ഴോൺറ സെൻട്രിക് ആയി സിനിമകൾ ചെയ്യണമെന്നില്ല..
ഡെലിഗേറ്റ് റോളിൽ നിന്ന് ഫിലിം മേക്കർ റോളിലേയ്ക്ക് മാറി ഐഎഫ്എഫ്കെയിൽ തൻ്റെ രണ്ടാം സംവിധാന സംരഭവുമായി എത്തിയിരിക്കുകയാണ് ആദിത്യ ബേബി. കാമദേവൻ നക്ഷത്രം കണ്ടു എന്ന ആദിത്യയുടെ ചിത്രം ഇരുപത്തി ഒമ്പതാമത് കേരള രാജ്യാന്തര ചൽച്ചിത്ര മേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. മുപ്പതാമത് മേളയിൽ ആദിത്യ എത്തിയത് ആംബ്രോസിയയുമായാണ്. തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച സംഘമാണ് പിന്നീട് വീണ്ടും ഒന്നിച്ച് സിനിമകൾ ഒരുക്കുന്നത്. സംഘത്തിൻറെ 'നീലമുടി' എന്ന ചിത്രം 2022ലെ ഐഎഫ്എഫ്കെയിൽ മലയാള സിനിമ ടുഡേ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു, ആദിത്യ നീലമുടിയിൽ ഒരു പ്രധാന അഭിനേതാവുമായി. 2024ലെ ചലച്ചിത്രമേളയിൽ ആദിത്യ സംവിധാനം ചെയ്ത 'കാമദേവൻ നക്ഷത്രം കണ്ടു'വുമായി എത്തിയപ്പോൾ അതിൻ്റെ എഴുത്ത് നിർവഹിച്ചത് നീലമുടിയുട സംവിധായകനായ ശരത് കുമാറാണ്. അതേ സുഹൃദ് സംഘമാണ് ഈ വർഷം അംബ്രോസിയയുമായി എത്തിയത്. താൻ തന്നെ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൻ്റെ വിശേഷങ്ങൾ സംവിധായിക ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെച്ചു.
ആംബ്രോസിയ- അമൃത്
ഒരു സാങ്കല്പിക നഗരത്തിലെ ഒരു ഫൈൻ ഡൈനിങ് റെസ്റ്റോറന്റ്. ആ റെസ്റ്റോറന്റിനുള്ളിൽ അടുക്കള, ഡൈനിങ് ഏരിയ എന്നിവിടങ്ങളിലാണ് കഥ നടക്കുന്നത്. ഒരു റെസ്റ്റോറന്റിനുള്ളിലെ രണ്ട് ലോകങ്ങളാണ് ഇവരണ്ടും. ഈ രണ്ട് ലോകങ്ങളും ഒരു ചുമര് കൊണ്ടാണ് വിഭജിച്ചിരിക്കുന്നത്. ഈ ചുമർ ചിലപ്പോൾ നമുക്ക് അതിരുകളായും അതിർത്തികളായും തോന്നാം. ഈ ഒരു അന്തരം തന്നെയാണ് സിനിമയുടെ പ്രമേയം. അബ്സേർഡ് ഫാന്റസി ആൻഡ് സറ്റയർ ഴോൺറയിലാണ് സിനിമ മേക്ക് ചെയ്തിരിക്കുന്നത്.
ആംബ്രോസിയ എന്നത് ഒരു ഗ്രീക്ക് വാക്കാണ്. ഫുഡ് ഓഫ് ഗോഡ്സ്, അമരന്മാരുടെ ഭക്ഷണം എന്നൊക്കെയാണ് അതിനർഥം. ഇന്ത്യൻ മിത്തോളജിയിൽ അമൃത് എന്ന ആശയത്തിന് സമാനമായത്. ഒരു കൾച്ചറൽ അഡാപ്റ്റേഷൻ്റെ ഭാഗമായി ഗ്രീക്ക് മിത്തോളജിയെ കൂട്ടുപിടിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ മുപ്പതോളം കഥാപാത്രങ്ങളാണുള്ളത്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നതെങ്കിലും എല്ലാവർക്കും തുല്യ പ്രാധാന്യമുണ്ട്. കോൺസെപ്റ്റും മേക്കിങ്ങും ഇങ്ങനെയാണെങ്കിലും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന റെലവെൻ്റ് ആയ ടോപ്പിക് ആണ് സംസാരിക്കുന്നത്. ഇതിൻ്റെ പൊളിറ്റിക്സ് വളരെ റെലവന്റ് ആണ്, എല്ലാവർക്കും റിലേറ്റ് ചെയ്യാനാകും.
IFFK ഹാട്രിക്
2023 ലായിരുന്നു സിനിമയുമായി ആദ്യം മേളയിൽ എത്തിയത്. ആംബ്രോസിയയുടെയും എൻ്റെ ഡെബ്യൂ ചിത്രം കാമദേവൻ്റെയും റൈറ്റർ ശരത്കുമാറിന്റെ പടമായിരുന്നു നീലമുടി. ആ സിനിമയിൽ ഞാൻ അഭിനേത്രിയായി. ഒരു സിനിമ പശ്ചാത്തലവും ഇല്ലാതെ ഫീച്ചർ ഫിലിം ചെയ്യുമ്പോൾ വലിയ ആശങ്ക ഉണ്ടായിരുന്നു. പ്രേക്ഷകർ വളരെ പോസിറ്റീവ് റിവ്യൂ ആണ് ഞങ്ങളുടെ ആദ്യ സിനിമയ്ക്ക് തന്നത്. അതിപ്പോൾ ആമസോൺ പ്രൈം വരെ എത്തിക്കാൻ പറ്റി. കഴിഞ്ഞവർഷം ക്യുപിഡുമായിട്ട് വന്നത് 'ഫ്രം ദി മേക്കേഴ്സ് ഓഫ് നീലമുടി' എന്ന ടാഗിൽ ആയിരുന്നു. അപ്പോളാണ് പ്രേക്ഷകർക്ക് ഞങ്ങളുടെ മേലുള്ള പ്രതീക്ഷ മനസ്സിലായത്. ക്യുപിഡിനും നല്ല പ്രതികരണം ലഭിച്ചു. ഇത്തവണ ഫ്രം ദി മേക്കേഴ്സ് ഓഫ് നീലമുടി ആൻഡ് ക്യുപിഡ് എന്ന ടാഗിൽ ആണ്. 'ഗുഡ് ഫിലിംസ് മേക്ക് യുവർ ലൈഫ് ബെറ്റർ' എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസിൻ്റെ തേർഡ് ഫീച്ചർ ഫിലിം ആണിത്.
പുതിയ ശ്രമം
ഇതുവരെ ചെയ്യാത്ത ഒരു സെറ്റപ്പിലാണ് ആംബ്രോസിയ കൺസീവ് ചെയ്തിട്ടുള്ളതും മേക്ക് ചെയ്തിട്ടുള്ളതും. ഒരു എക്സ്പിരിമെന്റൽ സ്വഭാവമുണ്ട്. ഐഎഫ്എഫ്കെ ഇത്തരം പരീക്ഷണങ്ങൾക്ക് ഏറ്റവും യോജിച്ച വേദിയാണ്. ഷൂട്ടിംഗ് മുഴുവൻ തൃശ്ശൂരായിരുന്നു. ഒരു സ്പേസ് കണ്ടുപിടിച്ച് അവിടെ സെറ്റ് ഇടുകയായിരുന്നു. ആറുപേരുമായി കൊളാബ് ചെയ്ത് ഗുഡ് ഫിലിംസ് മേക്ക് യുവർ ലൈഫ് ബെറ്റർ എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ്റെ ബാനറിലാണ് ചെയ്തത്. ഓ ബേബിയുടെ ഒക്കെ സിനിമാറ്റോഗ്രാഫറായ അരുൺ ചാലിലിൻ്റെ 90 ഡബ്ലിയു എന്ന പ്രൊഡക്ഷൻ ഹൗസ് പ്രൊഡക്ഷനിൽ പങ്കാളിയാണ്. ഷൂട്ട് ചെയ്തിരിക്കുന്നത് Sony FX3 ക്യാമറയിലാണ്. അതൊരു കൊളാബിൽ കിട്ടിയതാണ്.
കഴിഞ്ഞ സിനിമകളെ വച്ച് കുറച്ചുകൂടി നല്ലൊരു പ്രൊഡക്ഷൻ ആണ് ഇത്തവണത്തേത്. കഴിഞ്ഞ സിനിമകളിൽ സാമ്പത്തിക പ്രശ്നം കാരണം പല ഡിപ്പാർട്ട്മെന്റും വർക്ക് ചെയ്യാൻ പറ്റിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ എല്ലാ ഡിപ്പാർട്ട്മെന്റുകളും കൃത്യമായി പ്രവർത്തിച്ചിട്ടാണ് ആംബ്രോസിയ പ്രേക്ഷകരിൽ എത്തിച്ചത്.
പണമെന്നും പരിമിതി
ഞാൻ തൃശ്ശൂർ ഡ്രാമ സ്കൂളിൽ പഠിച്ചപ്പോൾ എന്റെ ജൂനിയർ ആയിട്ടുള്ള ശരത്കുമാറിനെ പരിചയപ്പെട്ടു. അവിടെ പഠിച്ചവർ തന്നെയാണ് മൂന്ന് സിനിമകളിലും പ്രവർത്തിച്ചിരിക്കുന്നത്. ഞങ്ങൾ നാടകം ചെയ്യും സിനിമയും ചെയ്യും, പഠിച്ചത് പ്രാക്റ്റീസ് ചെയ്ത് മുന്നോട്ട് പോവുകയാണ്.
ഞങ്ങളുടെ കൈയ്യിൽ ഒരുപാട് സ്ക്രിപ്റ്റുകൾ ഉണ്ട്. അഭിനേതാക്കൾക്കും പഞ്ഞമില്ല. പക്ഷെ ഒരു വലിയ ബഡ്ജറ്റ് സിനിമ അല്ലെങ്കിൽ ഇൻഡസ്ട്രിയിൽ ഒരു പടം ചെയ്യാൻ ഇപ്പോഴും പറ്റുന്നില്ല. കഴിഞ്ഞ രണ്ട് പടങ്ങളുടെ പ്രൊഫൈൽ ആണ് പുതിയ സിനിമ ചെയ്യാൻ സഹായിച്ചത്. അവസരങ്ങൾ ഇല്ലെങ്കിൽ നമ്മൾ ഉണ്ടാക്കുക എന്നുള്ളതാണല്ലോ. അങ്ങനെയാണ് ഇപ്പോൾ ഞങ്ങൾ മുന്നോട്ട് പോകുന്നത്.
നമ്മളൊരു നല്ല ഔട്ട് എടുത്താലും തിയേറ്റർ റിലീസിന് ഒരുപാട് കടമ്പകൾ ഉണ്ട്. ഒരുപാട് പണവും കോൺടാക്ട്സും വേണം. ഇപ്പൊൾ ഒടിടികളും തിയേറ്റർ റിലീസ് നടത്തിയ പടങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ. പിന്നെ സെൻസറിങ് അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാൽ മാത്രമേ തിയേറ്റർ-ഒടിടി റിലീസിലേക്കോ ഒക്കെ പോകാനാകൂ. ആ സമയത്താണ് ഐഎഫ്എഫ്കെ പോലുള്ള ഫെസ്റ്റിവൽസ് വലിയൊരു വേദിയായി മുന്നിൽ നിൽക്കുന്നത്. കാരണം നല്ല ഔട്ട് ഉണ്ടെങ്കിൽ നമ്മൾ കൃത്യമായി വർക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവിടെ സെലക്ട് ചെയ്യപ്പെട്ടാൽ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റുന്നുണ്ട്.
മെയിൻ സ്ട്രീം സിനിമ ചെയ്യണം
മെയിൻ സ്ട്രീമിൽ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. നീലമുടി ആമസോൺ പ്രൈമിൽ വന്നാലും എത്ര പേര് കാണും എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. ടൊവിനോയുടെയോ മറ്റേതെങ്കിലും താരത്തിൻ്റെയോ ഒരു പടം വരുന്നത് പോലെയല്ല. കുറച്ച് പുതുഖങ്ങളുള്ള ഒരു പടം വന്ന് അഭിനയിച്ചാൽ അത് ആമസോണിൽ വന്നാലും കാണാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ഇനിയും ഒരുപാട് സിനിമകള് ചെയ്യണമെന്നുണ്ട്. വലിയ വലിയ ആളുകൾക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അങ്ങനെയൊരു അവസരം കിട്ടാത്തതുകൊണ്ട് നമ്മള് നമ്മുടേതായ തരത്തില് സിനിമകള് ചെയ്യുന്നു.
എനിക്ക് പേഴ്സണലി ഴോൺറ സെൻട്രിക് ആയി സിനിമകൾ ചെയ്യണമെന്നില്ല.. ഞാൻ പഠിച്ചിട്ടുള്ളതും ചെയ്യുന്ന വർക്കുകളും എല്ലാം ആക്ടിങ് ഓറിയന്റഡ് ആണ്. ജോലി ചെയ്യുന്നതും ആക്ടിങ് ഫാക്കൽറ്റി ആയിട്ട് തന്നെയാണ്. എനിക്ക് അങ്ങനെ ആക്ടിങ്ങിൽ കുറച്ചു കൂടി ഫോക്കസ് ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാ ഴോൺറയും ട്രൈ ചെയ്യണം, എല്ലാ തരം ക്യാരക്ടേഴ്സും ട്രൈ ചെയ്യണം. നല്ല സിനിമകൾ ചെയ്യണം എന്നാണ്. നല്ല സിനിമ എന്ന് പറയുമ്പോൾ ജനങ്ങൾ അംഗീകരിക്കുന്ന തരത്തിലേക്കുള്ള നല്ല സിനിമകൾ ചെയ്യണം എന്ന് തന്നെയാണ് താല്പര്യം. അത്തരം അവസരത്തിനായിട്ടാണ് ഞങ്ങൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.


