
ഈ മഴയിലും ചീള് പിള്ളേരുടെ ഞെരിപ്പ് പടം മൂൺവാക്ക് കാണാൻ തിയേറ്ററിൽ പ്രേക്ഷകനെത്തുന്നു. വാണിജ്യ സിനിമ എന്നതിലുപരി സിനിമ പറഞ്ഞ രാഷ്ട്രീയവും ചർച്ചയാവുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ സംവിധായകൻ വിനോദ് എ കെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
പ്രേക്ഷക പ്രതികരണവുമായി മൂൺ വാക്ക്
സിനിമക്ക് അത്യാവശ്യം നല്ല പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട് ഇപ്പോൾ തന്നെ. സിനിമ കണ്ടു വിളിക്കുന്ന മിക്കവരും സിനിമയിലെ കഥയുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ പറയുകയും സിനിമ കണ്ട് അവർക്ക് ലഭിച്ച നൊസ്റ്റാൾജിക് ഫീലിനെ കുറിച്ചു പങ്കുവെക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതെല്ലാം വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആകെയുള്ള തടസ്സം ഇപ്പോൾ പെയ്തു കൊണ്ടിരിക്കുന്ന ഈ മഴ മാത്രമാണ്. അല്ലാത്തപക്ഷം നമ്മൾ ഹാപ്പിയാണ്.
മൂൺവാക്കിലേക്ക് എത്തുന്നത്
ഡാൻസുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന കുറെയധികം സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരുടെയൊക്കെ അനുഭവങ്ങൾ ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഈ സിനിമക്ക് പുറകിലെ പ്രചോദനവും. അതായത് അത്തരം അനുഭവങ്ങളെയെല്ലാം ചേർത്ത് ഏതെങ്കിലും കാലത്ത് ഒരു വിഷ്വൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യണമെന്ന താല്പര്യം ഉണ്ടായിരുന്നു. ഞാൻ മുൻപൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതും ഈ പറഞ്ഞ ഡാൻസേഴ്സുമായി ബന്ധപ്പെട്ടുള്ള വർക്കാണ്. പഴയ ഡാൻസേഴ്സ് ഒക്കെ ഇപ്പൊ എന്ത് ചെയ്യുന്നു തുടങ്ങിയ പോലുള്ള പഠനം ഒക്കെയായിരുന്നു അവരുമായുള്ള ഇൻട്രാക്ഷൻ വഴി ആ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആ പഠനത്തിന്റെ ഭാഗമായി ഒരു സിനിമയിലേക്കുള്ള സാധ്യത തുറന്നു കിട്ടുകയും അങ്ങനെയാണ് ഈ സിനിമയിലേക്ക് തയ്യാറെടുക്കുകയും ചെയ്തത്.
പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങൾ
മൂൺവാക്കിലെ കഥാപാത്രങ്ങളെയെല്ലാം പുതുമുഖങ്ങൾ ആക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. സ്റ്റാർ വാല്യു ഉള്ള ആർട്ടിസ്റ്റുകളെ അഭിനയിപ്പിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് തുടക്കത്തിൽ അതിനായി ശ്രമിച്ചിരുന്നു. പക്ഷേ എല്ലാവരുടെയും ഡേറ്റ് ഒന്നിച്ച് കിട്ടുക പ്രയാസമായിരുന്നു. അതിന്റെ കൂടെ ട്രെയിനിങ്ങിനായി കൂടി ഈ നടന്മാരെ കൊണ്ടുവരുക എന്നുള്ളതും വലിയ പ്രയാസമായിരുന്നു. അങ്ങനെയാണ് പുതുമുഖങ്ങളിലേക്ക് മാറുന്നത്. സ്റ്റാർ വാല്യു ഉള്ള നടന്മാരോട് സംസാരിക്കുന്ന സമയത്ത് തന്നെ മറ്റു അഭിനേതാക്കൾക്കായുള്ള ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു. ആ ഓഡിഷനിൽ നല്ല കഴിവുള്ള ആളുകൾ ഉണ്ടെന്ന് മനസ്സിലായപ്പോൾ പ്രധാന നടന്മാരായി പുതുമുഖങ്ങളെ കൊണ്ട് വരാമെന്നുള്ള ധൈര്യം നമുക്കും വന്നു. പിന്നെ ഈ പുതുമുഖങ്ങൾക്ക് ഇടയിൽ അറിയപ്പെടുന്ന നടന്മാരുടെ മുഖം കാണുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ മൊത്തം അറിയപ്പെടുന്ന നടന്മാരിലേക്ക് പോകും. അത് ഈ പുതിയ നടന്മാരുടെ ഫ്രഷ്നെസ്സ് വരെ ഇല്ലാതാക്കും. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാനായി ഞങ്ങൾ പുതുമുഖങ്ങളെ മാത്രമേ അഭിനയിപ്പിച്ചിട്ടുള്ളൂ.
സമയമെടുത്തുള്ള ഷൂട്ട്
പല പല ഫെയ്സ് ആയിട്ട് ഷൂട്ട് ചെയ്തു തീർക്കണം എന്നായിരുന്നു നമ്മുടെ പ്ലാനിങ്ൽ തുടക്കം മുതലേ ഉണ്ടായിരുന്നത്. അതിന്റെ ഒപ്പം ചില പ്രൊഡക്ഷൻ ഇഷ്യൂസും കൂടി വന്നപ്പോൾ മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സമയം വന്നു സിനിമ മുഴുമിപ്പിക്കാൻ. പിന്നെ അഭിനയിക്കുന്നവർക്ക് ട്രെയിനിങ് ആവശ്യമായിരുന്നു. മൂന്നുനാലു മാസം അങ്ങനെ ട്രെയിനിങ്ങിന് വേണ്ടി സമയം മാറ്റിവച്ചു. അത്തരത്തിൽ മൊത്തം കുറച്ചു സമയം എടുത്തു.
സിനിമക്കുള്ളിലെ പൊളിറ്റിക്സ്
ഈ സിനിമയിലെ പൊളിറ്റിക്സ് വളരെ സ്വാഭാവികമായി അതിന്റെ കഥയിൽ ഉള്ളതാണ്. ചിലയിടങ്ങളിൽ അത് സ്ട്രോങ്ങ് ആയി അവതരിപ്പിച്ചിട്ടുണ്ട്. അത് കഥാപാത്രങ്ങളുടെ സാഹചര്യങ്ങൾ ഡിമാൻഡ് ചെയ്യുന്നതാണ്. അല്ലാതെ പൊളിറ്റിക്സ് പറയാനായി മനപ്പൂർവം ഒന്നും ചേർത്തിട്ടില്ല
പ്രചോദനമായ ചില സംഭവങ്ങൾ
റിയൽ ലൈഫിൽ ഞാൻ കണ്ടിട്ടുള്ള ഡാൻസേഴ്സിന്റെ ലൈഫിൽ പല കാര്യങ്ങളും സത്യസന്ധമായി ഈ സിനിമയിലൂടെ പറയണം എന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ പണ്ടത്തെ ഡാൻസെഴ്സിന്റെ പിന്നീടുള്ള ലൈഫിനെക്കുറിച്ച് ഡാർക്ക് ആയി അവതരിപ്പിക്കേണ്ട എന്ന് പിന്നീട് എനിക്ക് തോന്നി. അതുകൊണ്ട് അവരുടെ ഒരു ജേണി മാത്രമാണ് കാര്യമായി കാണിക്കാൻ ശ്രമിച്ചത്. അതിൽ കൂടുതൽ ഡാർക്ക് ആയിട്ടുള്ള കാര്യങ്ങളിലേക്ക് കടന്നിട്ടില്ല. ആറുമാസങ്ങൾക്ക് മുൻപ് ഒരു ഡാൻസ് മാസ്റ്റർ ആത്മഹത്യ ചെയ്തു. അതുപോലെ ഈ മേഖലയിൽ ഉള്ള 4 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. ആ ഒരു വശത്തേക്ക് ചിന്തിച്ചാൽ അവരുടെ ലൈഫിനെക്കുറിച്ച് കുറെ കാര്യങ്ങൾ പറയാനുണ്ട്. പക്ഷെ അതിനെ ആ നിലക്ക് അവതരിപ്പിക്കേണ്ട എന്നുള്ള നിലയ്ക്ക് അതിലെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങൾ മാത്രമാണ് പറയാൻ ശ്രമിച്ചിട്ടുള്ളത്.
80-90 കാലഘട്ടങ്ങളുടെ റീ ക്രിയേഷൻ
പറ്റാവുന്നിടത്തോളം ശ്രദ്ധിച്ചുകൊണ്ടാണ് ആ കാലഘട്ടത്തെ റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.എന്നിട്ടും ചിലയിടങ്ങളിൽ പാളി പോയിട്ടുണ്ട്. അറിയാവുന്ന മനുഷ്യർക്ക് അത് കണ്ടാൽ മനസ്സിലാവുകയും ചെയ്യും. ഇതെല്ലാം സാമ്പത്തികത്തെ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്നതുകൊണ്ട് ചിലയിടങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതേസമയം തന്നെ സിനിമ ആളുകളിലേക്ക് എത്തുന്നതിന് തൊട്ടു മുൻപുള്ള നിമിഷം വരെയ്ക്കും പല കാര്യങ്ങളും പിന്നെയും പിന്നെയും ശരിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. പിന്നെ ഇത്തരത്തിൽ കാലഘട്ടങ്ങളെ അവതരിപ്പിക്കുമ്പോൾ ഉറപ്പായും അതൊരു വെല്ലുവിളി തന്നെയാണ്. ഇന്നില്ലാത്ത തരത്തിലുള്ള ട്രാഫിക് ലൈറ്റുകളും സിഗ്നലുകളും വീടുകളും എല്ലാം കൊടുക്കേണ്ടി വരും. അതാ കാലഘട്ടം ഡിമാൻഡ് ചെയുന്നതാണ്. അതെല്ലാം ഉണ്ടാക്കിയെടുക്കുക എന്നത് വെല്ലുവിളിയാണ്. പിന്നെ നമ്മുടെ എല്ലാ ഡിപ്പാർട്ട്മെന്റും ഒരുമിച്ച് നിന്നത് കാരണം കാര്യങ്ങളെല്ലാം നടന്നു
അഭിനയിച്ചു തകർത്തവർ
എന്നെ ഏറ്റവുമധികം എക്സൈറ്റ് ചെയ്യിച്ച കാര്യം എന്താണെന്ന് വെച്ചാൽ, തുടക്കത്തിൽ സ്റ്റാർ വാല്യൂ ഉള്ള നടന്മാർക്ക് വേണ്ടി മാറ്റിവെച്ച കഥാപാത്രമായിരുന്നു ഇതെല്ലാം. പിന്നീടാണ് അത് പുതുമുഖങ്ങളിലേക്ക് എത്തിയത്. പക്ഷേ ഇപ്പോൾ എനിക്ക് അവരെയല്ലാതെ മറ്റാരെയും ആ കഥാപാത്രങ്ങളായി ചിന്തിക്കാൻ പറ്റുന്നില്ല എന്നതാണ്. ഈ സിനിമയെ മറ്റൊരു ഭാഷയിലേക്ക് ചെയ്യുകയാണെങ്കിൽ അവിടെ വേറെ ആർട്ടിസ്റ്റുകളെ നമുക്ക് ചിന്തിക്കാൻ പറ്റും. പക്ഷേ മലയാളത്തിൽ ഇവരെയല്ലാതെ മറ്റാരെയും ചിന്തിക്കാൻ പറ്റില്ല.
ഭാഷയും കഥാപരിസരവും
കഥ നടക്കുന്നത് തിരുവനന്തപുരത്ത് ആയത് കാരണം ഭാഷയും അവിടുത്തെ ഭാഷ തന്നെ ആകണമെന്ന് നിർബന്ധമാണ്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് കോൾ പുറത്തിറക്കുന്ന സമയത്ത് പോലും തിരുവനന്തപുരത്തുള്ള ആളുകളെ അന്വേഷിച്ചു കൊണ്ടാണ് നമ്മൾ പരസ്യം കൊടുത്തത്. അതായത് മറ്റൊരു നാട്ടുകാരനെ കൊണ്ടുവന്ന് ഭാഷ പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അതിനേക്കാൾ എളുപ്പം തിരുവനന്തപുരമുള്ള ആളുകൾ തന്നെയാണ്. അതും ഡാൻസ് അറിയുന്നവരെ തന്നെയാണ് സെലെക്ട് ചെയ്തത്. പിന്നെ ആർടിസ്റ്റുകളെ സെലക്ട് ചെയ്തതിനു ശേഷം ഒരു മൂന്നാല് മാസം അവർ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അങ്ങനെ കഥാപാത്രങ്ങളായി മാറാൻ എല്ലാവരും ഒരുപോലെ എഫർട് എടുക്കുകയായിരുന്നു
സിനിമയിലേക്കുള്ള യാത്ര
എനിക്കങ്ങനെ പറയാൻ മാത്രമുള്ള ജേണിയൊന്നുമില്ല. ഒരുപാട് വര്ഷങ്ങളായി പരസ്യ ചിത്രങ്ങൾ ചെയ്യുമായിരുന്നു. അതെന്റെ ഉപജീവനമായിരുന്നു. പിന്നെ സിനിമ മനസ്സിൽ ഉള്ളത് കൊണ്ട് ഫിലിം മെയ്ക്കിങ്ങിലേക്ക് തിരിഞ്ഞു. അത്ര തന്നെ.