
സജിൽ മമ്പാട്. ഈ പേര് ഒരുപക്ഷേ മലയാളികൾക്ക് സുപരിചിതമാകുന്നത് 'കടകൻ' എന്ന ഹക്കീം ഷായുടെ സിനിമയിലൂടെ ആകും. കടകന്റെ സംവിധായകനായിരുന്നു സജിൽ. എന്നാൽ അതിന് മുൻപ് തന്നെ ഒരുപിടി മികച്ച ഷോർട് ഫിലിമുകൾ സജിലിന്റേതായി പുറത്തിറങ്ങിയിരുന്നു. ശേഷം സിനിമ എന്ന സ്വപ്ന ലോകത്തേക്ക് എത്തിപ്പെട്ടപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളായി സജിൽ മാറി. പേരിനൊപ്പം നാടിനെ നെഞ്ചോട് ചേർത്ത സജലിന്റെ രണ്ടാമത്തെ സിനിമയായ 'ഡർബി' നാളെ തിയറ്ററുകളിൽ എത്തുകയാണ്. ആദ്യ സിനിമ പോലെ സജിലിന് ഇപ്പോൾ ടെൻഷനില്ല. അതിന് കാരണം തന്റെ സിനിമ വൃത്തിക്ക് ചെയ്തു എന്ന ആത്മവിശ്വാസമാണ്. സിനിമ നാളെ തിയറ്ററിൽ എത്താനിരിക്കെ 'ഡർബി' വന്ന വഴിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുകയാണ് സജിൽ മമ്പാട്.
എനിക്ക് ടെൻഷനില്ല
ഇതെന്റെ രണ്ടാമത്തെ സിനിമയാണ്. പക്ഷേ എനിക്ക് ടെൻഷൻ ഇല്ല. നമ്മുടെ ഒരു പ്രോഡക്ട് വൃത്തിക്ക് വന്നു എന്നതിൽ വളരെയേറെ സന്തോഷം. നമ്മൾ ചെയ്യേണ്ടത് പക്കാ പെർഫെക്ട് ആയിട്ട് തന്നെ ചെയ്തിട്ടുണ്ട്. ബാക്കി എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പക്ഷേ നമുക്ക് ഭയങ്കരയിട്ടൊരു ആത്മവിശ്വാസം ഉണ്ട്. ഒരാളും മോശം പറയില്ലെന്ന ആത്മവിശ്വാസം.
ഡർബി പക്കാ എന്റർടെയ്നർ
ക്യാമ്പസ് മിസ് ചെയ്യുന്ന ആളുകളും കോളേജ് കാലഘട്ടം കഴിഞ്ഞ് വന്ന ആളുകളും ഈ ജനറേഷനിലെ ക്യാമ്പസ് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്കും ഇഷ്ടപ്പെടുന്ന സിനിമയാകും ഡർബി. ഫസ്റ്റ് ഇയറിൽ ക്യാമ്പസിൽ കയറി തേർഡ് ഇയർ കഴിഞ്ഞ് ഇറങ്ങുന്നൊരു ഫീൽ സിനിമ കാണുമ്പോൾ കിട്ടും. പക്കാ എന്റർടെയ്നറായിരിക്കും. ട്വിസ്റ്റോ മറ്റ് പരിപാടികളോ ഒന്നും തന്നെയില്ല. ഇപ്പോഴത്തെ ക്യാമ്പസ് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് ആ ഫീൽ കിട്ടുമെന്ന പ്രതീക്ഷ എനിക്കുണ്ട്.
ഡർബി എന്നായിരുന്നില്ല ആദ്യത്തെ പേര്
രണ്ട് ടീമുകൾ തമ്മിലുള്ള മത്സരത്തിന് പറയുന്ന പേരാണ് ഡർബി. ഇതായിരുന്നില്ല ആദ്യ പേര്. എൽ ക്ലാസിക്കോ എന്നായിരുന്നു. പിന്നീട് ഐഡിയ ഡെവലപ്പ് ചെയ്ത് വന്നപ്പോഴേക്കും പേര് മാറിയതാണ്. ഞാൻ പഠിച്ച കോളേജ് ക്യാന്റീനിലെ ഒരു ചേട്ടൻ പറയാറുണ്ട് ആളുകളും വർഷങ്ങളുമെല്ലാം മാറും. പക്ഷേ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം, സീനിയർ ജൂനിയർ പ്രശ്നം, ഈഗോ തുടങ്ങിയ കാര്യങ്ങൾ എപ്പോഴും കോളേജുകളിൽ കാണാൻ സാധിക്കും. 80കളായിക്കോട്ടേ 90കളായിക്കോട്ടേ അതങ്ങനെ തന്നെ നിലനിൽക്കുന്നുണ്ട്. പക്ഷേ കോളേജ് കഴിയുമ്പോൾ അതെല്ലാം തീരുകയും ചെയ്യും. അങ്ങനെ ഒരു സിനിമയ്ക്ക് എന്ത് പേരിടാം എന്ന ചിന്തയിലാണ് ഡർബിയിലേക്ക് എത്തുന്നത്.
ആദം സാബിക്ക്, സാഗർ സൂര്യ, അൽ അമീൻ..തുടങ്ങിയ താരനിര
മുൻപ് റിലീസ് ചെയ്ത ക്യാമ്പസ് ചിത്രങ്ങൾ ഞാൻ റെഫറൻസിനായി എടുത്തിരുന്നു. അതിലെല്ലാം നിലവിലുള്ള ആർട്ടിസ്റ്റുകളെ അവരുടെ വയസ് കുറച്ചിട്ട് അവതരിപ്പിക്കുകയായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായിട്ട് ഒരേ പ്രായത്തിലുള്ള ആളുകളെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നി. ആദം സാബിക്ക്, സാഗർ, അൽ അമീൻ, ഹരി ശിവറാം തുടങ്ങി എല്ലാവരും ജസ്റ്റ് ക്യാമ്പസ് കഴിഞ്ഞ്, അല്ലെങ്കിൽ ആ പ്രായത്തിലുള്ളവരാണ്. അവരെ വച്ച് സിനിമ ചെയ്യാൻ എനിക്ക് കുറച്ചു കൂടി എളുപ്പമായി. ആദ്യം മുതൽ അമീൻ സിനിമയിലുണ്ടായിരുന്നു. ആ പേര് വച്ചാണ് അവന്റെ സംഭാഷണങ്ങളെല്ലാം എഴുതിയതും. അവന് ഇപ്പോൾ 21 വയസായിട്ടേ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം ഓരോഘട്ടത്തിലും വന്ന് ചേർന്നതാണ്.
പ്രകമ്പനത്തിന് മുൻപ് തന്നെ ഡർബിയുടെ വർക്കുകൾ ഞങ്ങൾ തുടങ്ങിയിരുന്നു. പക്ഷേ പ്രൊഡക്ഷനും കാര്യങ്ങളും ഓക്കെ ആകാൻ സമയമെടുത്തു. പ്രൊഡക്ഷൻ റെഡി ആയപ്പോഴേക്കും പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അമീൻ വിളിച്ച് കാര്യം പറഞ്ഞപ്പോൾ, 'അമീനെ നീ പ്രകമ്പനവും ചെയ്യണം നമ്മടെ പടവും ചെയ്യണ'മെന്നാണ് ഞാൻ പറഞ്ഞത്. ഒടുവിൽ രണ്ട് പടവും നടന്നു.
ആ കൗതുകമാണ് എന്നെ സിനിമയിൽ എത്തിച്ചത്
ചെറുപ്പം മുതൽ ആഗ്രഹിക്കുന്ന കാര്യമായിരുന്നു സിനിമ. തിയറ്ററിലൊക്കെ പോയി സിനിമ കാണുമ്പോൾ ഇതെങ്ങനെ ആകും സെറ്റ് ചെയ്തിട്ടുണ്ടാകുക എന്ന് ചിന്തിച്ചിട്ടുണ്ട്. ഇതെങ്ങനെ വർക്ക് ചെയ്തു, ഷൂട്ട് ചെയ്തു തുടങ്ങിയ കൗതുകങ്ങൾ ഉള്ളിൽ ഉണ്ടായിരുന്നു. ആ കൗതുകമാണ് എന്നെ സിനിമയിൽ എത്തിച്ചത്. ഷോർട് ഫിലിം(എട്ടാം വയസിൽ) ചെയ്യുമ്പോൾ തന്നെ എന്തായാലും ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഉമ്മയ്ക്കും ഉപ്പയ്ക്കും താല്പര്യമില്ലാത്തൊരു ഫീൽഡ് ആയിരുന്നു സിനിമ. പിന്നീട് പിന്തുണച്ചു. നല്ലൊരു മനുഷ്യനാകണമെന്നെ അവർ പറയാറുള്ളൂ.
അങ്ങനെ ദൈവ ഭാഗ്യം കൊണ്ടിപ്പോൾ ഫസ്റ്റ് പടം കഴിഞ്ഞ് രണ്ടാമത്തെ സിനിമ കിട്ടി. ദൈവത്തിനോട് നന്ദി പറയുന്നു. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരും സിനിമകൾ ചെയ്യാൻ നടക്കുന്നവരാണ്. പത്തും ഇരുപതും വർഷമായി സിനിമയ്ക്ക് പിന്നാലെ നടക്കുന്നവരുമുണ്ട്. ഒത്തിരി അടുത്തെത്തിയിട്ടും അവർക്ക് പക്ഷേ സിനിമ ചെയ്യാൻ പറ്റിയില്ല. ആ സമയത്ത് നമ്മുടേത് നടക്കുമ്പോൾ ദൈവത്തിന് നന്ദി. അതുപോലെ എല്ലാവരുടേയും നടക്കട്ടെ എന്നാണ് പ്രാർത്ഥന.
ലിജോ ജോസ് പെല്ലിശ്ശേരി എന്ന റോൾ മോഡൽ
എന്റെ റോൾ മോഡൽ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്. അതിൽ മാറ്റമൊന്നും ഇല്ല. ലിജോ ചേട്ടൻ ഭയങ്കര സപ്പോർട്ട് ആണ്. എന്ത് കാര്യമുണ്ടെങ്കിലും അദ്ദേഹവുമായിട്ടാണ് ഞാൻ ആദ്യം ഡിസ്കസ് ചെയ്യുന്നത്. എന്റെ മെന്ററാണ്. വലിയൊരു ബാക് സപ്പോർട്ടാണ് അദ്ദേഹം. ഒന്നിനും ഇടപെടില്ല. പക്ഷേ കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോൾ നമുക്ക് വേണ്ടത് കിട്ടും. ഫിലിം ഫെസ്റ്റിവലുകളിൽ വച്ചാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. അങ്ങനെ വാലിബനിൽ പ്രീ പ്രൊഡക്ഷനിൽ എത്തി. അത് തീരും മുൻപാണ് കടകൻ വരുന്നത്. അതൊന്ന് ഡിലേ ആക്കാം എന്ന പ്ലാനിലായിരുന്നു ഞാൻ. പക്ഷേ 'പോയി കടകൻ ചെയ്യ് മോനെ' എന്നാണ് പുള്ളി പറഞ്ഞത്.
ആഗ്രഹം ഒരു മമ്മൂട്ടി പടം
ഡർബിയുടെ റിസൾട്ട് പോലെ ഇരിക്കും എന്റെ അടുത്ത സിനിമകൾ. പ്രേക്ഷകർ സിനിമ വർക്കാക്കിയാൽ അഭിനേതാക്കളുടെ ഡേറ്റ് കിട്ടാൻ പിന്നെ പാടില്ലല്ലോ. എന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മൂക്കയെ വച്ചൊരു പടം ചെയ്യാനാണ്. ആ അപ്രോച്ച് നടന്നു കൊണ്ടിരിക്കുന്നുണ്ട്. അടുത്തെത്തിയിട്ടില്ല. ഡർബി കൂടിയൊന്ന് സെറ്റായി കഴിഞ്ഞാൽ അവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൃത്തിക്കൊരു പ്രൊഫൈയിൽ ആയിക്കഴിഞ്ഞ് അവിടെ എത്തുമ്പോൾ ഒരു മൂല്യം ഉണ്ടാവുമല്ലോ. മമ്മൂക്ക പടം ആക്ഷനുള്ളതായിരിക്കും.
ആക്ഷനിലൂടെ കഥ പറയാൻ ഇഷ്ടം
എനിക്ക് ആക്ഷൻ സിനിമകളോടാണ് താല്പര്യം. ചെറുപ്പം മുതലായാലും ഞാൻ കാണുന്നതേറേയും ആക്ഷൻ പടങ്ങൾ തന്നെയാണ്. കടകനിൽ ആക്ഷനായിരുന്നു. ഡർബിയിലും ആക്ഷനുണ്ട്. ഇനി വരാൻ പോകുന്ന സിനിമകളും ആക്ഷൻ സിനിമകളായിരിക്കും. ആക്ഷനിലൂടെ കഥ പറയാനാണ് എനിക്ക് ഇഷ്ടം.
ആട് 3യും പ്രതിഛായയും തിയറ്ററിൽ, ടെൻഷനുണ്ട്, പക്ഷേ..
ആട് 3, പ്രതിഛായ തുടങ്ങിയ പടങ്ങൾ തിയറ്ററിൽ ഉണ്ട്. അതിന്റെ ടെൻഷനുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ സിനിമയാണത്. ആട് ഫ്രാഞ്ചൈസിയിലെ മറ്റ് രണ്ട് പടങ്ങളും അത്രയും എൻജോയ് ചെയ്ത ആളാണ് ഞാൻ. നിവിൻ ചേട്ടന്റെ പ്രതിഛായയും ഉണ്ട്. നമ്മുടേത് തികച്ചും വ്യത്യസ്തമായൊരു ജോണറായത് കൊണ്ട് ആളുകൾ ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നുണ്ട്. വലിയ താരങ്ങളുടെ സിനിമയ്ക്ക് ഒപ്പം നമ്മുടെ ചെറിയ സിനിമയും കയറി വരുമെന്നാണ് എന്റെ പ്രതീക്ഷ.