
കൺമുന്നിൽ കണ്ടുവളർന്ന കടലിൻ്റെ ആഴക്കാഴ്‌ചകളിലേക്ക് ഊളിയിട്ട് നീന്തുന്നൊരു ജലകന്യക. വേലിയേറ്റം പോലെ വിലങ്ങുതടിയായി നിന്ന പ്രതിസന്ധികളെ മറികടന്ന് താനൊരു ജലകന്യകയായി മാറുമെന്ന ദൃഢനിശ്ചയമാണ് ഷിജിലയെ ഇന്ന് ഈ ലക്ഷ്യത്തിലെത്തിച്ചത്. കുടുംബവും രോഗാതുരമായ ശരീരവും സാഹചര്യങ്ങളും തീർത്ത വേലിയേറ്റവും കടന്ന് തൻ്റെ ലക്ഷ്യതീരത്താണിപ്പോൾ ഷിജില. തിരുവനന്തപുരം ജില്ലയിലെ കരുംകുളം എന്ന തീരദേശ ഗ്രാമത്തിൽ നിന്നുള്ള ഈ 23കാരി ഇന്ന് കേരളത്തിൽ നിന്നുള്ള വിരലിലെണ്ണാവുന്ന ജലകന്യകമാരിൽ ഒരാളാണ്.
മലയാളിക്ക് അത്രയൊന്നും പരിചയമുള്ളതല്ല സാഹസിക വിനോദ സഞ്ചാര രംഗം. പരമ്പരാഗത പാഠ്യമേഖലകളിലൊന്നും ഈ മേഖലയിലേക്ക് പഠന അവസരങ്ങളില്ല. പിന്നെങ്ങനെയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, തിരുവനന്തപുരത്തെ കരുംകുളം എന്ന കടലോര ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിക്ക് ചിറകുവിരിച്ച് തൻ്റെ സ്വപ്നത്തിലേക്ക് പറക്കാനാവുക എന്നത് ചോദ്യമായിരുന്നു. അതും വൃക്ക രോഗത്തിൻ്റെ രൂപത്തിൽ ശരീരം തന്നെ വേലി തീർത്ത മതിൽക്കെട്ടിനുള്ളിൽ നിന്ന ഒരു പെൺകുട്ടി? അതാണ് ഷിജിലയെ വ്യത്യസ്തയാക്കുന്നത്.
കോവളത്തെ മൂന്ന് സ്‌കൂളുകളിലായാണ് ഷിജിലയുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായത്. സ്‌കൂബാ ഡൈവിങ് പഠിക്കണമെന്നായിരുന്നു ഷിജിലയുടെ ആഗ്രഹം. എന്നാൽ പാലോട്ടുവിളയിലെ കുഞ്ഞുവീടിനുള്ളിൽ നിന്ന് മകൾക്ക് എത്തിപ്പിടിക്കാനാവുന്നതാണോ ആ ലക്ഷ്യമെന്ന് അച്ഛൻ ജസ്റ്റിനും അമ്മ ഫെക്‌സിയും സംശയിച്ചു. ഒപ്പം പേടിയും. ഇതിനിടെയാണ് ഷിജിലയുടെ കിഡ്‌നിക്കകത്ത് ഒരു മുഴയും ഉള്ളതായി കണ്ടെത്തിയത്. ആഗ്രഹങ്ങൾക്ക് മേൽ പ്രതിസന്ധികളുണ്ടായ ഘട്ടത്തിലാണ് വഴുതക്കാട് വിമൻസ് കോളേജിൽ ബിരുദ പഠനത്തിന് അവസരം ലഭിച്ചത്. എന്നാൽ ഇക്കാര്യം വീട്ടുകാരറിയാതെ ഒളിച്ചുവെച്ചു. സമയത്തിന് അഡ്‌മിഷൻ എടുക്കാതെ പ്രവേശനത്തിനുള്ള അവസരം നഷ്ടമായി. കിഡ്‌നിയിലെ മുഴയ്ക്കുള്ള ചികിത്സ ഫലം കാണാൻ ശരീരത്തിന് ആയാസം കൊടുക്കരുതെന്നായിരുന്നു ഡോക്‌ടറുടെ നിർദേശം. എന്നിട്ടും ബിരുദ പഠനത്തിൻ്റെ അവസരം നഷ്ടപ്പെടുത്തിയതിൽ അവൾക്ക് ദുഃഖം തോന്നിയില്ല. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിൽ പിന്നീട് ജോലിക്ക് പോയി. അന്നും കടലാഴങ്ങൾ തനിക്ക് കിട്ടാക്കനിയാകുമെന്ന് അവൾ കരുതിയതേയില്ല.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള തുടക്കമിട്ട പ്രൊജക്‌ട് തിരയെന്ന പദ്ധതിയാണ് പിന്നീട് ഷിജിലയുടെ ജീവിതത്തിൻ്റെ ദിശമാറ്റിയത്. PADI (പ്രൊഫഷണൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്‌ടർ) സർട്ടിഫിക്കേഷനുള്ള ഈ ഡൈവ് മാസ്റ്റർ കോഴ്‌സിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ 20 ലക്ഷമാണ് നൽകിയത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് 20 യുവാക്കൾക്ക് സാഹസിക വിനോദ സഞ്ചാര രംഗത്ത് പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. ഷിജിലയ്ക്ക് ജ്യേഷ്‌ഠസഹോദരിയാണ് ഈ കോഴ്സിലേക്കുള്ള വഴികാട്ടിയത്. എന്നാൽ അപേക്ഷ സമർപ്പിച്ചപ്പോഴേക്കും അഡ്‌മിഷൻ പൂർത്തിയായിരുന്നു. അവസരം നഷ്ടമായെന്ന് കരുതിയ നിമിഷമായിരുന്നു അത്. പിന്നീടൊരു ദിവസം കിഡ്‌നിയിലെ മുഴയുടെ സ്ഥിതിയറിയാൻ ആശുപത്രി വരാന്തയിൽ സ്‌കാനിങ് ഫലവുമായി കാത്തിരിക്കുമ്പോഴാണ് ഷിജിലയ്ക്ക് സ്കോളർഷിപ്പോടെ കോഴ്‌സ് പഠിക്കാൻ അവസരം ലഭിച്ചതായുള്ള അറിയിപ്പ് വന്നത്. നേരത്തെ അഡ്‌മിഷൻ നേടിയ ആൾ പിന്മാറിയതാണ് നേട്ടമായത്. അന്ന് ഡോക്ടറെ കണ്ടപ്പോൾ രോഗം പൂർണമായി ഭേദമായെന്ന് കൂടി അറിഞ്ഞതോടെ ജീവിതത്തിൻ്റെ ഗതി തന്നെ മാറി.
കോവളത്തെ ബോണ്ട് ഓഷ്യൻ സഫാരി എന്ന സ്ഥാപനത്തിൽ കോവളം കടലിലായിരുന്നു ആദ്യ പരിശീലനം. പിന്നീട് കടൽക്ഷോഭമുണ്ടായപ്പോൾ ഇത് ഒരു ക്വാറിയിലേക്ക് മാറ്റി. സ്‌കൂബാ ഡൈവിങ് പരിശീലനത്തോടൊപ്പമാണ് ജലകന്യക (മെർമെയ്‌ഡ്) കോഴ്‌സിലും പരിശീലനം നേടാനാവുമെന്ന് വ്യക്തമായത്. സാഹസിക വിനോദസഞ്ചാര മേഖലയിൽ അവസരങ്ങളുടെ പുതിയ വാതിൽ അവിടെ തുറക്കുകയായിരുന്നു.
മാസങ്ങളോളം നീണ്ട പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഷിജില ഇന്ന് ഹരിയാനയിലെ ഗുരുഗ്രാമിലാണുള്ളത്. കോവളത്തെ ബോൺ സഫാരിയുടെ നേതൃത്വത്തിലുള്ള എക്സ്പോയിൽ മെർമെയ്‌ഡ് ആയാണ് പ്രവർത്തിക്കുന്നത്. ദിവസം മൂന്ന് മണിക്കൂറോളം വെള്ളത്തിനുള്ളിൽ ജലകന്യകയായി കാണികളെ അമ്പരപ്പിക്കുകയാണ് ഷിജില. വിദേശത്തടക്കം വലിയ തൊഴിൽ സാധ്യതയുള്ള സാഹസിക വിനോദസഞ്ചാര രംഗത്ത് മികവ് തെളിയിച്ച വിരലിലെണ്ണാവുന്ന മലയാളി പെൺകുട്ടികളിൽ ഒരാളാണ് അവർ. തിരയെത്ര വീശിയടിച്ചാലും പതറാതെ തുഴയുന്ന മത്സ്യത്തൊഴിലാളിയുടെ ചങ്കുറപ്പുള്ള ഈ പെൺകുട്ടി, സ്‌കൂബാ ട്രെയിനിങ് ഇൻസ്ട്രക്‌ടറായി മാറാനുള്ള ലക്ഷ്യമാണ് ഇപ്പോൾ മനസിൽ കുറിച്ചിട്ടിരിക്കുന്നത്. കൈയെത്തി പിടിക്കാവുന്ന ദൂരത്തിലാണ് ആ ലക്ഷ്യവും.