
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട സിനിമയിലെ മധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് മാധവൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുന്നു.
നരിവേട്ട നൽകുന്ന സന്തോഷം
നമ്മൾ വർക്ക് ചെയ്ത ഒരു സിനിമ എല്ലാവരിലേക്കും ഒരുപോലെ എത്തുക എന്നുള്ളതാണ് ഒരു നടൻ എന്നുള്ള നിലയ്ക്ക് എന്റെ ഏറ്റവും വലിയ സന്തോഷം. നരിവേട്ടയുടെ കാര്യത്തിൽ, ഈ മഴക്കാലത്ത് പോലും സിനിമ ഹൗസ് ഫുൾ ആയി ഓടുന്നുവെങ്കിൽ സിനിമ അത്തരത്തിൽ എല്ലാവരിലേക്കും ഒരുപോലെ എത്തുന്നു എന്നാണ് അർത്ഥം.എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. അഭിനയിച്ചിട്ട് പുറത്തിറങ്ങാത്ത സിനിമകൾ വേറെയുമുണ്ട്. പക്ഷേ ഇതുവരെ മറ്റു സിനിമകളിൽ ഒന്നും ലഭിക്കാത്ത സ്വീകാര്യത എനിക്ക് നരിവേട്ട വഴി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയിലൂടെ എന്നെ കുറച്ചു കൂടുതൽ പേർ അറിയുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു.
സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന മധു
ഈ സിനിമയിലെ മധു എന്ന കഥാപാത്രം ചെയ്യാൻ എന്നെ ആദ്യമായി വിളിക്കുന്നത് കൺട്രോളറാണ്. കഥാപാത്രത്തിനായി ഒരു ഓഡിഷനോ സ്ക്രീൻ ടെസ്റ്റോ ഒന്നും അവർ എന്നെക്കൊണ്ട് നടത്തിച്ചിട്ടില്ല. കഥാപാത്രം ചെയ്യാനുള്ള ഡേറ്റ് അറിയിച്ചു കൊണ്ടാണ് അവർ വിളിക്കുന്നത്. പിന്നീടാണ് ജീവിച്ചിരിക്കുന്ന ഗീതാനന്ദൻ എന്ന് പറയുന്ന വളരെയധികം വാർത്താപ്രാധാന്യം നേടിയ ഒരു വ്യക്തിയുടെ ജീവിതമാണ് കഥാപാത്രമായി ഞാൻ ചെയ്യാൻ പോകുന്നത് എന്ന കാര്യം പോലും എനിക്ക് മനസ്സിലാകുന്നത്. ഇതൊരു ഭൂസമരത്തിന്റെ കഥയാണ് എന്ന് മാത്രമാണ് തുടക്കത്തിൽ സിനിമയെക്കുറിച്ച് സംവിധായകനിൽ നിന്നും എനിക്ക് കിട്ടിയ വിവരം. പിന്നീട് മറ്റൊരാളിൽ നിന്നാണ് ഈ സിനിമയെ കുറിച്ച് ഞാൻ കൂടുതലായി അറിയുന്നത്. പിന്നെ ഷൂട്ട് സമയത്ത് ആദിവാസികളുടെ കൂടെയായിരുന്നു ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്. ഒരു പരിധി കഴിഞ്ഞപ്പോൾ അവർ അവരുടെ പ്രശ്നങ്ങളെല്ലാം നമ്മളോട് പറയാൻ തുടങ്ങി. അവരുടെ ഒരു ലീഡർ ആയിട്ടാണ് പലപ്പോഴും അവർ നമ്മളെ കാണുന്നത്. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. എന്നോടും ആര്യയോടും അത്തരത്തിലുള്ള സമീപനമായിരുന്നു അവർ വച്ചുപുലർത്തിയത്. അത് അത്ഭുതകരമായ ഒരു അനുഭവമാണ്.
അനുരാജ് മനോഹറും അബിൻ ജോസഫും
നരിവേട്ടയിലേക്ക് എത്തുന്നത് വരെ രണ്ടുപേരുമായി എനിക്ക് യാതൊരുവിധ പരിചയവുമില്ലായിരുന്നു. സാധാരണ ഞാൻ സിനിമകൾ ചെയ്യും എന്നല്ലാതെ അതിനപ്പുറത്തേക്കുള്ള സിനിമ ബന്ധങ്ങൾ ഒന്നും കാത്തുസൂക്ഷിക്കാറില്ല. ആട്ടം സിനിമ കണ്ടിട്ടാണ് അനുരാജ് മനോഹർ എനിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയക്കുന്നത്. അങ്ങനെ ഞങ്ങൾ ഫേസ്ബുക്ക് സുഹൃത്തുക്കളായി. അല്ലാതെ അതിന്റെ പേരിൽ മിണ്ടിയിട്ടൊന്നുമില്ല. ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളറാണ്. അന്നാണ് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചത് ഈ അനുരാജ് ആണെന്ന് ഞാൻ മനസിലാക്കുന്നത്. തീർച്ചയായും അനുരാജ് മനോഹർ നിർദ്ദേശിച്ചിട്ടായിരിക്കും അദ്ദേഹം എന്നെ വിളിച്ചിരിക്കുക എന്നാണ് ഞാൻ കരുതുന്നത്. പിന്നീട് കഥാപാത്രത്തിന്റെ മേക്കപ്പ് ഇട്ടു നോക്കാനായി പോകുന്ന സമയത്താണ് അനുരാജിനെ ഞാൻ ആദ്യമായി കാണുന്നത്. അബിനെ ആദ്യമായി കാണുന്നത് ലൊക്കേഷനിൽ വെച്ചാണ്
മധുവാകാനുള്ള തയ്യാറെടുപ്പ്
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെയാണ് മധു എന്ന കഥാപാത്രമായി ഞാൻ സിനിമയിലേക്ക് കൊണ്ടുവരേണ്ടത്. അതൊരു വെല്ലുവിളി തന്നെയാണ്. എനിക്കാണെങ്കിൽ തുടക്കത്തിൽ സിനിമയുടെ കഥയെ കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കാര്യമായി ഒന്നുമറിയില്ല. നായകനായ ടൊവിനോ കഴിഞ്ഞാൽ പിന്നെ പ്രധാന കഥാപാത്രങ്ങളായി വരുന്നത് എന്റെ കഥാപാത്രവും മറ്റൊരു സ്ത്രീയുടെ കഥാപാത്രവുമാണ് എന്നാണ് കാര്യമായി അറിയാൻ പറ്റിയത്. അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാം എന്നുവച്ചാൽ സംവിധായകൻ തിരക്കിലാണ്. മാത്രമല്ല ഒരു കഥാപാത്രത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ് തയ്യാറെടുക്കുന്ന രീതിയാണ് ഞാൻ സ്വീകരിക്കാറുള്ളത്. അതിന് പറ്റിയില്ലെങ്കിൽ എനിക്ക് വലിയ ടെൻഷൻ ആകും. അങ്ങനെയാണ് ഞാൻ കൺട്രോളറെ വിളിച്ചു കാര്യം പറയുന്നത്. കൺട്രോളർ എനിക്ക് ചീഫ് അസോസിയേറ്റിനെ കണക്ട് ചെയ്തു തന്നു. അതുവഴിയാണ് ഇങ്ങനെ ഒരു സമരവുമായി ബന്ധപ്പെട്ട കഥയാണ് സിനിമ ചർച്ച ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെ കുറച്ചു ഞാൻ കൂടുതൽ അറിയുന്നത്. തുടർന്ന് ഇന്റർനെറ്റ് വഴി ഗീതാനന്ദനെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട വീഡിയോസ് കണ്ടു. പക്ഷെ അതിൽ ഒന്നും ആ വ്യക്തിയെക്കുറിച്ച് കാര്യമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള വിഷ്വൽസ് ഒന്നും കിട്ടിയില്ല. സമര ശേഷമുള്ള ഗീതാനന്ദനെ മാത്രമാണ് ആ വീഡിയോയിൽ എല്ലാം കാണാൻ പറ്റിയത്. ഗീതാനന്ദന്റെ ശരീരഭാഷയൊന്നും എനിക്ക് അതിൽ നിന്ന് മനസിലായില്ല. പിന്നീട് എന്റെ സുഹൃദ്വലയത്തിനുള്ളിലെ സോഷ്യൽ ആക്ടിവിസ്റ്റുകളുടെ കോമൺ ആയിട്ടുള്ള ചില രീതികളാണ് സിനിമയ്ക്ക് വേണ്ടി റഫറൻസ് ആയി ഞാൻ എടുത്തത്. അങ്ങനെ മധു എന്ന കഥാപാത്രത്തിന് വേണ്ടി ഞാൻ ഡിസൈൻ ചെയ്ത രീതിക്കാണ് ആ കഥാപാത്രം ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. ആത്യന്തികമായി സിനിമ പറയുന്നത് സി കെ ജാനു, ഗീതാനന്ദൻ എന്നീ വ്യക്തികളുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളെ കുറിച്ചാണ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളെ ഡിസൈൻ ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക് അവിടെയുണ്ട്. എന്നാൽ ഷൂട്ട് തുടങ്ങി എന്റെ ആദ്യത്തെ ഡയലോഗ് പറഞ്ഞ ദിവസം സംവിധായകൻ എന്നോട് പറഞ്ഞു മധുവിന് അത്രയ്ക്ക് അധികം ഇമോഷൻ ആവശ്യമില്ല എന്ന്. അതായത് ശാന്തി എന്ന് പറയുന്ന കഥാപാത്രത്തിന് ലീഗൽ സപ്പോർട്ട് കൊടുക്കുന്ന വ്യക്തിയാണ് മധു. അയാൾ ശാന്തിയുടെ കമ്മ്യൂണിറ്റിക്ക് പുറത്തുള്ള ആളാണ്. നിയമബിരുദ്ധധാരിയായ മധുവിന് ശാന്തിക്ക് ധാർമിക പിന്തുണ നൽകുക എന്നുള്ള ഉദ്ദേശമാണ് ഉള്ളത്. അയാൾ പങ്കെടുക്കുന്ന നിരവധി സമരങ്ങളിൽ ഒന്നുമാത്രമാണ് ഇതും. നയങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന, ഗവണ്മെന്റിന് സമരത്തോടുള്ള അനുഭാവം തിരിച്ചറിയുന്ന മധുവിന് ട്രൈബ്സിനോടുള്ളത് സഹാനുഭൂതിയും സഹജീവി സ്നേഹവുമാണ്.
ചിരിക്കാത്ത മധു
സിനിമയിൽ ശാന്തിക്കാണ് പ്രാധാന്യം. സിനിമയിൽ രണ്ടു വിഭാഗങ്ങളെ കാണിക്കുന്നുണ്ട്. പോലീസുകാരും സമരക്കാരും. അതിൽ സമരക്കാരുടെ കൂടെയാണ് മധു നിൽക്കുന്നത്. ശാന്തിക്ക് സപ്പോർട്ട് കൊടുക്കുക എന്നതാണ് മധുവിന്റെ ദൗത്യം. എന്നാൽ ശാന്തി പ്രകോപിതയാകുന്ന, പ്രതികരിക്കുന്ന നിമിഷത്തിൽ എല്ലാം കൂടെ നിൽക്കുമ്പോൾ ഞാൻ എന്ന വ്യക്തിക്ക് കൂടി പ്രതികരിക്കാനുള്ള ത്വര വരും. എന്നിരുന്നാലും പ്രതികരിക്കാൻ പറ്റില്ലല്ലോ. കാരണം അവിടെ ഞാൻ എന്ന ആളില്ല കഥാപാത്രം മാത്രമേ ഉള്ളൂ. അതായത് എന്റെ കഥാപാത്രത്തിന് പ്രതികരിക്കേണ്ട ആവശ്യം വരുന്നില്ല. നിശബ്ദതയാണ് അവിടെ മധുവിന് ആവശ്യം. വാസ്തവത്തിൽ അതൊരു വെല്ലുവിളി തന്നെയാണ്. ശാന്തി എന്ന കഥാപാത്രത്തിന്റെ ഒഴുക്കിനനുസരിച്ച് സഞ്ചരിക്കാനുള്ള ഞാനെന്ന വ്യക്തിയുടെ ത്വരയേ അടക്കിവെക്കുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി.
