ആരാണ് തൊട്ടപ്പൻ; കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറയുന്നു

By Web TeamFirst Published Jun 3, 2019, 4:53 PM IST
Highlights

വിനായകൻ നായകനായെത്തുന്ന തൊട്ടപ്പൻ റിലീസിങ്ങിനൊരുങ്ങുകയാണ്.തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ കഥയാണ് തൊട്ടപ്പൻ. ഫ്രാൻസിസ് നൊറോണയുടെ കഥയില്‍ റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 28 തവണ മാറ്റിയെഴുതിയശേഷമാണ് തൊട്ടപ്പൻ എന്ന കഥ പൂർത്തിയായത് എന്ന് ഫ്രാൻസിസ് നൊറോണ പറയുന്നു. കഥ എഴുതി തുടങ്ങുമ്പോൾ നായികയ്ക്ക് പേരില്ലായിരുന്നു. താടിയിൽ രോമം ഉള്ളവൾ എന്നതിനാലാണ് കുഞ്ഞാട് എന്ന് പേരിട്ടത്. ആത്മകഥാംശം ഏറെയുള്ള കഥാപാത്രമാണ് കുഞ്ഞാടിന്റെതെന്നും ഒരാൾ ആണും പെണ്ണും ആവുന്നത് പെരുമാറ്റം കൊണ്ടാണെന്നും ഫ്രാൻസിസ് നൊറോണ പറയുന്നു. തൊട്ടപ്പൻ എന്ന കഥ, സിനിമ, വിനായകൻ.... ഫ്രാൻസിസ് നൊറോണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്നോട് സംസാരിക്കുന്നു

വിനായകൻ നായകനായെത്തുന്ന തൊട്ടപ്പൻ റിലീസിങ്ങിനൊരുങ്ങുകയാണ്.തൊട്ടപ്പനും കുഞ്ഞാടും തമ്മിലുള്ള വൈകാരികബന്ധത്തിന്റെ കഥയാണ് തൊട്ടപ്പൻ. ഫ്രാൻസിസ് നൊറോണയുടെ കഥയില്‍ റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 28 തവണ മാറ്റിയെഴുതിയശേഷമാണ് തൊട്ടപ്പൻ എന്ന കഥ പൂർത്തിയായത് എന്ന് ഫ്രാൻസിസ് നൊറോണ പറയുന്നു. കഥ എഴുതി തുടങ്ങുമ്പോൾ നായികയ്ക്ക് പേരില്ലായിരുന്നു. താടിയിൽ രോമം ഉള്ളവൾ എന്നതിനാലാണ് കുഞ്ഞാട് എന്ന് പേരിട്ടത്. ആത്മകഥാംശം ഏറെയുള്ള കഥാപാത്രമാണ് കുഞ്ഞാടിന്റെതെന്നും ഒരാൾ ആണും പെണ്ണും ആവുന്നത് പെരുമാറ്റം കൊണ്ടാണെന്നും ഫ്രാൻസിസ് നൊറോണ പറയുന്നു. തൊട്ടപ്പൻ എന്ന കഥ, സിനിമ, വിനായകൻ.... ഫ്രാൻസിസ് നൊറോണ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്നോട് സംസാരിക്കുന്നു

ആരാണ് തൊട്ടപ്പൻ?

കഥ എഴുതുമ്പോൾ ആദ്യം ഇട്ടിരുന്ന പേര് തലതൊട്ടപ്പൻ എന്നാണ്. അത് കുറച്ചു കൂടി സുപരിചിതവുമാണ്. പക്ഷെ  ആംഗ്ലോ ഇന്ത്യക്കാരുടെ ഇടയിൽ തലതൊടുന്ന ആളെ, ഗോഡ്‍ഫാദറിനെ കുട്ടികൾ വിളിക്കുന്നതു തൊട്ടപ്പാ എന്നാണ്. തലതൊട്ടപ്പാ എന്ന വിളിയെക്കാൾ സ്നേഹവും ആർദ്രതയും അലിവുമുണ്ട് തോട്ടപ്പാ എന്ന വിളിയിൽ. തൊട്ടപ്പനും തൊട്ടമ്മയും തിരികെ കുട്ടിയെ വിളിക്കുന്നതാകട്ടെ പീലാസെ എന്നും. മാമോദിസ ചടങ്ങിൽ ആണ് തൊട്ടപ്പനെയും തൊട്ടമ്മയേയും തീരുമാനിക്കുന്നത്. പിന്നീടുള്ള എല്ലാ പ്രധാന ചടങ്ങുകൾക്കും അപ്പനേക്കാളും അമ്മയെക്കാളും പ്രാധാന്യം തൊട്ടപ്പനും തൊട്ടമ്മക്കും ആയിരിക്കും.  മതപരമായും വൈകാരികമായും ഏറെ പ്രാധാന്യമുള്ള തീവ്രമായ ഒരു ബന്ധമാണ് അത്. മരണം വരെ നീണ്ടുനിൽക്കുന്ന ഒന്ന്.

വിശ്വസിക്കാനാവാതെ ഷാനവാസിന്റെ കാൾ

മാതൃഭൂമിയിൽ കഥ പ്രസിദ്ധീകരിച്ച് ഒരാഴ്‍ച കഴിഞ്ഞപ്പോഴേക്കും ആണ് ഷാനവാസ് വിളിച്ചത്. ഞാൻ കരുതിയത് കൂട്ടുകാർ ആരോ വിളിച്ചു കളിയാക്കുകയാണെന്നാണ്. താൻ കിസ്‍മത്ത് ചെയ്‍ത ആളാണെന്നും കഥ സിനിമ ആക്കാൻ ആഗ്രഹമുണ്ടെന്നും ഷാനവാസിന് എന്നെ വിശ്വസിപ്പിക്കേണ്ടതായി വന്നു. കിസ്‍മത്ത് എനിക്കേറെ ഇഷ്‍ടപ്പെട്ട സിനിമ ആണ്. അദ്ദേഹം എന്റെ കഥ വേണം എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. പ്രളയവും മറ്റുമായി ഒരുപാട് തടസങ്ങൾക്ക് ശേഷമാണ് സിനിമ പൂർത്തിയായത്. കടമക്കുടി ആയിരുന്നു പ്രധാന ലൊക്കേഷൻ. പ്രളയത്തിൽ അങ്ങോടുള്ള അപ്പ്രോച്ച് റോഡ് തകർന്നതിനാൽ ഷൂട്ടിങ് കുറച്ച് നീണ്ടുപോയി.

കഥ സിനിമയാകുമ്പോൾ

എന്റെ കഥ സിനിമ ആകുമ്പോൾ അത് എത്രമാത്രം വിജയിക്കും എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് കഥ അങ്ങനെതന്നെ എടുക്കുകയല്ല മാറ്റങ്ങൾ ഉണ്ടെന്നു ഷാനവാസ് പറഞ്ഞത്. പ്രാഥമികമായ ചർച്ചകൾക്കു ശേഷമാണ് സിനിമ എങ്ങിനെ ആകണം എന്ന കാര്യങ്ങൾ ഉറപ്പിച്ചത്. റഫീക്കിനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ച ശേഷം തലതൊട്ടപ്പനെകുറിച്ചും പള്ളിയിലെ ചടങ്ങുകൾക്കുറിച്ചും മറ്റും അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. മതപരമായ കാര്യങ്ങളും ആംഗ്ലോഇന്ത്യക്കാരുടെ സംസ്കാരവും മറ്റുമാണ് കൂടുതലായും സംസാരിച്ചിട്ടുള്ളത്.


തൊട്ടപ്പനിലെ കഥാപാത്രങ്ങൾ

ഇതിലെ കഥാപാത്രങ്ങൾ എല്ലാം എനിക്ക് പരിചിതരാണ്. എനിക്ക് ചുറ്റുമുള്ള എന്നെ ഏറെ ആകർഷിച്ച പലരുടെയും സ്വഭാവങ്ങൾ കൂടിച്ചേർന്ന ആളാണ് തൊട്ടപ്പൻ. എനിക്കറിയാവുന്ന എന്നെ ഏറെ അലട്ടിയിട്ടുള്ള പല കഥാപാത്രങ്ങളെയും ഇതിൽ കൊണ്ടുവന്നിട്ടുണ്ട്. എന്റെ നാടും പരിചിതമായ പല അനുഭവങ്ങളും ഇതിലുണ്ട്. ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന കഥയാണ് തൊട്ടപ്പൻ. തൊട്ടപ്പനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ഞാടും. ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണത്. കഥയിലെ എല്ലാ കഥാപാത്രങ്ങളും സിനിമയിലും ഉണ്ട്. തൊട്ടപ്പൻ, കുഞ്ഞാട്, അദ്രുമാൻ, സുലേഖ ടീച്ചർ, വില്ലൻ, അദ്രുമാന്റെ ഭാര്യ, തൊട്ടപ്പന്റെ കാമുകി, തൊട്ടപ്പന്റെ ഭാര്യ, കുഞ്ഞാടിന്റെ അമ്മ അങ്ങിനെ. കഥയിലെ പല രംഗങ്ങളും അങ്ങിനെ തന്നെ സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്.

വിനായകൻ എന്ന നടൻ

തൊട്ടപ്പൻ ഒരു കള്ളനാണ്. കഥാപാത്രത്തിന്റെ ശരീരഭാഷ, നടപ്പു എല്ലാം വളരെ ഭംഗിയായി ചെയ്‍തിട്ടുണ്ട് അദ്ദേഹം. കുഞ്ഞാടിനെയും കൊണ്ട് അലഞ്ഞു നടക്കുന്ന,  രാത്രികാലങ്ങളിൽ സെക്കൻഡ്ഷോക്ക് പോകുന്ന അവളുടെ എല്ലാമായ ആളാണ് തൊട്ടപ്പൻ. ആംഗ്ലോഇന്ത്യക്കാരുടെ പല ജീവിത രീതികളും ഇതിൽ ആവിഷ്കരിച്ചിട്ടുണ്ട്. കള്ളന്റെ ചടുലനീക്കങ്ങളും അമ്മയുടെ വാത്സല്യവും ഉള്ള ആളാണ് തൊട്ടപ്പൻ. തൊട്ടപ്പനേക്കാൾ ഏറെ തൊട്ടമ്മ ആയി മാറുന്ന വിനായകനെ നിങ്ങള്‍ക്ക് സിനിമയിൽ കാണാൻ ആവും. രൗദ്രതയും വന്യതയും ഉള്ള ഒരാളായിരിക്കെ തന്നെ ഒരു കുട്ടിയെ വളർത്തിക്കൊണ്ടു വരുന്ന അമ്മയുടെ വാത്സല്യവും ഉള്ള തൊട്ടപ്പനായാണ് വിനായകൻ നിങ്ങളുടെ മുന്നിൽ എത്തുന്നത്.

click me!