'സംവിധാനം ഉടനില്ല, അഭിനയം റിയലിസ്റ്റിക് ആകണമെന്ന് പറഞ്ഞത് വാപ്പച്ചി'; ഷെയ്ന്‍ നിഗവുമായി അഭിമുഖം

By Reshma VijayanFirst Published May 18, 2019, 5:31 PM IST
Highlights

സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കായികാധ്വാനം നന്നായി വേണ്ടിവരും. ചിലപ്പോള്‍ പരിക്കുകള്‍ പറ്റും. വലിയപെരുന്നാളിലെ സംഘട്ടന രംഗത്തിനിടെ കൈയ്ക്ക് പരിക്ക് പറ്റിയിരുന്നു. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ടീമാണ് എങ്കില്‍ റൊമാന്‍സും ഡാന്‍സും ഫൈറ്റുമെല്ലാം എളുപ്പമാണ്. 

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയുടെ നായക നിരയിലേക്ക് പുഞ്ചിരിച്ചുകൊണ്ട് കടന്നുവന്ന ചെറുപ്പക്കാരന്‍ ഇന്ന് സ്വാഭാവിക അഭിനയശൈലിയുടെ വക്താക്കളിലൊരാളായി ഉയര്‍ന്നിരിക്കുന്നു. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ 'കിസ്മത്ത്' തിരുത്തിയ ഷെയ്ന്‍ നിഗം യുവനായകന്‍മാരില്‍ ശ്രദ്ധേയനായതും സ്വതസിദ്ധമായ അഭിനയരീതി കൊണ്ടാണ്. ഷെയ്ന്‍  നായകനായ ഏറ്റവും പുതിയ ചിത്രം 'ഇഷ്‌ക്' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. കുറ്റിത്താടിയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി എത്തിയ  പുതിയ ലുക്കിനെക്കുറിച്ച്  ഷെയ്‌നോട് ചോദിച്ചാല്‍ പുഞ്ചിരിച്ചുകൊണ്ട് തന്നെ മറുപടി പറയും-' ഇപ്പോള്‍ മനസ്സ് നിറയെ ഇഷ്‌കാണ്'. ജീവിതം, സിനിമ. കരിയര്‍, ഇഷ്‌ക്... ഷെയ്ന്‍ നിഗം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ് 'ഇഷ്‌ക്'. ചിത്രത്തിലേക്ക് എത്തുന്നത് എങ്ങനെ?

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ സി വി സാരഥി  ഫോണില്‍ വിളിച്ച് ഒരു പുതിയ കഥയുണ്ട്, കഴിവുള്ള രണ്ട് ആളുകളുടേതാണ്. കഥ കേള്‍ക്കണം എന്നാവശ്യപ്പെട്ടു. കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രമാണെന്ന് തോന്നി. അങ്ങനെസിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. കഥയിലെ പുതുമയാണ് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. 

സംവിധായകനും ഛായാഗ്രാഹകനുമടക്കം നവാഗതരാണ് 'ഇഷ്‌കി'ന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ച്?

സിനിമ ചെയ്യാമെന്ന് സമ്മതിച്ച് കഴിഞ്ഞ് ചിത്രീകരണം തുടങ്ങാന്‍ കുറച്ച് സമയമുണ്ടായിരുന്നു. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നല്ല അടുപ്പം ഉണ്ടാക്കാന്‍ സാധിച്ചത് ഗുണകരമായി. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടീമുമായി ഇടപഴകാന്‍ കഴിഞ്ഞതുകൊണ്ട് അവരോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയില്ല. സ്വതന്ത്രരായി ആദ്യമാണെങ്കിലും സംവിധായകനും ഛായാഗ്രാഹകനും സിനിമാ മേഖലയില്‍ മുന്‍പരിചയം ഉള്ളവരാണ്. സഹസംവിധായകനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍. ക്യാമറാമാന്‍ ആന്‍സാര്‍ഷായും സിനിമാ രംഗത്ത് മുന്‍ പരിചയമുള്ളയാളാണ്. അതുകൊണ്ട് ഷൂട്ടിംഗിനിടയില്‍ പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ല. 

കുമ്പളങ്ങിയിലെ ബോബിയില്‍ നിന്ന് ഇഷ്‌കിലെ സച്ചിയായപ്പോള്‍ ലുക്കില്‍ വരുത്തിയ മാറ്റങ്ങള്‍?

കുമ്പളങ്ങി നൈറ്റ്‌സ് കഴിഞ്ഞ ഉടനെയാണ് 'ഇഷ്‌കി'ന്റെ ചിത്രീകരണം തുടങ്ങുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന ചില രൂപമാറ്റങ്ങള്‍ വേണമെന്ന സംവിധായകന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പല്ലില്‍ കമ്പി ഇട്ടത്. നിഷ്‌കളങ്കനായ ചെറുപ്പക്കാരനാണ് സച്ചി. അത്തരത്തില്‍ സാധാരണക്കാരനായ നായകനെ അവതരിപ്പിക്കാനാണ് മുടി വെട്ടിയതും ഷേവ് ചെയ്തതുമൊക്കെ. ലുക്കിലെ മാറ്റം സിനിമയ്ക്ക് അനിവാര്യമായിരുന്നു. 

എന്താണ് 'ഇഷ്‌കി'ലെ പുതുമ?

പ്രണയം മാത്രം പറയുന്ന സിനിമയല്ല ഇഷ്‌ക് എന്നത് തന്നെയാണ് മറ്റ് പ്രണയചിത്രങ്ങളില്‍ നിന്നും ഇഷ്‌കിനെ വ്യത്യസ്തമാക്കുന്നത്. കമിതാക്കളുടെ കഥ പറയുന്നതിനൊപ്പം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടി സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തില്‍ പ്രണയിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന ചില പ്രതിസന്ധികള്‍ വളരെ സത്യസന്ധമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.പ്രണയം പറയുന്നു എന്നുള്ളത് കൊണ്ട് അതൊരു മുഴുനീള പ്രണയ ചിത്രമായി ഒതുങ്ങുന്നില്ല. പ്രണയത്തിലൂടെ സമൂഹത്തിലേക്ക് പടരുന്ന ചില കാര്യങ്ങള്‍ ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഥയില്‍ ഒരു പുതുമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ചിത്രം തെരഞ്ഞെടുത്തത്.

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഏത് ഘടകത്തിനാണ് പ്രാധാന്യം നല്‍കുന്നത്?

ചില സിനിമകളെ സംബന്ധിച്ചിടത്തോളം അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക്  പ്രാധാന്യം കൊടുക്കും. മികച്ച ഒരു ടീമുണ്ടെങ്കില്‍ ആ സിനിമ തെരഞ്ഞെടുക്കാറുണ്ട്. അത് അവരോടുള്ള വിശ്വാസവും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാുള്ള താത്പര്യവും കൊണ്ടാണ്. കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള സിനിമകള്‍ അങ്ങനെ തെരഞ്ഞെടുത്തവയാണ്. കിസ്മത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ സമയത്താണ് കുമ്പളങ്ങി നൈറ്റ്‌സില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ മികച്ച ഒരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കഥയേക്കാള്‍ പ്രാധാന്യം നല്‍കിയത് ക്രൂവിനായിരുന്നു. മറ്റ് സിനിമകളില്‍ കഥയ്ക്കാണ് എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ചിത്രത്തിലെ മറ്റ് ഘടകങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. സംവിധായകന്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും ശ്രദ്ധിക്കും. പുതിയ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ആ ടീം ശക്തമാണോ എന്നും നോക്കാറുണ്ട്. 

കിസ്മത്ത് ടു ഇഷ്‌ക്, ഷെയ്ന്‍ നിഗം എന്ന അഭിനേതാവ് എത്രത്തോളം വളര്‍ന്നു?

എന്റെ അഭിനയം എത്രത്തോളം മെച്ചപ്പെട്ടു എന്ന് വിലയിരുത്തേണ്ടത് സിനിമ കാണുന്ന പ്രേക്ഷകരാണ്. സിനിമയില്‍ കൂടുതല്‍ അനുഭവ സമ്പത്തുള്ള മുതിര്‍ന്ന അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ എന്റെ അഭിനയത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഭിനയം കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നിയിട്ടുണ്ട്. എന്നാല്‍ അത് ബോധപൂര്‍വ്വം ആരെയും കണ്ട് പഠിച്ചതല്ല. വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഓരോ സിനിമയും പുതിയ പാഠങ്ങളാണ് നല്‍കുന്നത്. അങ്ങനെ വിലയിരുത്തുമ്പോള്‍ ഓരോ ചിത്രം കഴിയുമ്പോഴും അഭിനയം കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ സിനിമയുടെ സെറ്റും വ്യത്യസ്തമാണ്. സുഹൃത്തുക്കളായ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കുന്നതും സുഹൃദ് വലയത്തിന് പുറത്തുള്ള ആളുകളുടെയൊപ്പം പ്രവര്‍ത്തിക്കുന്നതും രണ്ട് അനുഭവങ്ങളാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് നല്‍കുന്നത്. ഓരോരുത്തരുടെ അടുത്തുനിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതൊക്കെ സിനിമ നല്‍കിയ പാഠങ്ങളാണ്. എല്ലാ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാന്‍ ഒരു അഭിനേതാവിന് സാധിക്കണം. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്.

സ്റ്റീവ് ലോപ്പസ് പോലെയുള്ള ചിത്രങ്ങള്‍ പഠനത്തിന് വേണ്ടി ഒഴിവാക്കിയിട്ടുണ്ട്. സിനിമകള്‍ ഒഴിവാക്കിയതില്‍ പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ?

ഒഴിവാക്കിയ സിനിമകളില്‍ പിന്നീട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടില്ല. ആ സാഹചര്യത്തില്‍ എനിക്ക് അതില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് എനിക്കുള്ള സിനിമയല്ല എന്നാണ് വിശ്വസിക്കുന്നത്. പിന്നീട് അതോര്‍ത്ത് കുറ്റബോധം തോന്നിയിട്ടില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്ന ചിത്രമായിരുന്നെങ്കില്‍ തീര്‍ച്ചയായും അതില്‍ അഭിനയിക്കുമായിരുന്നു. ഒഴിവാക്കേണ്ടി വന്നെങ്കില്‍ ആ ചിത്രം എനിക്കുള്ളതല്ല. മറ്റൊരാള്‍ക്ക് വേണ്ടിയുള്ളതാണ്.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഷെയ്ന്‍ നിഗം ആരാകുമായിരുന്നു?

അത് എനിക്ക് അറിയില്ല. എന്തായാലും സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളില്‍ തന്നെയാകും. ജീവിതത്തില്‍ സംഭവിച്ചതൊന്നും പ്ലാന്‍ ചെയ്തതല്ല. എന്‍ജിനീയറിങിന് രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് കിസ്മത്തിലേക്ക് എത്തിയത്. തൊട്ടടുത്ത വര്‍ഷം സിനിമ റിലീസായി. അതിന് ശേഷം സൈറ ബാനുവിലേക്ക് എത്തി. വീട്ടുകാരുടെ ആഗ്രഹം കൊണ്ടാണ് എന്‍ജിനീയറിങിന് ചേര്‍ന്നത്. എനിക്ക് താത്പര്യം സിനിമാ മേഖല തന്നെയായിരുന്നു. സംവിധാനം, ഛായാഗ്രഹണം, ഫോട്ടോഗ്രഫി എന്നീ മേഖലകളാണ് കൂടുതല്‍ ഇഷ്ടം. അഭിനയത്തിലേക്ക് എത്തിയില്ലായിരുന്നെങ്കില്‍ ക്യാമറ ഡിപ്പാര്‍ട്‌മെന്റില്‍ പ്രവര്‍ത്തിക്കുമായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സിനിമയില്‍ എത്തിയത് കൊണ്ടുതന്നെ അടുത്തത് എന്താണെന്നോ പ്രൊഫഷന്‍ ഏത് തെരഞ്ഞെടുക്കണമെന്നോ ചിന്തിക്കാനുള്ള സമയം ലഭിച്ചില്ല. 

ഷെയ്ന്‍ നിഗത്തിന്റെ സംവിധാനത്തില്‍ സിനിമ പ്രതീക്ഷിക്കാമോ?

എന്റേതായ ഒരു സിനിമ ചെയ്യണമെന്ന് തോന്നിയാല്‍ അതിന് സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സിനിമ ചെയ്യും. പ്ലാന്‍ ചെയ്യുന്ന പല കാര്യങ്ങളും നടക്കണമെന്നില്ല. അതൊക്കെ ജീവിതത്തില്‍ സംഭവിച്ചു പോകുന്നതാണ്. അത്തരത്തില്‍ സിനിമയുടെ മറ്റ് മേഖലകളിലേക്ക് കടക്കുകയാണെങ്കിലും അത് ഉടനെയൊന്നും ഉണ്ടാകില്ല. ഒരുപാട് സമയമെടുത്ത് തയ്യാറായതിന് ശേഷം മാത്രമെ എന്റേതായ സിനിമ പുറത്തുവരൂ. 

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. എന്നാല്‍ ഇതുവരെ സിനിമയില്‍ ഡാന്‍സ് ചെയ്തിട്ടില്ല. ബിഗ് സ്‌ക്രീനില്‍ ഷെയ്ന്റെ ഡാന്‍സ് എന്നാണ് കാണാന്‍ കഴിയുന്നത്?

ഡാന്‍സ് ചെയ്യാന്‍ ഇഷ്ടമാണ്.  അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന വിലയപെരുന്നാളില്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രം ഒരു സിനിമാറ്റിക് ഡാന്‍സറാണ്. അതുകൊണ്ട് തന്നെ ഡാന്‍സ് രംഗങ്ങളില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലും ഡാന്‍സ് സീക്വന്‍സുകള്‍ ഉണ്ട്. സിനിമയില്‍ ആവശ്യമായി വന്നാല്‍ ഡാന്‍സ് ചെയ്യാന്‍ താത്പര്യമാണ്.  

റൊമാന്‍സ് ഫൈറ്റ് ഡാന്‍സ്... ഏതാണ് കംഫര്‍ട്ടബിള്‍

ഫൈറ്റാണ് ചെയ്യാന്‍ ഏറ്റവും ഇഷ്ടം. സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കായികാധ്വാനം നന്നായി വേണ്ടിവരും. ചിലപ്പോള്‍ പരിക്കുകള്‍ പറ്റും. വലിയപെരുന്നാളിലെ സംഘട്ടന രംഗത്തിനിടെ കൈയ്ക്ക് പരിക്ക് പറ്റിയിരുന്നു. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ടീമാണ് എങ്കില്‍ റൊമാന്‍സും ഡാന്‍സും ഫൈറ്റുമെല്ലാം എളുപ്പമാണ്. 

അഭിനയിച്ച ചിത്രങ്ങളിലൊക്കെ  പ്രണയനായകനാണ്. സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

പ്രണയം പറയാത്ത സിനിമകള്‍ വളരെ കുറവാണ്. ഏത് സിനിമയാണെങ്കിലും അതിലൊരു പ്രണയം ഉണ്ടാകും. അത് നായകനും നായികയും തന്നെ ആവണമെന്നില്ല. അങ്ങനെ നോക്കുമ്പോള്‍ എല്ലാ സിനിമയിലും പ്രണയരംഗങ്ങളുണ്ട്. നായകന്‍-നായിക പ്രണയം പശ്ചാത്തലമാക്കി മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന സിനിമകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ സിനിമയിലും വ്യത്യാസമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതിന് വേണ്ടി വാശി പിടിച്ചാല്‍ അത്തരം സിനിമകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. ഇഷ്‌ക് പോലുള്ള സിനിമകള്‍ വ്യത്യസ്തത തോന്നിയവയാണ്. പ്രണയം മാത്രം പറയുന്ന പുതുമയില്ലാത്ത പ്രമേയങ്ങള്‍ ഒഴിവാക്കാറുണ്ട്. നായികയെ സ്വന്തമാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുന്ന നായകന്‍ കണ്ടുമടുത്ത ഒന്നാണ്. അങ്ങനെയുള്ള കഥകള്‍ ചെയ്യാറില്ല. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമകളില്‍ പോലും പ്രണയമുണ്ട്. വ്യത്യസ്തതയുള്ള സിനിമകളില്‍ അഭിനയിക്കണമെന്നുണ്ട്. എന്നാല്‍ വരുന്ന ഓഫറുകള്‍ കൂടുതലും അത്തരത്തിലുള്ളവയല്ല. 

