞ്ഞതാണ് ഇന്നത്തെ പ്രധാന കാര്യം.

ഒരു ടാസ്‍ക്കില്‍ പാഷാണം ഷാജി അശ്ലീലം പറഞ്ഞതിന് എതിരെ അമൃത സുരേഷും അഭിരാമി സുരേഷും കോടതി ടാസ്‍ക്കില്‍ പരാതി നല്‍കിയിരുന്നു. പരാതി ന്യായമാണെന്ന് തീര്‍പ്പുമുണ്ടായി. ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ചായിരുന്നു കോടതി വിധി. സംഭവത്തിനു ശേഷം പാഷാണം ഷാജി അമൃതയെയും അഭിരാമിയെയും വിളിച്ച് സംസാരിച്ചു. ടാസ്‍ക്കിന്റെ ഭാഗമായി കഥാപാത്രമായി കണ്ടാണ് അങ്ങനെ പറഞ്ഞത് അല്ലാതെ ഒരു തരത്തിലും മോശമായി ഉദ്ദേശിച്ചിട്ടില്ലെന്ന് പാഷാണം ഷാജി പറഞ്ഞു. മിമിക്രി കളച്ചിട്ടല്ലേ ഞങ്ങളൊക്കെ വന്നത് അതുകൊണ്ട് അങ്ങനെയെ വരികയുള്ളൂവെന്ന് പാഷാണം ഷാജി പറഞ്ഞു. പോട്ടെ ചേട്ട എന്ന് അമൃത പറഞ്ഞു. ടാസ്‍ക്കായിട്ട് എടുത്തുവെന്ന് അഭിരാമി പറഞ്ഞു. എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സോറി എന്ന് പാഷാണം ഷാജി പറഞ്ഞു.

കിടപ്പറ പങ്കിടാൻ മത്സരിക്കുന്നവരായി തങ്ങളെ ചിത്രീകരിച്ചുവെന്ന് അഭിരാമിയും അമൃതയും പരാതിപ്പെട്ടിരുന്നു. സിനിമയല്ല, നാടകമല്ല, ഒരു റിയാലിറ്റി ഷോ അതിനാല്‍ അങ്ങനെ പറഞ്ഞത് ശരിയാണോ എന്നാണ് അമൃത ചോദിച്ചത്. ഗബ്ബാര്‍ സിംഗ് എന്ന തന്റെ കഥാപാത്രം ഭംഗിയാക്കാനാണ് താൻ അങ്ങനെ പറഞ്ഞത് എന്ന് പാഷാണം ഷാജി പറഞ്ഞു.

എന്നാല്‍ എന്തിന്റെ പേരിലായാലും രണ്ട് സ്‍ത്രീകളെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് അമൃത പറഞ്ഞു. നേരത്തെ പറഞ്ഞുവച്ച തിരക്കഥയനുസരിച്ചല്ല പറഞ്ഞത് അതുകൊണ്ട് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു. സ്‍ത്രീ സമൂഹത്തെ മൊത്തമായി പ്രതിനിധീകരിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത് എന്നും അമൃതയും അഭിരാമിയും പറഞ്ഞിരുന്നു. ബിഗ് ബോസ് സമൂഹത്തിന്റെ പരിശ്ചേദമാണെന്നും എല്ലാവരും കാണുന്നത് ആണെന്നും സ്‍ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ടാസ്‍ക്കിന്റെ ഭാഗമായും സംസാരിക്കാൻ പാടില്ലെന്നും അമൃത പറഞ്ഞു. പാഷാണം ഷാജി പറഞ്ഞത് ശരിയാണോ അല്ലയോ എന്ന കാര്യമാണ് അറിയേണ്ടത് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതിനു ശേഷം കാഴ്‍ചക്കാരുടെ അഭിപ്രായം ജഡ്‍ജി ആരാഞ്ഞപ്പോള്‍ അമൃതയുടെയും അഭിരാമിയുടെയും പരാതി ന്യായമാണ് എന്നായിരുന്നു ഭൂരിപക്ഷം പേരും പറഞ്ഞത്.

ആ സംഭവത്തിനു ശേഷമാണ് പാഷാണം ഷാജി അമൃതയെയും അഭിരാമിയെയും വിളിച്ച് സംസാരിച്ചതും വിഷമം വന്നിട്ടുണ്ടെങ്കില്‍ സോറിയെന്ന് പറഞ്ഞതും. സഹോദരിമാരെയൊക്കെ വളര്‍ത്തിയതാണ് മോശമായി സ്‍ത്രീകളോട് പറയാറില്ല എന്നും പാഷാണം ഷാജി പറഞ്ഞു. ബിഗ് ബോസ് അമൃതയെയും അഭിരാമിയെയും വിളിച്ച് സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു. പാഷാണം ഷാജിയുടെ ക്ഷമാപണത്തില്‍ തൃപ്‍തിയുണ്ടോയെന്ന് ചോദിച്ചു. പാഷാണം ഷാജി സംസാരിച്ചപ്പോള്‍ കാര്യം വ്യക്തമായി. ഇനി പ്രശ്‍നമില്ല, സന്തോഷമാണ് എന്നും അമൃതയും അഭിരാമിയും പറഞ്ഞു.