ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും; മലയാളികളേ യുഎഇയിൽ അവസരം, 50 ഒഴിവുകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്‍റ്

Published : Jun 19, 2026, 05:01 PM IST
nurse

Synopsis

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ ഹോം കെയർ മേഖലയിലേക്ക് 50 വനിതാ അസിസ്റ്റന്‍റ് നഴ്സ്മാരെ നിയമിക്കുന്നു. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് 3,500 ദിർഹം ശമ്പളത്തിൽ അപേക്ഷിക്കാം.  

തിരുവനന്തപുരം: യുഎഇയിലെ ഹോം കെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്‍റ് നഴ്സ് ഒഴിവുകള്‍. കേരള സർക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് വഴിയാണ് റിക്രൂട്ട്മെന്‍റ്. സൗജന്യമായ ഈ റിക്രൂട്ട്മെന്‍റിലൂടെ 50 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ 30 ആണ് അപേക്ഷകൾ അയയ്ക്കാനുള്ള അവസാന തീയതി.

ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആശുപത്രി, ക്ലിനിക്, അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള 20നും 40 നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. 3,500 ദിർഹം ആണ് ശമ്പളം. ഇതിനുപുറമെ ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും.

യുഎഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ പ്രക്രിയ പൂർത്തിയാക്കിയവർക്കും നിലവിൽ ഇതിനായുള്ള നടപടികൾ തുടരുന്നവർക്കും മുൻഗണനയുണ്ട്. ലൈസൻസ് ഇല്ലാത്തവർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അത് നേടിയാൽ മതിയാകും. കുറഞ്ഞത് അഞ്ച് അടി ഉയരമുള്ളവരായിരിക്കണം അപേക്ഷകർ. ബോഡി മാസ് ഇൻഡക്സ് കണക്കാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം ട്രാക്കിയോസ്റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രിവൻഷൻ, എൻജിടി/പിഇജി വഴിയുള്ള ഫീഡിങ് എന്നിവയിലുള്ള പ്രാവീണ്യവും നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വക സൗജന്യ താമസസൗകര്യവും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യവും ഉണ്ടായിരിക്കും. താമസസ്ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ ചെറിയ തോതിലുള്ള ബില്ലുകൾ (ഏകദേശം 100 മുതൽ 150 ദിർഹം വരെ) താമസിക്കുന്നവർ പങ്കിട്ടെടുക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ എംപ്ലോയ്മെന്റ് വീസയും സൗജന്യ മെഡിക്കൽ ഇൻഷുറൻസും നിയമനം ലഭിക്കുന്നവർക്ക് ഉറപ്പുനൽകുന്നു.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് കോപ്പി, നഴ്സിങ് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ തയ്യാറാക്കി ഒഡ്പെക്കിന്‍റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ ‘Assistant Nurse to UAE’ എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ അപ്ഡേറ്റുകൾക്കുമായി ഒഡ്പെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

PREV
Read more Articles on
click me!

Recommended Stories

സിവിൽ സർവീസ് പ്രിലിമിനറി ചോദ്യപേപ്പർ ചോർച്ച: വ്യാജവാർത്തയെന്ന് പിഐബി ഫാക്ട് ചെക്ക്; എൻഎസ്‍യുവിന്റെ ആരോപണം തളളി
ചോർച്ച അടയ്ക്കാൻ എത്തുന്നത് സിആർപിഎഫും സിഐഎസ്എഫും; നീറ്റ് പുഃനപരീക്ഷക്ക് 'ഇസഡ് പ്ലസ്' സുരക്ഷ, കേന്ദ്രസേനയെ വിന്യസിക്കും