ജീവിതത്തില്‍ നല്ല കാമുകനാണോ? 

അതെന്റെ കാമുകിമാരോട് ചോദിക്കേണ്ടി വരും. അവര്‍ക്ക് മാത്രമല്ലേ അത് വിലയിരുത്താന്‍ സാധിക്കുകയുള്ളൂ. കാമുകിമാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സിംഗിളാണ്. എന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ എന്നെ മാത്രമല്ല ഞാന്‍ പ്രണയിച്ചയാളെ കൂടി ബാധിക്കുന്ന കാര്യമാണ്. മറ്റൊരു വ്യക്തി ഉള്‍പ്പെടുന്ന കാര്യം പരസ്യമാക്കുന്നത് ശരിയല്ലല്ലോ. 

അസൂയ തോന്നിയ നടന്‍ ? 

അസൂയ തോന്നിയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എന്റെ പരിമിതിക്ക് ഉള്ളില്‍ നില്‍ക്കുന്ന അഭിനയം മാത്രമെ എനിക്ക് കാഴ്ചവയ്ക്കാന്‍ സാധിക്കൂ. ശൂന്യതയില്‍ നിന്നും അഭിനയം പഠിച്ചുവരുന്ന ഞാന്‍ മികച്ച അഭിനേതാക്കളെ കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല. പ്രചോദനമായ അഭിനേതാക്കളുണ്ട്. ഫഹദിക്ക(ഫഹദ് ഫാസില്‍)യുടെ അഭിനയം പ്രചോദനമായിട്ടുണ്ട്. അതുപോലെ ലാലേട്ടന്‍, മമ്മൂക്ക ഉള്‍പ്പെടെയുള്ളവരുടെ അഭിനയശൈലിയും സ്വാധീനിച്ചിട്ടുണ്ട്. ഓരോ സമയത്തും ഇഷ്ടങ്ങള്‍ മാറും. ചിലപ്പോള്‍ ഒരു സമയത്ത് ഇഷ്ടം തോന്നുന്ന സിനിമകള്‍ ഒരു കാലഘട്ടം കഴിഞ്ഞാല്‍ അതേ ഇഷ്ടം തോന്നണമെന്ന് നിര്‍ബന്ധമില്ല. 

സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ വാപ്പച്ചി നല്‍കിയ ഉപദേശം?

സിനിമയിലേക്ക് എത്തുന്നതില്‍ വാപ്പച്ചി(അബി) പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കൂടുതല്‍ റിയലിസ്റ്റിക് ആകുക എന്ന ഉപദേശമാണ് നല്‍കിയത്. അഭിനയം ആണെന്ന് തോന്നാത്ത വിധം കഥാപാത്രത്തോട് നീതി പുലര്‍ത്തുക എന്നത് മാത്രമാണ് വാപ്പച്ചി നല്‍കിയ ഉപദേശം. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ആ രംഗം വിശ്വസിക്കാന്‍ പറ്റുന്ന വിധത്തില്‍ അഭിനയിക്കാന്‍ സാധിക്കണം. വര്‍ക്ക് ചെയ്യുന്ന സാഹചര്യവും സിനിമയും സ്വാധീനിക്കും. പക്ക കൊമേഴ്‌സ്യല്‍ സിനിമയില്‍ റിയലസ്റ്റിക് ആകാന്‍ ബുദ്ധിമുട്ടാണ്. പരമാവധി നാച്യുറലാകാന്‍ ശ്രമിക്കാറുണ്ട്. 

click me!