NEET Exam Topper| ഇഷ്ടം ബയോളജി, ഓങ്കോളജിസ്റ്റാകണം; നീറ്റ് ഒന്നാം റാങ്ക് ജന്മദിന സമ്മാനമെന്ന് കാർത്തിക

Web Desk   | Asianet News
Published : Nov 03, 2021, 03:16 PM IST
NEET Exam Topper| ഇഷ്ടം ബയോളജി, ഓങ്കോളജിസ്റ്റാകണം; നീറ്റ് ഒന്നാം റാങ്ക് ജന്മദിന സമ്മാനമെന്ന് കാർത്തിക

Synopsis

ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് വിദ്യാർത്ഥികളാണ്. അതിലൊരാളാണ് കാർത്തിക. 720 ൽ 720 മാർക്കും നേടിയാണ് നീറ്റ് പരീക്ഷ പാസ്സായത്. 

ദില്ലി: കാർത്തിക നായർ (Karthika Nair) എന്ന പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഈ ഒന്നാം റാങ്ക് (First Rank) ഏറ്റവും പ്രിയപ്പെട്ട ജന്മദിന സമ്മാനമാണ് (Bithday Gift). പതിനെട്ടാമത്തെ പിറന്നാൾ ദിനത്തിലാണ് ഈ ചരിത്രവിജയം അവളെ തേടിയെത്തിയത്. അതുകൊണ്ട് തന്നെയാണ് ഇതുവരെ ലഭിച്ചതിൽ വച്ചേറ്റവും സന്തോഷിപ്പിക്കുന്ന ഒരു പിറന്നാൾ സമ്മാനമാണിതെന്ന് പറഞ്ഞത്. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ (NEET Exam) ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് വിദ്യാർത്ഥികളാണ്. അതിലൊരാളാണ് കാർത്തിക. 720 ൽ 720 മാർക്കും നേടിയാണ് നീറ്റ് പരീക്ഷ പാസ്സായത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടിമധുരമാണ്. നീറ്റ് പരീക്ഷ എഴുതിയതിൽ പെൺകുട്ടികളുടെ വിഭാ​ഗത്തിലെ ടോപ്പറും കാർത്തികയാണ്. 2021 നവംബർ ഒന്നിനാണ് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 

ഒന്നാം റാങ്ക് നേടിയ മൂന്ന് വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കു ലഭിച്ചിട്ടുണ്ട്. പരീക്ഷ ഫലത്തിനായി ആകാംക്ഷയോടെയാണ് കാത്തിരുന്നതെന്നും എന്നാൽ പിറന്നാൾ ദിനത്തിൽ തന്നെ ഫലം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കാർത്തിക മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. ഓങ്കോളജിസ്റ്റ് ആകണമെന്നാണ് കാർത്തികയുടെ ആ​ഗ്രഹം. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെങ്കിലും ഓങ്കോളജിയിലാണ് താത്പര്യം. ബയോളജിയാണ് ഇഷ്ടവിഷയം. 

തന്റെ വിജയത്തിന്റെ എല്ലാ കാരണവും മാതാപിതാക്കളാണെന്ന് ഈ വിദ്യാർത്ഥി പറയുന്നു. ഓരോ ദിവസവും തനിക്ക് പ്രചോദനവും പ്രോത്സാഹനവും നൽകിയത് അവരാണ്. തെറ്റുകളിൽ നിന്ന് പഠിക്കുക എന്ന ശൈലിയാണ് പഠനത്തിൽ പിന്തുടർന്നതെന്ന് കാർത്തിക പറയുന്നു. പരീക്ഷയിൽ വൻപിഴവുകൾ സംഭവിക്കുമെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഓരോ ദിവസവും കഠിനാധ്വാനം ചെയ്തു. അതുപോലെ തന്നെ ലോക്ക്ഡൗൺ സമയവും പഠിക്കാനായി വിനിയോ​ഗിച്ചു. ആവർത്തിച്ചുള്ള പഠനമാണ് വിജയത്തിലേക്കുള്ള വഴികാട്ടി. അതേ സമയം ക്ലാസുകൾ ഒഴിവാക്കുകയും ചെയ്യരുത്. അതുപോലെ തന്നെ പരീക്ഷയെഴുതി ശീലിക്കുന്നതും വിജയത്തെ എളുപ്പമാക്കും. കാർത്തിക വിശദീകരിച്ചു. 

മെഡിക്കൽ കോഴ്സുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷയിലെ മുഴുവൻ മാർക്കും നേടി.  720 ആണ് ആകെ മാർക്ക്. തെലങ്കാനയിൽ നിന്നുള്ള മൃണാൾ കുത്തേരി, ദില്ലിയിൽ നിന്നുള്ള തൻമയ് ​ഗുപ്ത, മഹാരാഷ്ട്രയിൽ നിന്നുള്ള കാർത്തിക നായർ എന്നിവരാണ് 720 മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടെടുത്തത്.  ഈ വർഷം 16,14,777 വിദ്യാർത്ഥികളാണ് നീറ്റ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വി​ദ്യാർത്ഥികളുടെ എണ്ണത്തിൽ 1.09 വർദ്ധനവുണ്ടെന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പറഞ്ഞു. ഇവരിൽ 15,44,275 പേർ പരീക്ഷക്ക് ഹാജരായി. 870074 പേർ യോ​ഗ്യത നേടി.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു