
നവാഗതനായ അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ശശി കുമാർ -സിമ്രാൻ ജോഡികൾ ഒന്നിച്ച ടൂറിസ്റ്റ് ഫാമിലി മെയ് ഒന്നിന് തിയേറ്ററുകളിലേക്ക് എത്തിയപ്പോൾ നീതുഷൻ ധർമദാസ് എന്ന വേഷത്തിൽ ആവേശത്തിലൂടെ ബീബി മോനായി മലയാളി പ്രേക്ഷകർ സ്വീകരിച്ച മിഥുൻ ജയ് ശങ്കറുമുണ്ട്.വലിയ താരങ്ങളുടെ തമിഴ് സിനിമകൾ കേരള തിയേറ്ററുകളിലേക്ക് എത്തുമ്പോൾ, വലിയ സ്വീകാര്യത ലഭിക്കുന്നത് സാധാരണമാണ്. സൂര്യ ചിത്രം റെട്രോയ്‌ക്കൊപ്പം തിയേറ്ററുകളിൽ എത്തിയ ടൂറിസ്റ്റ് ഫാമിലിയ്ക്ക് സ്വന്തം നാട്ടിൽ നിന്ന് കിട്ടുന്ന സ്വീകാര്യത സന്തോഷം നൽകുന്നുവെന്ന് മിഥുൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
പ്രേക്ഷക പ്രതികരണങ്ങളെ എങ്ങനെ കാണുന്നു ?
ഒറ്റ വക്കിൽ പറഞ്ഞാൽ സന്തോഷം. ആവേശത്തിലൂടെ എനിക്ക് കിട്ടിയ അതെ സ്നേഹം ടൂറിസ്റ്റ് ഫാമിലിയിലൂടെയും കിട്ടുന്നു. ഇന്നലെയാണ് ചിത്രം റിലീസിന് എത്തിയത്, അതിന്റെ മുൻപ് കേരളത്തിൽ ഒരു പ്രിവ്യു ഷോയും ഉണ്ടായിരുന്നു. എത്ര ചെറിയ സിനിമകൾ ആണെങ്കിലും കണ്ടന്റ് നല്ലതാണെങ്കിൽ മലയാളികൾ അത് സ്വീകരിക്കുമെന്നതിൽ ഉറപ്പാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ ഇത്രമാത്രം റെസ്പോൺസ് ഉണ്ടാകുമെന്ന് കരുതിയില്ല.
ശശി കുമാറുമായും സിമ്രാനുമായുള്ള വർക്കിങ് പാറ്റേൺ എങ്ങനെയായിരുന്നു ?
ശശികുമാർ സാറായാലും സിമ്രാൻ മാം ആയാലും ഞാൻ ചെറുപ്പം മുതൽ കണ്ടു വളർന്ന ആക്ടഴേസാണ്. അതിന്റെ ചെറിയൊരു ടെൻഷൻ തുടക്ക സമയത്ത് ഉണ്ടായെങ്കിലും അവരുമായി പെട്ടന്ന് കണക്ടായി. അവർക്കൊപ്പമായിരുന്നു എന്റെ മിക്ക സീനുകളും. എന്റെ അനിയൻ വേഷം ചെയ്ത കമലേഷുമായും പെട്ടന്ന് കമ്പനിയായി. സിനിമയിലെ പോലെ ഓഫ് ക്യാമറയിലും ഞങ്ങൾ ഫാമിലി പോലെയായിരുന്നു. ശശി കുമാർ സാറും സിമ്രാൻ മാം ഓരോ സീനുകളിലേക്ക് നിമിഷം നേരം കൊണ്ട് മാറുന്നത് കണ്ട് അത്ഭുതപ്പെട്ട് പോയിരുന്നു.
നിങ്ങളുടെ ഓഫ് ക്യാമറ വിശേഷങ്ങൾ എന്തൊക്കെയായിരുന്നു ?
ശശികുമാർ സാർ ആയാലും സിമ്രാൻ മാം ആയാലും എന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് മലയാള സിനിമകളെ കുറിച്ചായിരുന്നു. മലയാളത്തിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും അവർ കാണും. ഒരു ദിവസം സിമ്രാൻ മാം മിന്നൽ മുരളി റീ-വാച്ച് ചെയ്തിട്ട് അതിന്റെ വിശേഷങ്ങൾ വന്നു സംസാരിച്ചിരുന്നു. അതുപോലെ ആവേശം അവർക്ക് രണ്ടുപേർക്കും ഇഷ്ടമുള്ള സിനിമയായത് കൊണ്ട് തന്നെ അതിലെ ഓരോ സീനുകൾ കുറിച്ചും, ഫഹദിക്കയെ (ഫഹദ് ഫാസിൽ ) കുറിച്ചെല്ലാം എന്നോട് സംസാരിച്ചിട്ടുണ്ട്. ഫഹദിക്കയുടെ ആക്ടിങ് പാറ്റേണും, ഓരോ സീനുകളും പറഞ്ഞു അതിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചെല്ലാം ചോദിക്കുമായിരുന്നു. ഞങ്ങൾക്കിടയിലെ പ്രധാന ചർച്ച മലയാള സിനിമയായിരുന്നു.
ശ്രീലങ്കൻ തമിഴ് എങ്ങനെയാണ് മാനേജ് ചെയ്തത് ?
ഏതൊരു മലയാളികളെയും പോലെ ചെറുപ്പം മുതൽ തമിഴ് സിനിമ കണ്ടു വളർന്നത് കൊണ്ട് അറിയാവുന്ന തമിഴ് മാത്രമേ എനിക്കും അറിയുന്നുണ്ടായിരുന്നുള്ളൂ. ഇത് സാധാരണ തമിഴ് അല്ല, ശ്രീലങ്കൻ തമിഴ് ആണെന്ന് കേട്ടപ്പോൾ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. എന്നെകൊണ്ട് പുള്ള് ഓഫ് ചെയ്യാൻ സാധിക്കുമോയെന്ന പേടി ഉണ്ടായിരുന്നു. പക്ഷേ അതിന് വേണ്ടി കുറച്ച് പ്രയത്നിച്ചപ്പോൾ തന്നെ അതെനിക്ക് നന്നായി ചെയ്യാൻ കഴിഞ്ഞു. ശശികുമാർ സാറും സിമ്രാൻ മാം എല്ലാം പെട്ടന്ന് ശ്രീലങ്കൻ തമിഴിലേക്ക് സ്വിച്ചായി.
കഥാപാത്രത്തെ കുറിച്ച് ?
ദാസിന്റെയും വാസന്തിയുടെയും മൂത്തമകനാണ്. നീതുഷൻ ധർമദാസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫാമിലി കോമഡി ഡ്രാമ ജോണറിലാണ് കഥ പോകുന്നത്. പക്ഷെ നീതുഷൻ അത്ര ഹ്യൂമർ ടച്ചുള്ള കഥാപാത്രമല്ല. സിനിമയിലും ഗൗരവമായ സാഹചര്യങ്ങളിൽ ഹ്യൂമർ സംഭവിക്കുയാണ്.
ആവേശത്തിന് ശേഷം തമിഴ് ചിത്രം ?
ആവേശം പോലെയൊരു സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തുമ്പോൾ, അത് വലിയ വിജയത്തിലേക്കെത്തി. ഞാൻ എന്ന ആക്ടർക്ക് ഐഡന്റിയായി മാറിയ കഥാപാത്രമാണ് ആവേശത്തിലെ ബീബി മോൻ. ഇപ്പോഴും പലർക്കും എന്റെ യഥാർത്ഥ പേര് അറിയില്ല. പുറത്തൊക്കെ പോവുമ്പോൾ ബീബി മോൻ ഹാപ്പിയല്ലെയെന്നും ബീബി മോനെ എന്ന് വിളിച്ചാണ് പലരും സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ആവേശത്തിലൂടെ എന്നെ കണ്ട് സ്നേഹിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു നല്ല കഥാപാത്രമായിട്ടായിരിക്കണം വരണമെന്നത് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതെന്റെ ഉത്തരവാദിത്തം കൂടിയാണ്. ആവേശത്തിന്റെ റഫറൻസിൽ എന്നിലേക്ക് വന്ന കഥാപാത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലിയിലേത്. കഥ കേട്ടപ്പോൾ തന്നെ എക്സ് സൈറ്റഡായത് കൊണ്ടാണ് ടൂറിസ്റ്റ് ഫാമിലി കമ്മിറ്റ് ചെയ്യുന്നതും. അതിന് കിട്ടുന്ന പോസറ്റീവ് പ്രതികരണം സന്തോഷം നൽകുന്നുണ്ട്. ഒരുപാട് പ്രോജക്ടുകൾ ചർച്ചകളിലുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.