ജയറാമിനെ റീലോഞ്ച് ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി എങ്ങനെയെത്തി? മിഥുന്‍ മാനുവല്‍ തോമസ് അഭിമുഖം

By Nirmal SudhakaranFirst Published Jan 11, 2024, 7:09 PM IST
Highlights

"അദ്ദേഹത്തിന് ജയറാമേട്ടനെ ഭയങ്കര ഇഷ്ടമാണ്. സഹോദരതുല്യമായ ഒരു സമീപനം ജയറാമേട്ടനോട് അദ്ദേഹത്തിന് ഉള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്"

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്നതായിരുന്നു അബ്രഹാം ഓസ്‍ലര്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് യുഎസ്‍പി. പിന്നീട് അതിഥിതാരമായി മമ്മൂട്ടി എത്തുന്നു എന്നറിഞ്ഞതോടെ ഓസ്‍ലറിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചു. മമ്മൂട്ടിയുടെ സാന്നിധ്യം പരസ്യമായ രഹസ്യമായിരുന്നെങ്കിലും റിലീസിന് മുന്‍പ് അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ എത്തിയതിന് ശേഷം ചിത്രത്തില്‍ മമ്മൂട്ടി എത്താനിടയായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്...

ജയറാമിനെ റീലോഞ്ച് ചെയ്യുന്ന സിനിമയെന്നാണ് ഓസ്‍ലറിനെക്കുറിച്ച് ജ​ഗദീഷ് റിലീസിന് മുന്‍പ് പറഞ്ഞത്. അത്തരത്തില്‍ ഒരു സിനിമയില്‍ അതിഥിവേഷത്തില്‍ മമ്മൂട്ടിയെപ്പോലെ ഒരു താരമെത്തുമ്പോള്‍ സാധ്യതയ്ക്കൊപ്പം അത് വെല്ലുവിളിയുമല്ലേ? അത് സംബന്ധിച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നോ?

ഒന്നുമില്ല. കാരണം താരം എന്ന നിലയ്ക്കല്ലല്ലോ അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ട്രൊഡക്ഷന്‍ അങ്ങനെയാണ്, സമ്മതിക്കുന്നു. പക്ഷേ അദ്ദേഹം ഇതിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായിട്ടാണ് വരുന്നത്. അദ്ദേഹത്തിന്‍റെ കഥയാണ്, അദ്ദേഹം പറയുന്ന കഥയാണ് ഈ സിനിമയുടെ ജീവനെന്ന് പറയുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടപ്പോള്‍ത്തന്നെ പുള്ളി ഇത് ഞാന്‍ അഭിനയിച്ചാലോ എന്ന് ചോദിക്കുകയായിരുന്നു. 

ഓസ്‍ലറിലെ വേഷം മമ്മൂട്ടി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നോ?

അതെ, ഞാന്‍ അഭിനയിച്ചാലോ എന്ന് ചോദിക്കുകയായിരുന്നു. ടര്‍ബോയുടെ കഥ പറഞ്ഞതിന് ശേഷം കാഷ്വല്‍ സംഭാഷണങ്ങള്‍ക്കിടയില്‍ ഓസ്‍ലറിന്‍റെ കഥ അദ്ദേഹത്തോട് പറയുകയായിരുന്നു. വില്ലന്‍ ഞാന്‍ ചെയ്താലോ എന്ന് അദ്ദേഹം ചോദിച്ചു. കഥ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. മമ്മൂക്കയുടെ ആ ചോദ്യത്തില്‍ നിന്നാണ് ഇതിന്‍റെയെല്ലാം തുടക്കം. സിനിമ ഇത്ര വലുതാവുന്നതും ഈ രീതിയില്‍ തിയറ്ററിലേക്ക് എത്തുന്നതും അങ്ങനെയാണ്. 

 

ആ കഥാപാത്രത്തിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സമയത്ത് പ്രേക്ഷകര്‍ക്ക് തോന്നുന്ന ഒരു ഞെട്ടലുണ്ട്. മറ്റൊരു നായകന്‍റെ സിനിമയില്‍ വന്നിട്ട് ഡാര്‍ക് ഷെയ്ഡ് കഥാപാത്രം മമ്മൂട്ടി ചെയ്യുമ്പോഴുള്ള ഞെട്ടല്‍?

അതെ. മമ്മൂക്കയുടെ ഇപ്പോഴത്തെ ക്യാരക്റ്റര്‍ സെലക്ഷന്‍ എന്നൊക്കെ പറയുന്നത് ആ രീതിയിലാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അദ്ദേഹം തെരഞ്ഞെടുക്കുന്നത്. കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ ഫോക്കസ് കൊടുത്തുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യം. ആ തിരഞ്ഞെടുപ്പാണ് അദ്ദേഹത്തെ ഈ സിനിമയിലേക്കും എത്തിച്ചത്. 

മമ്മൂട്ടി ഈ ഓഫര്‍ മുന്നോട്ടുവച്ച സമയത്ത് മിഥുന് ഒരു അങ്കലാപ്പ് ഉണ്ടായോ? പെട്ടെന്ന് തന്നെ യെസ് പറഞ്ഞോ?

ഇല്ല. സ്വാഭാവികമായും ആദ്യം ഞാന്‍ ഞെട്ടി. കാരണം അത്തരമൊരു വേഷം അദ്ദേഹം ചെയ്യാന്‍ തയ്യാറാവുക എന്ന് പറയുമ്പോള്‍ത്തന്നെ പിന്നെ നേരത്തെ വിചാരിച്ച വലിപ്പമല്ലല്ലോ ഈ സിനിമയ്ക്ക്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്തായാലും നമ്മള്‍ ഒന്ന് ഞെട്ടുമല്ലോ. പിന്നെ റിയാലിറ്റിയിലേക്ക് ഇറങ്ങി വന്നപ്പോള്‍ അതൊരു കൗതുകമായി തോന്നി. അത് തിയറ്ററില്‍ ഭയങ്കര ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് തോന്നി. സാധ്യതകളെക്കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന് ജയറാമേട്ടനെ ഭയങ്കര ഇഷ്ടമാണ്. സഹോദരതുല്യമായ ഒരു സമീപനം ജയറാമേട്ടനോട് അദ്ദേഹത്തിന് ഉള്ളതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഈ സിനിമയിലേക്ക് മമ്മൂക്കയെ അടുപ്പിക്കാനുള്ള മറ്റൊരു പ്രധാന കാരണമായി എനിക്ക് തോന്നിയത് അവര്‍ക്കിടയിലെ ഊഷ്മളമായ ആ ബന്ധമാണ്.

 

മമ്മൂട്ടി അഭിനയിക്കാമെന്ന് പറഞ്ഞ സമയത്ത് തിരക്കഥ പൂര്‍ത്തിയായിരുന്നോ? മമ്മൂട്ടി വന്നതിന് ശേഷം റീവര്‍ക്ക് ചെയ്യേണ്ടിവന്നോ?

കഥ പൂര്‍ത്തിയായിരുന്നു. കഥാപാത്രത്തിന്‍റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ മാത്രം ഒന്ന് മാറ്റി. തിയറ്ററില്‍ ഇംപാക്റ്റ് വരുന്നതുപോലെ സിനിമാറ്റിക്കലി ഒന്ന് പുതുക്കി. അത് ആളുകള്‍ പ്രതീക്ഷിക്കുമല്ലോ. അത്രയേ സംഭവിച്ചുള്ളൂ.

ആ കഥാപാത്രത്തിന്‍റെ ലുക്ക് ആന്‍ഡ് ഫീലിലൊക്കെ മമ്മൂട്ടിയുടെ കോണ്‍ട്രിബ്യൂഷന്‍ ഉണ്ടോ?

തീര്‍ച്ചയായും. അതൊക്കെ അദ്ദേഹം ഡിസൈന്‍ ചെയ്ത് തന്നതാണ്. കൃത്യമായി ക്യാരക്റ്റര്‍ ഡിസ്ക്രിപ്ഷന്‍ കൊടുത്ത്, തിരക്കഥ പൂര്‍ണ്ണമായും വായിച്ചുകേള്‍പ്പിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടാണ് നമ്മള്‍ ഷൂട്ട് തുടങ്ങുന്നത്. താന്‍ അഭിനയിക്കുന്ന ഏത് സിനിമയും എന്നതുപോലെ ലുക്ക് ആന്‍ഡ് ഫീലില്‍ അദ്ദേഹം കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. 

ജയറാം ഇതുവരെ ചെയ്യാത്തതരം കഥാപാത്രമാണ് ഓസ്‍ലര്‍. ഫൈനല്‍ ഔട്ട്പുട്ട് കണ്ടപ്പോള്‍ എന്ത് തോന്നി? മിഥുന്‍റെ മനസിലുണ്ടായിരുന്ന ഓസ്‍ലര്‍ അങ്ങനെതന്നെ വന്നോ?

തീര്‍ച്ചയായും. മുന്‍ സിനിമകളിലൊന്നും വന്നിട്ടില്ലാത്ത ഒരു ജയറാമിനെ ഈ സിനിമയില്‍ ആദിമധ്യാന്തം കാണാന്‍ കഴിഞ്ഞു എന്നാണ് എല്ലാവരും പറയുന്നത്. 

 

അരങ്ങേറ്റ സിനിമയില്‍ പത്മരാജന് മുന്നില്‍ ഇരുന്ന് കൊടുത്തതുപോലെ ഇരുന്ന് തരാമെന്ന് മിഥുനോട് പറഞ്ഞതായി ജയറാം പറഞ്ഞിരുന്നു. ഓസ്‍ലറിനെ എങ്ങനെ ഡിസൈന്‍ ചെയ്തു? ഷൂട്ടിംഗ് തുടങ്ങി എത്ര ദിവസം കൊണ്ട് ഓസ്‍ലറിനെ ജയറാം വഴക്കിയെടുത്തു?

അതിന് ഒരു രണ്ട് ദിവസം എടുത്തിട്ടുണ്ടാവും. അതിനുള്ളില്‍ അദ്ദേഹം കഥാപാത്രത്തിലേക്ക് പൂര്‍ണ്ണമായും മാറി. അത് ഏതൊരു ആര്‍ട്ടിസ്റ്റ് വന്നാലും ആ ഒരു ചുരുങ്ങിയ സമയം അതിനായി എടുക്കും. രണ്ടാമത്തെ ദിവസം ആയപ്പോഴേക്ക് അദ്ദേഹത്തിന് ഓസ്‍ലറിന്‍റെ ട്രാക്ക് പിടികിട്ടി. പിന്നെ ചിത്രീകരണം കഴിയുന്നത് വരെയും അദ്ദേഹം അത് പിടിച്ചുചെയ്തു. ഒരു മാനറിസം പോലും മാറാതെ അദ്ദേഹം ചെയ്തിട്ടുണ്ട്. വിഷാദരോഗം ബാധിച്ച് അകാലവാര്‍ധക്യം പോലും പിടിപെട്ട ഒരു മനുഷ്യനെയാണ് അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു.

ഓസ്‍ലറിന്‍റെ ശരീരഭാഷയൊക്കെ ഷൂട്ടിന് മുന്‍പേ പൂര്‍ണ്ണമായും മനസിലുണ്ടായിരുന്നോ അതോ ജയറാമിനെ ഓസ്‍ലറായി മാറ്റിയെടുക്കാമെന്ന് കരുതിയോ?

മാറ്റിയെടുക്കാമെന്നാണ് കരുതിയത്. അദ്ദേഹം ഒരു നല്ല നടനാണെന്ന് ഒരുപാട് തവണ തെളിയിച്ചിട്ടുള്ള ആളല്ലേ. പുള്ളി ഇത് ചെയ്യുമോ എന്ന ആശങ്കയൊന്നും ‌ഞങ്ങള്‍ക്ക് ആര്‍ക്കും ഉണ്ടായിരുന്നില്ല. 

ജഗദീഷിന് തിയറ്ററില്‍ കൈയടി ലഭിക്കുന്നുണ്ട്. നടനെന്ന നിലയില്‍ അദ്ദേഹത്തിന് സംഭവിച്ച ഒരു വളര്‍ച്ച നമുക്ക് മനസിലാവും?

ഡ്രാമയൊക്കെ പുള്ളി അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ശരിക്കും ജഗദീഷേട്ടന്‍ എന്നോ വളര്‍ന്ന നടനാണ്. മാറ്റം കൊണ്ടാണ് അദ്ദേഹമിപ്പോള്‍ അമ്പരപ്പിക്കുന്നത്. പലതരം കഥാപാത്രങ്ങള്‍ നല്ല ആഴത്തില്‍ ചെയ്തുപോകുന്ന നടനായി ജഗദീഷേട്ടന്‍ മാറിയിട്ടുണ്ട്. അദ്ദേഹത്തിനും ഒരുപാട് പോസിറ്റീവ് പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 

 

അഞ്ചാം പാതിരായ്ക്ക് ശേഷം ചെയ്യുന്ന ചിത്രമായതിനാല്‍ ആളുകള്‍ അത്തരത്തില്‍ പ്രതീക്ഷ വെക്കുമെന്നത് വെല്ലുവിളിയായി തോന്നിയിരുന്നോ?

തീര്‍ച്ചയായും. അതുകൊണ്ടാണ് അതില്‍ നിന്ന് വേറിട്ട സിനിമയാണെന്ന് പ്രൊമോഷന്‍റെ സമയത്ത് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. സ്വാഭാവികമായും അതുമായി ചേര്‍ത്ത് ആളുകള്‍ താരതമ്യം ചെയ്യുമെന്ന ആശങ്ക ഉണ്ടായിരുന്നു. ശരിക്കും ഭയം കൊണ്ട് മാത്രമല്ല അത്, മറിച്ച് ചെയ്ത സിനിമ കൃത്യമായി മാര്‍ക്കറ്റ് ചെയ്യണമല്ലോ. അതുകൊണ്ടാണ് പ്രീ റിലീസ് അഭിമുഖങ്ങളിലൊക്കെ ഇമോഷണല്‍ ക്രൈം ഡ്രാമ എന്നുതന്നെ എടുത്തെടുത്ത് പറഞ്ഞത്. 

പിന്നെ നമ്മള്‍ അഞ്ചാം പാതിരാ പോലെ ഒരു സിനിമയല്ല ഉദ്ദേശിച്ച് ചെയ്തിരിക്കുന്നത്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായി വൈകാരികമായി കണക്റ്റ് ചെയ്യുന്ന ഒരു കഥപറച്ചിലാണ് ഇതില്‍ ചെയ്തിരിക്കുന്നത്. സെക്കന്‍ഡ് ഹാഫ് ഫ്ലാഷ് ബാക്കിലുള്ള ആ ഡ്രാമയാണ് ആളുകള്‍ എടുത്ത് പറയുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം പ്രത്യേകിച്ച് ഇഷ്ടപ്പെടുന്നത് ആ ഘടകമാണ്. സ്പോയ്‍ലര്‍ ആകും എന്നതിനാല്‍ അത് എന്താണെന്ന് പറയുന്നില്ല. 

ഓസ്‍ലര്‍ റിലീസിന് ശേഷം ലഭിക്കുന്ന പ്രതികരണം എന്താണ്?

എല്ലാവരും വിളിക്കുകൊണ്ടിരിക്കുന്നു. അഡീഷണല്‍ ഷോകള്‍ കയറുന്നു. 27 സ്ക്രീന്‍ ഇതിനകം തന്നെ കൂടിയിട്ടുണ്ട്. വൈകുന്നേരം ആവുമ്പോഴേക്ക് അത് വീണ്ടും കൂടും. ഒരുപാട് സ്ഥലങ്ങളില്‍ ഇന്ന് അര്‍ധരാത്രിയിലെ ഷോ നടക്കും. ഒരു നല്ല സിനിമയെന്ന പ്രതികരണമാണ് എല്ലായിടത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. 

ALSO READ : അഡ്വാന്‍സ് ബുക്കിംഗില്‍ അത്ഭുതം കാട്ടി മഹേഷ് ബാബു! റിസര്‍വേഷനിലൂടെ 'ഗുണ്ടൂര്‍ കാരം' നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!