ഇവനെക്കൊണ്ടൊന്നും പറ്റില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ! 10-ാം ക്ലാസ് പാസായ ആദ്യ വിദ്യാർത്ഥി; ഗ്രാമത്തിന് ഉത്സവം

Published : May 06, 2025, 10:21 AM IST
ഇവനെക്കൊണ്ടൊന്നും പറ്റില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ! 10-ാം ക്ലാസ് പാസായ ആദ്യ വിദ്യാർത്ഥി; ഗ്രാമത്തിന് ഉത്സവം

Synopsis

ഗ്രാമത്തിൽ നിന്ന് പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസായ ആദ്യത്തെ വ്യക്തിയായ രാംകേവലിനെ ആഘോഷമാക്കി മാറ്റി നാട്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഒരു ബരാബങ്കി ഗ്രാമം വലിയ സന്തോഷത്തിലാണ്. മാര്‍ക്കിനും ഗ്രേഡിനും വേണ്ടിയുള്ള മത്സരങ്ങളുടെ കാലത്ത് ഒരു വിദ്യാര്‍ത്ഥിയുടെ പത്താം ക്ലാസിലെ വിജയം ഒരു ഗ്രാമം തന്നെ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. ഗ്രാമത്തിൽ നിന്ന് പത്താം ക്ലാസ് ബോർഡ് പരീക്ഷ പാസായ ആദ്യത്തെ വിദ്യാര്‍ത്ഥിയായ രാംകേവലിനെ ആഘോഷമാക്കി മാറ്റിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. 

ദളിത് വിഭാഗത്തിൽ നിന്നുള്ള ഏകദേശം 300 ഓളം ആളുകൾ താമസിക്കുന്ന നിസാമ്പൂർ ഗ്രാമത്തിൽ നിന്നാണ് രാംകേവൽ വരുന്നത്. കുടുംബത്തിലെ നാല് മക്കളിൽ മൂത്തവനാണ്. കുടുംബത്തെ പോറ്റാൻ പകൽ സമയങ്ങളിൽ ചെറിയ ജോലികൾ ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ രാത്രി വൈകി വരെ പഠിക്കുകയും ചെയ്താണ് രാംകേവൽ ഈ നേട്ടം സ്വന്തമാക്കിയത്. 

വിവാഹഘോഷങ്ങളിൽ ലൈറ്റുകൾ കൊണ്ടുപോകാറുണ്ടെന്നും ദിവസവും 250 മുതൽ 300 രൂപ വരെ സമ്പാദിക്കാറുണ്ടെന്നും രാംകേവൽ പറഞ്ഞു. ഞായറാഴ്ച ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും ആദരിച്ചു. പഠനത്തിൽ എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അടിസ്ഥാന വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുള്ള പ്രദേശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ, ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് ഒ പി ത്രിപാഠി കുട്ടിയെ ശ്രദ്ധിക്കുകയും സ്കൂളിൽ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തുവെന്ന് ഡി എം പറഞ്ഞു. 

തന്‍റെ അമ്മ ഒരു സ്കൂളിൽ പാചകം ചെയ്യുകയും അച്ഛൻ ഒരു കൂലിപ്പണിക്കാരനായി ജോലി ചെയ്യുകയാണെന്നും രാംകേവൽ പറഞ്ഞു. അവരെ സഹായിക്കാൻ വിവാഹഘോഷങ്ങളിൽ ലൈറ്റുകൾ കൊണ്ടുപോവുകയും ദിവസവും 250 മുതൽ 300 രൂപ വരെ സമ്പാദിക്കുകയും ചെയ്യുമായിരുന്നു. രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയ ശേഷം വീട്ടിലെ ഒരു സോളാർ വിളക്കിന്‍റെ വെളിച്ചത്തിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പഠിക്കുമായിരുന്നു. ഒരിക്കലും ഹൈസ്കൂൾ പാസാകില്ലെന്ന് പറഞ്ഞ് ഗ്രാമത്തിലെ ചില ആളുകൾ പരിഹസിച്ചിരുന്നു. പക്ഷേ, അവര്‍ക്ക് തെറ്റിപ്പോയെന്ന് തെളിയിക്കാൻ കഷ്ടപ്പെട്ടുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. 

നിസാമ്പൂരിനടുത്തുള്ള അഹമ്മദ്പൂരിലെ സര്‍ക്കാര്‍ സ്കൂളിലാണ് രാംകേവൽ പഠിക്കുന്നത്. കുടുംബത്തിന് കാര്യമായ വരുമാനം ഇല്ലാതിരുന്നിട്ടും, രാംകേവലിന്‍റെ മറ്റ് മൂന്ന് സഹോദരങ്ങളും പഠനം തുടരുന്നുണ്ട്. ഒരാൾ ഒമ്പതാം ക്ലാസിലും മറ്റൊരാൾ അഞ്ചാം ക്ലാസിലും ഏറ്റവും ഇളയയാൾ ഒന്നാം ക്ലാസിലുമാണ്. കഴിക്കാൻ പോലും തികയുന്നില്ല. ലളിതമായ കാര്യങ്ങൾക്കുപോലും കഷ്ടപ്പെടുകയാണ്. വിദ്യാഭ്യാസം അതിന് മാറ്റം വരുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും രാംകേവിന്‍റെ അമ്മ പുഷ്പദേവി പറഞ്ഞു. 

വിദ്യാർത്ഥിയുടെ നിശ്ചയദാർഢ്യത്തെ ഡിഐഒഎസ് ഒ പി ത്രിപാഠി പ്രശംസിച്ചു. ആ ഗ്രാമത്തിൽ നിന്ന് ബോർഡ് പരീക്ഷയെഴുതിയ ഏക വിദ്യാർത്ഥി രാംകേവലായിരുന്നു. നിസാമ്പൂർ ഗ്രാമത്തിൽ 2-3 കിലോമീറ്റർ ചുറ്റളവിൽ നിരവധി സർക്കാർ സ്കൂളുകൾ ഉണ്ടെങ്കിലും, അധികം വിദ്യാര്‍ത്ഥികൾ പ്രവേശനം നേടാറില്ല. ആളുകൾ കൂടുതലും ദരിദ്രരും ദിവസവേതനക്കാർ അല്ലെങ്കിൽ തൊഴിലാളികളുമായി ജോലി ചെയ്യുന്നവരുമാണെന്ന് ഒ പി ത്രിപാഠി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം