മനോഹരിയായ വാരണാസി, പ്രകടനങ്ങളിൽ മുന്നേറുന്ന 'ചിന്ന ചിന്ന ആസൈ'; റിവ്യൂ

Published : Jun 19, 2026, 03:40 PM IST
chinna chinna aasai

Synopsis

മനുഷ്യരുടെയുള്ളിലെ 'ചിന്ന ചിന്ന ആസൈകളും' അതുപൂർത്തിയാകുമ്പോൾ ലഭിക്കുന്ന മോക്ഷവുമാണ് സിനിമയുടെ ഫിലോസഫി.

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്ത 'ചിന്ന ചിന്ന ആസൈ', മനുഷ്യ ജീവിതത്തെ പൂർണ്ണമാക്കുന്ന 'ചിന്ന ചിന്ന ആസൈ'കളെക്കുറിച്ചാണ്. വാരണാസിയിൽ ഒറ്റപ്പെട്ടുപോകുന്ന ലീല എന്ന തമിഴ് സ്ത്രീയുടെ കഥയാണ് ഒറ്റവാചകത്തിൽ ചിത്രം. ഫീൽ ഗുഡ് എന്ന ഴോൺറയിൽ ആയിരിക്കുമ്പോൾ തന്നെ വൈകാരിക നിമിഷങ്ങൾ സമ്മാനിക്കുന്ന കഥപറച്ചിൽ രീതി. മനോഹരമായ ഒരു ചെറുകഥയോ നോവലോ ഒക്കെ വായിക്കുന്നതു പോലെ മനസറിഞ്ഞു കണ്ടുതീർക്കാവുന്ന രണ്ടു മണിക്കൂർ.

കോഴിക്കോട്ടുകാരൻ റിട്ട. യുപി സ്കൂൾ അധ്യാപകനാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന മാധവൻ മാഷ്. ബനാറസ് യൂണിവേഴ്സിറ്റിയിൽ കഥക് പഠിക്കുന്ന മകളെ(അപർണ ബാലമുരളി) കാണാൻ വാരണായിസിൽ എത്തുക പതിവാണ്. അങ്ങെയൊരു യാത്രയിലാണ് മധു അവതരിപ്പിക്കുന്ന ലീലയെ മാധവൻ മാഷ് യാഥൃശ്ചികമായി കണ്ടുമുട്ടുന്നത്. ജീവിതത്തിൻ്റെ വലിയൊരു ഘട്ടവും കുടുംബത്തിനായി ജീവിച്ചു തീർത്തവരാണ് ഇരുവരും. ചെറുപ്പത്തിൽ അച്ഛൻ പറഞ്ഞു കേട്ട കഥകളിലെ വാരണാസിയിലേയ്ക്ക് മധ്യവയസിൽ ലീലയെത്തുന്നത് അന്നുണ്ടായിരുന്നതു പോലെ ഒരു ദിവസം അവൾക്ക് അവളായി ജീവിക്കാനാണ്. മുമ്പൊരിക്കലും അനുഭവിക്കാത്തവിധം അന്തസ്സും സമാധാനവും പ്രണയവും കരുതലുമെല്ലാം അവളവിടെ അനുഭവിക്കുന്നുണ്ട്.

'ഹോളി ലാൻഡ് ഓഫ് ഡെത്ത്' എന്ന ഫിലോസഫിയാണ് വാരണാസി. മോക്ഷം തേടി ലക്ഷങ്ങൾ ഒഴുകിയെത്തുന്നിടം. ഒരു കഥാപശ്ചാത്തലം മാത്രമായല്ല സംവിധായിക വാരണാസിയെ സെറ്റ് ചെയ്തിരിക്കുന്നത്. മാധവനും ലീലയ്ക്കുമൊപ്പം ഒരു കഥാപാത്രമാണ് അവിടം. ഒറ്റപ്പെടലിൽ നിന്ന്, വേദനകളിൽ നിന്ന് ജീവിതത്തിൽ നിന്ന് തന്നെയുള്ള മോക്ഷം തേടിയാണ് ആളുകൾ വാരണാസിയിൽ എത്തുന്നത്. എന്നാൽ മനുഷ്യരുടെയുള്ളിലെ 'ചിന്ന ചിന്ന ആസൈകളും' അതുപൂർത്തിയാകുമ്പോൾ ലഭിക്കുന്ന മോക്ഷവുമാണ് സിനിമയുടെ ഫിലോസഫി.

മനോഹരമായി ഒപ്പിയെടുത്ത വാരണാസിയും അതിനെ പ്രേക്ഷകരിലേയ്ക്ക് അലിയിച്ച പശ്ചാത്തല സംഗീതവും ഒപ്പം അഭിനേതാക്കളുടെ പ്രകടനങ്ങളുമാണ് ചിത്രത്തെ മനോഹരമാക്കുന്നത്. വാരണാസിയിലെ ഘാട്ടുകളിലാണ് പൂർണ്ണമായും ചിന്ന ചിന്ന ആസൈ കഥപറയുന്നത്. സംഭാഷണങ്ങളിലൂടെ പോകുന്ന കഥ പറച്ചിൽ രീതിയാണ് ആദ്യപകുതിയിൽ സംവിധായിക ഉപയോഗിച്ചിരിക്കുന്നത്. ലീലയെയും മാധവനെയും പരിചയപ്പെടുത്തുകയാണവിടെ.. രണ്ടാം പകുതി നമ്മളറിഞ്ഞ ലീലയും മാധവനും നമുക്ക് മുന്നിൽ ജീവിക്കും. സൗഹൃദവും പ്രണയവും വേർതിരിച്ചെടുക്കാനാകാത്ത നിമിഷങ്ങൾ വർഷയുടെ എഴുത്തിനപ്പുറം കൊണ്ടുചെന്ന് എത്തിച്ചിട്ടുണ്ട് ഇരുവരുടെയും പ്രകടനങ്ങൾ.

ഇന്ദ്രൻസ്, മധുബാല എന്നിവർക്ക് പുറമെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും കഥാപാത്രങ്ങളാണ്. ജാഫർ സാദിഖ് അവതരിപ്പിക്കുന്ന ഷെട്ടി എന്ന കഥാപാത്രം ചെറിയൊരു നേരത്തേയ്ക്കേ സ്ക്രീനിൽ എത്തുന്നുള്ളൂ. എന്നാൽ മായാത്തൊരു ഇംപാറ്റ് ആ കഥാപാത്രത്തിന് നൽകാനാകുന്നുണ്ട്. അപർണയുടെയും വിഷ്ണു അഗസ്ത്യയുടെയും കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഫയിസ് സിദ്ധിക് ആണ് ഛായാഗ്രഹണം, ഗോവിന്ദ് വസന്തയുടെ മനോഹരമായ സംഗീതം വാരണാസിക്കും ലീലയുടെയും മാധവൻ്റെയും സൗഹൃദത്തിനും ആഴം നൽകുന്നു. റെക്സൺ ജോസഫ് ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിച്ച ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ആരും പറയാത്ത കഥ പറഞ്ഞുകൊണ്ടല്ല വർഷ വാസുദേവ് സിനിമയെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. പകരം ലീലയെയും മാധവനെയും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്ന അനുഭവമായി വിട്ടു തന്നുകൊണ്ടാണ്. വാരണാസിയിൽ വന്ന് മടങ്ങുന്നവർ അവർക്ക് പ്രിയപ്പെട്ടതെന്തെങ്കിലും അവിടെയുപേക്ഷിച്ചാണ് മടങ്ങുകയെന്ന് സിനിമയുടെ ഒരു ഘട്ടത്തിൽ, ഒരു കഥാപാത്രം ലീലയോടും മാധവനോടും പറയുന്നുണ്ട്. ഇരുവരും അവർക്ക് പ്രിയപ്പെട്ട ഒന്നിനെ ഒടുക്കം അവിടെ ഉപേക്ഷിക്കുന്നുമുണ്ട്. വാരണാസിയുടെ ഫിലോസഫിയും സിനിമയുടെ ഫിലോസഫിയും ചേർന്ന് മനോഹരമായൊരു തിയേറ്റർ അനുഭവം 'ചിന്ന ചിന്ന ആസൈ' നൽകുമെന്നുറപ്പ്!

PREV
Read more Articles on
click me!

Recommended Stories

'റിവോൾവർ റിങ്കോയുടെ പ്രചോദനം ആ ഹോളിവുഡ് സിനിമ'; സംവിധായകൻ കിരൺ നാരായണൻ അഭിമുഖം
'ആ അഭിമുഖങ്ങള്‍ക്ക് താഴെ വന്ന കമന്‍റുകളായിരുന്നു ആദ്യത്തെ ധൈര്യം'; 'പ്രതിഛായ' നായിക നീതു കൃഷ്‍ണ അഭിമുഖം