'ആ അഭിമുഖങ്ങള്‍ക്ക് താഴെ വന്ന കമന്‍റുകളായിരുന്നു ആദ്യത്തെ ധൈര്യം'; 'പ്രതിഛായ' നായിക നീതു കൃഷ്‍ണ അഭിമുഖം

Published : Apr 01, 2026, 08:44 PM IST
PRATHICHAYA actress neethu krishna

Synopsis

പ്രതിഛായയെക്കുറിച്ചും അതില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും സിനിമ എന്ന സ്വപ്നത്തെക്കുറിച്ചും പറയുകയാണ് നീതു കൃഷ്ണ.

സിനിമാ പ്രൊമോഷണല്‍ അഭിമുഖങ്ങളിലൂടെയും യുറേക്ക എന്ന കോണ്ടെന്‍റ് ടീമിന്‍റെ വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഒരാള്‍. ഓണ്‍ലൈനിലെ ആ പരിചിതമുഖം ബിഗ് സ്ക്രീനില്‍ ആദ്യമായി ഒരു പ്രധാന റോളില്‍ എത്തിയിരിക്കുകയാണ് പ്രതിഛായ എന്ന ചിത്രത്തിലൂടെ. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയാണ് നീതു കൃഷ്ണ. ആദ്യത്തെ ശ്രദ്ധേയ കഥാപാത്രം തന്നെ വന്‍ താരനിരയും വലിയ കാന്‍വാസുമുള്ള ഒരു ചിത്രത്തിലൂടെയാവുക എന്നത് ഏത് അഭിനേതാവും സ്വപ്നം കാണുന്ന ഒന്നാണ്. പ്രതിഛായയെക്കുറിച്ചും അതില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും സിനിമ എന്ന സ്വപ്നത്തെക്കുറിച്ചും പറയുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ ഈ അഭിമുഖത്തില്‍ നീതു കൃഷ്ണ.

പ്രതിഛായയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?

സെലിബ്രിറ്റി ഷോസ് ആങ്കറിം​ഗ് ചെയ്യുന്നുണ്ടായിരുന്നു. യുറേക്ക എന്നൊരു ടീമിനൊപ്പം കോണ്ടെന്‍റ് വീഡിയോസും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ചെയ്ത ഇന്‍റര്‍വ്യൂസ് ബി ഉണ്ണികൃഷ്ണന്‍ സാറിന് സാറിന്‍റെ ഒരു സുഹൃത്ത് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ സാറിന്‍റെ ഓഫീസില്‍ നിന്ന് വിളിച്ചു. ഓഡിഷന്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രതിഛായയിലേക്ക് എത്തിയത്.

ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിക്കുന്ന സിനിമ ഇത്രയും വലിയ കാൻവാസിലുള്ള ഒന്ന്. എക്സ്പീരിയൻസ്ഡ് ആർട്ടിസ്റ്റുകൾക്കൊപ്പം നിരവധി കോമ്പിനേഷൻ സീനുകൾ ഉള്ള കഥാപാത്രം. പേടി ഉണ്ടായിരുന്നോ? അതിനെ എങ്ങനെ മറികടന്നു?

പോകുന്നത് വരെ ഉറപ്പായും ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് സാര്‍ ഓഫീസിലേക്ക് വരാന്‍ പറഞ്ഞിരുന്നു. അസിസ്റ്റന്‍റ് ഡയറക്ടേഴ്സുമൊക്കെയായിട്ട് ഒന്ന് കംഫര്‍ട്ടബിള്‍ ആവാന്‍ വേണ്ടിയായിരുന്നു അത്. ചേട്ടന്മാരെയൊക്കെ അറിയാമായിരുന്നു. പക്ഷേ അവിടെ എത്തിയിട്ടാണ് ആര്‍ട്ടിസ്റ്റുകളെയൊക്കെ കാണുന്നത്. ഒരിക്കല്‍ പോലും എനിക്ക് തോന്നിയിട്ടില്ല ഞാന്‍ ഇവരുടെയൊക്കെ കൂടെയാണ് നില്‍ക്കുന്നത് എന്ന്. വലിയ എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ ആണെന്നൊന്നും അവരാരും തോന്നിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്ത് നോക്കൂ എന്ന തരത്തില്‍ സപ്പോര്‍ട്ട് ആണ് കിട്ടിയത്. കൂടുതല്‍ ടേക്ക് പോവുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആവുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ കംഫര്‍ട്ടബിള്‍ ആക്കിയതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

അഭിനയത്തിൻറെ പ്രോസസ് എങ്ങനെ ആയിരുന്നു? തയ്യാറെടുപ്പുകൾ?

എനിക്ക് ഒരു പ്രോസസും ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ അങ്ങനെ എക്സ്പീരിയന്‍സ് ഉള്ള ആളല്ല. ഉണ്ണി സാര്‍ എന്താണോ പറഞ്ഞത് അതിനനുസരിച്ച് ക്യാരക്റ്ററിനെ പ്ലേസ് ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്. നടനും കാസ്റ്റിം​ഗ് ഡയറക്ടറുമായ ബിനോയ് നമ്പാല ചേട്ടനെ പരിചയപ്പെടുത്തിയിരുന്നു. ക്യാരക്റ്റര്‍ ഇന്‍ട്രൊഡക്ഷനുവേണ്ടി. ഷൂട്ടിന് മുന്‍പ് ഒന്ന് തയ്യാറെടുപ്പിക്കാനായി. ചേട്ടന്‍റെ കൂടെ ഒരു അഞ്ച് ദിവസം ഞാന്‍ ഇരുന്നിട്ടുണ്ട്. ബിനോയ് ഏട്ടനും പറഞ്ഞത് ഒരു ഡയറക്ടര്‍ക്ക് അറിയാം എന്താണ് വേണ്ടതെന്ന് എന്നാണ്. ഷോട്ട് എടുക്കുമ്പോള്‍ ഏത് മീറ്ററില്‍ വേണമെന്നൊക്കെ സാര്‍ പറയും. ടെന്‍ഷന്‍ അടിക്കണ്ട എന്നും. ഞാന്‍ ചെയ്തത് ഇവര്‍ കാരണമാണ്. ഞാനായിട്ട് ഒരു പ്രോസസ് ഒന്നും ഉണ്ടാക്കിയിട്ടില്ല.

ബാലചന്ദ്ര മേനോനും സായ് കുമാറിനുമൊക്കെയൊപ്പം കോമ്പിനേഷനുകൾ ഉണ്ടായിരുന്നു. അഭിനയത്തിൻറെ കാര്യത്തിൽ ഈ സീനിയേഴ്സിൽ നിന്നൊക്കെ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്?

ഇന്നും അവര്‍ ഭയങ്കര ഡ‍െഡിക്കേറ്റഡ് ആണ് എന്നതാണ് എന്നെ സ്വാധീനിച്ച കാര്യം. നമുക്ക് ഒരു സാധനം കുറേ കിട്ടിക്കഴിഞ്ഞാല്‍ ഒരു മടുപ്പ് വരുമെന്നാണല്ലോ മനുഷ്യന്മാരെപ്പറ്റി പൊതുവെ പറയുക. പക്ഷേ ഈ മടുപ്പ് ബാലചന്ദ്രന്‍ സാറിലോ സായ് കുമാര്‍ സാറിലോ രാജുച്ചേട്ടനിലോ അശോകേട്ടനിലോ ഒന്നും ഞാന്‍ കണ്ടില്ല. ഭയങ്കര കൃത്യനിഷ്ഠയാണ്. രാവിലെ ഒന്‍പത് മണിക്കാണ് ഫസ്റ്റ് ഷോട്ട് എങ്കില്‍ ആ സമയത്ത് അവര്‍ അവിടെ ഉണ്ടാവും. ഉച്ചയ്ക്ക് ബ്രേക്ക് കഴിഞ്ഞ് വരേണ്ട സമയം എന്താണോ ആ സമയത്ത് അവര്‍ അവിടെ ഉണ്ടാവും. പ്രായമായിട്ടും അവരിലുള്ള ഡെഡിക്കേഷനാണ് ഞാന്‍ ശ്രദ്ധിച്ചത്. സായ് കുമാര്‍ സാറിനും ബാലചന്ദ്രന്‍ സാറിനുമൊക്കെ ശാരീരികമായ ബു​ദ്ധിമുട്ടുകള്‍ ഉണ്ട്. പക്ഷേ അതൊന്നും അവര്‍ക്ക് പ്രശ്നമല്ല. കാരണം അവര്‍ അത്രയും ഇറങ്ങിനില്‍ക്കുകയാണ് സിനിമയില്‍. അഭിനയത്തോട് ഇപ്പോഴും ആ ഫയര്‍ ഉണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള ചിന്തയാണ്. ചെയ്യുന്ന കാര്യത്തോട് മടുപ്പില്ല അവര്‍ക്ക്. അവരുടെ കൂടെയൊക്കെ നില്‍ക്കുമ്പോള്‍ ഇത് എന്നെ പ്രചോദിപ്പിച്ച കാര്യമാണ്. സായ് കുമാര്‍ സാറിന് ഒരു പരിധിയില്‍ കൂടുതല്‍ ഒരു സപ്പോര്‍ട്ട് ഇല്ലാതെ നില്‍ക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല ഷൂട്ടിം​ഗ് സമയത്ത്. സ്ക്രീനില്‍ ഒരു ചെറിയ ബുദ്ധിമുട്ടേ തോന്നൂ. അത് പക്ഷേ ആ ക്യാരക്റ്ററിന് ആവശ്യമായ ബുദ്ധിമുട്ട് ആണ്. ശാരീരികമായ അവശത അവരുടെയൊന്നും പെര്‍ഫോമന്‍സില്‍ ഒരു തരി പോലും പ്രതിഫലിക്കില്ല.

ആദ്യ പ്രധാന കഥാപാത്രം തന്നെ നിവിൻ പോളിയുടെ നായികയായാണ്. മലയാളത്തിലെ വലിയ ക്രൗഡ് പുള്ളർമാരിൽ ഒരാളാണ് നിവിൻ. നിവിനൊപ്പമുള്ള എക്സ്പീരിയൻസ് എങ്ങനെ ആയിരുന്നു?

നിവിനേട്ടന്‍ സ്വീറ്റ് ആയ ഒരു പേഴ്സണ്‍ ആണ്. നമുക്ക് ഒരു കാര്യം പറയണമെങ്കില്‍ വളരെ അപ്രോച്ചബിള്‍ ആയിട്ടുള്ള ആളാണ്. ഷോട്ടില്‍ നില്‍ക്കുമ്പോള്‍ ചെറിയ ടെന്‍ഷന്‍ ഒക്കെ കൊണ്ട് എന്‍റെ മുഖം മാറുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ടെന്ന് എന്നോട് പറയുമായിരുന്നു. സമാധാനമായിട്ട് ചെയ്തോ എന്ന് പറയും. എത്ര ടേക്ക് പോയാലും കുഴപ്പമില്ല, ഞാന്‍ നിന്നാല്‍ പോരേ, അത്രയല്ലേ വേണ്ടൂ, നീ ചെയ്തോ എന്ന് പറഞ്ഞിട്ടുണ്ട്. അത്രയും സഹകരണം ആയിരുന്നു. എന്നെ ഒരു തുടക്കക്കാരി ആയിട്ടല്ല ഇവരൊന്നും പരി​ഗണിച്ചത്. അത് ആ കുട്ടി ചെയ്യട്ടെ, ചെയ്ത് വരട്ടെ എന്ന ഇമോഷന്‍ ആണ് എനിക്ക് തന്നത്.

പ്രതിഛായയുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം?

ഷൂട്ടില്‍ എന്‍റെ അവസാന ദിവസം ഭയങ്കര ബ്യൂട്ടിഫുള്‍ ആയിരുന്നു. ഉണ്ണി സാറിനൊപ്പമുള്ള ഫോട്ടോസ് ഞാന്‍ പോസ്റ്റ് ചെയ്തത് ആ ദിവസത്തേത് ആയിരുന്നു. ഒരു പള്ളി ആംബിയന്‍സിലാണ് ആ ദിവസം ഷൂട്ട് ചെയ്തിരുന്നത്. ഷൂട്ട് തീരാന്‍ പോകുന്നതിന്‍റെ വലിയ ഇമോഷനിലുമായിരുന്നു ഞാന്‍. എന്‍റെ ഫൈനല്‍ ഡേ എന്ന് പറഞ്ഞപ്പോഴേക്ക് ഞാന്‍ വിഷമിച്ച് കരഞ്ഞു. സെറ്റില്‍ എല്ലാവരും ക്ലാപ്പ് ചെയ്തു. ഉണ്ണി സാര്‍ വന്ന് എന്നെ ഹ​ഗ് ചെയ്തു. നീ നന്നായി വരും കേട്ടോ എന്ന് സാര്‍ പറഞ്ഞു. ഞാന്‍ എന്നും ഓര്‍ത്തിരിക്കാന്‍ പോകുന്ന ഒരു ദിവസം അതായിരിക്കും. ഇവരൊക്കെയായിട്ട് ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു ഞാന്‍. എപ്പോള്‍ സെറ്റില്‍ ചെന്നാലും ഹാപ്പിയായിരുന്നു. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിലും ഞാന്‍ കാണാന്‍ വേണ്ടി പോകുമായിരുന്നു.

ഡാൻസർ, സൈക്കോളജിസ്റ്റ് എന്നൊക്കെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഉണ്ട്. പശ്ചാത്തലത്തെപ്പറ്റി പറയാമോ?

ഞാന്‍ പിജി ചെയ്തത് സൈക്കോളജിയില്‍ ആണ്. ഡാന്‍സ് ചെറുപ്പം തൊട്ട് പഠിക്കുന്നുണ്ട്. നാല് വയസ് മുതല്‍ പഠിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഡാന്‍സര്‍ ആണ്. സ്കൂള്‍ യൂത്ത്ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴൊക്കെ ഓര്‍ത്തിരുന്നത് മ‍ഞ്ജു ചേച്ചിയുടെയും കാവ്യ ചേച്ചിയുടെയുമൊക്കെ കാര്യമാണ്. പ്രൊഫഷണലി സൈക്കോളജിസ്റ്റ് ആണ്. പക്ഷേ പ്രധാന ഫോക്കസ് സിനിമ തന്നെയാണ്.

സിനിമയില്‍ അവസരം തേടിയിരുന്നോ?

അങ്ങോട്ട് മെസേജ് അയച്ച് ചോദിക്കാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അവര്‍ അതിനെ എങ്ങനെയെടുക്കും എന്നൊരു ഇന്‍ഹിബിഷന്‍ എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. പിന്നെ ഞാനും ഭയങ്കര കോണ്‍ഫിഡന്‍റ് ഒന്നും ആയിരുന്നില്ല. ഞാന്‍ ചെയ്ത ഇന്‍റര്‍വ്യൂസ് വന്നുതുടങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് കുറേ കമന്‍റുകള്‍ വന്നു. സിനിമയില്‍ വന്നാല്‍ നല്ലതായിരിക്കുമല്ലോ എന്ന് പറഞ്ഞുള്ളത്. നായികയാണെന്ന് വിചാരിച്ചാണ് വീഡിയോ കാണാന്‍ എടുത്തത് എന്നൊക്കെ. ഓരോ ഇന്‍റര്‍വ്യൂവിനും ഒരു രണ്ട് കമന്‍റ് എങ്കിലും അങ്ങനെ വരുമായിരുന്നു. അപ്പോഴാണ് നമുക്കും ഒരു വിശ്വാസം വരുന്നത്. യുറേക്ക ടീമിനൊപ്പം ചെയ്യുമ്പോഴും അഭിനയത്തിന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് എനിക്ക് ഓഡിഷനുകള്‍ക്കൊക്കെ ക്ഷണം ലഭിച്ചിട്ടുള്ളത്. ഫ്ലവേഴ്സിന് വേണ്ടി ഒരു ഡോക്യുമെന്‍ററി ചെയ്തു. അതിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതെല്ലാം കൂടി എനിക്ക് ഒരു കോണ്‍ഫിഡന്‍സ് കിട്ടി. സെല്‍ഫ് ഡൗട്ട് എപ്പോഴും ഉണ്ടായിരുന്ന ആളാണ് ഞാന്‍. സെലിബ്രിറ്റി ഷോസില്‍ വച്ച് രണ്ട്, മൂന്ന് സംവിധായകരോട് മുന്‍പ് ഞാന്‍ അവസരത്തിന്‍റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

റിലീസ് തലേന്ന് ബി ഉണ്ണികൃഷ്ണനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഉണ്ണികൃഷ്ണൻ എന്ന സംവിധായകനെക്കുറിച്ച്? അദ്ദേഹം അഭിനേതാക്കളെ ഡീൽ ചെയ്യുന്ന രീതി എങ്ങനെയാണ്?

അദ്ദേഹത്തിന്‍റെ സെറ്റില്‍ ഒരാള്‍ക്ക് പോലും വിഷമിപ്പിക്കുന്ന ഒരു അനുഭവം ഉണ്ടായിക്കാണില്ല. മുഖം കറുപ്പിച്ച് ഒരു കാര്യം അദ്ദേഹം പറയില്ല. സാര്‍ ഉദ്ദേശിക്കുന്നത് കിട്ടിയില്ലെങ്കിലും അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്ന് പറയുകയേ ഉള്ളൂ. ദേഷ്യപ്പെടില്ല. അഭിനേതാക്കളെ സംബന്ധിച്ച് വലിയ കംഫര്‍ട്ട് ആണ് അത് ഉണ്ടാക്കുന്നത്. തുടക്കക്കാരെ സംബന്ധിച്ച് സംവിധായകരുടെയും മറ്റും പ്രതികരണം കുറച്ച് ദേഷ്യത്തിലാണെങ്കില്‍ നമ്മള്‍ പതറിപ്പോവും. ഞാന്‍ എല്ലാം കറക്റ്റ് ആയി ചെയ്തതുകൊണ്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായതെന്ന് ഞാന്‍ കരുതുന്നില്ല. സാര്‍ ക്ഷമ കാണിച്ചതുകൊണ്ടാണ് എനിക്ക് അത് ചെയ്യാന്‍ പറ്റിയത്. വിജയപരാജയങ്ങള്‍, അവസരങ്ങള്‍ എന്നതിനേക്കാളൊക്കെ അപ്പുറം ചെയ്യുന്ന കാര്യം സന്തോഷത്തോടെ ചെയ്യാന്‍ കഴിയുക എന്നതിലാണല്ലോ കാര്യം. അതാണ് ഈ സിനിമ ഏറ്റവും കൂടുതല്‍ എനിക്ക് തന്നത്. മനോഹരമായ ഓര്‍മ്മയാണ് എനിക്ക് പ്രതിഛായ.

സ്വന്തം പെർഫോമൻസ് ആദ്യമായി ബിഗ് സ്ക്രീനിൽ കണ്ടതിൻറെ അനുഭവം എങ്ങനെയായിരുന്നു?

ഫസ്റ്റ് ഡേ പോയിരുന്നു. എന്‍റെ ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു. കുട്ടി ആയിരുന്ന കാലം മുതലേ എനിക്ക് വലിയ കൗതുകമുള്ള ഒന്നായിരുന്നു തിയറ്റര്‍ ആംബിയന്‍സ്. പ്രൊജക്റ്ററില്‍ നിന്ന് വെളിച്ചം വന്ന് സ്ക്രീനിലേക്ക് വീഴുന്നതൊക്കെ. ഞാന്‍ അതിനേക്ക് നോക്കുമായിരുന്നു. പ്രതിഛായ കാണുമ്പോഴും ഇടയ്ക്ക് ഞാന്‍ പ്രൊജക്റ്ററിന്‍റെ ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു. എന്‍റെ മുഖം പ്രൊജക്റ്ററുകളിലൂടെ കേരളത്തിലെ തിയറ്ററുകളില്‍ വന്നു എന്നതായിരുന്നു ആ സമയത്ത് എന്‍റെ ഫീലിംഗ്.

ലഭിച്ച പ്രതികരണങ്ങൾ?

പേഴ്സണല്‍ മെസേജുകള്‍ വരുന്നുണ്ട്. അതില്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. എന്‍റെ കഥാപാത്രത്തിന്‍റെ പേര് പറഞ്ഞ് ഉള്ളതായിരുന്നു വന്ന പല മെസേജുകളും.

പുതിയ ചിത്രങ്ങൾ?

ഒന്നും ആയിട്ടില്ല. വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഡര്‍ബി' പക്കാ എന്റർടെയ്നർ, പ്രേക്ഷകന് ആ ഫീൽ കിട്ടും; സംവിധായകൻ സജിൽ മമ്പാട് പറയുന്നു
'നിത്യ സ്പെഷ്യലായതിന് കാരണങ്ങളുണ്ട്'; ഹന്ന റെജി കോശി അഭിമുഖം