മുത്തങ്ങയിലെ യാഥാർത്ഥ്യങ്ങൾ
ഞാൻ ഡിഗ്രി പഠിച്ചത് വയനാട്ടിലാണ്. അതുകൊണ്ടുതന്നെ അക്കാലത്തെ എനിക്കറിയാം അവിടുത്തെ ജനങ്ങൾക്കിടയിലെ ജാതീയമായ വേർതിരിവിനെക്കുറിച്ച്. എന്നാൽ മുത്തങ്ങ പ്രശ്നത്തിൽ നമ്മൾ കണ്ടതും കേട്ടതും അല്ല യാഥാർത്ഥ്യമെന്ന് ഞാൻ വ്യക്തമായി അറിയുന്നത് നരിവേട്ട സിനിമയുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് സമയത്താണ്. നമ്മുടെ കൂടെയുണ്ടായിരുന്ന ആദിവാസികളാണ് അതിനെക്കുറിച്ച് കൂടുതലായി പറഞ്ഞുതരുന്നത്. മുത്തങ്ങ പ്രശ്നം നടക്കുന്ന സമയത്ത് അവിടെ മരണപ്പെട്ട ആളുകളുടെ എണ്ണം പോലും ഗവൺമെന്റ് തെറ്റായ രീതിക്കാണ് നമ്മളിലേക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് അവർ പറയുന്നത്. അതായത് നമ്മൾ കേട്ട മരണ നിരക്ക് അല്ല യഥാർത്ഥത്തിൽ സംഭവിച്ചത്. അതിനേക്കാൾ കൂടുതലുണ്ട് എന്നാണ് അവർ പറയുന്നത്. അതുപോലെതന്നെ കുടിലുകളിൽ കയറി പോലീസ് പല സ്ത്രീകളെയും ബലാത്സംഗം ചെയ്തു എന്നും പറയുന്നു. മാത്രമല്ല ഗീതാനന്ദൻ, സി കെ ജാനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ വാഹനം വഴി തിരിച്ചുവിട്ട് രണ്ടുപേരെയും അവർ ഒരുപാട് മർദ്ദിച്ചു എന്നും അതിനുശേഷം ആണ് കോടതിയിൽ ഹാജരാക്കിയത് എന്നും പറയുന്നുണ്ട്. യഥാർത്ഥത്തിൽ നമ്മൾ അറിഞ്ഞതിനേക്കാൾ വലിയ ഭീകരമായ കാര്യങ്ങളാണ് അവിടെ സംഭവിച്ചത്. ഈ സിനിമ മുത്തങ്ങ സംഭവത്തോട് സാദൃശ്യമുള്ള ഒരു കഥയാണ് പറയുന്നത്. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളുടെ 10 ശതമാനം പോലും അതിൽ വന്നിട്ടുണ്ടാകില്ല. നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. സത്യത്തിൽ സ്നേഹിക്കാൻ മാത്രമറിയുന്ന പാവം മനുഷ്യരോടാണ് ഈ ക്രൂരത കാണിച്ചത്.
ഗീതാനന്ദനുമായുള്ള കൂടിക്കാഴ്ച്ച
ഞങ്ങൾ തമ്മിൽ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. അല്പം മുൻപ് എന്റെ സുഹൃത്ത് വിളിച്ചപ്പോൾ ആ സുഹൃത്ത് പറഞ്ഞു ഗീതാനന്ദൻ അയാളുടെ സുഹൃത്താണെന്ന്. അതുകേട്ടപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു അദ്ദേഹം ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ അദ്ദേഹത്തോട് കാണാൻ പറയണം, എന്റെ സുഹൃത്താണ് ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് എന്ന്. ഞാനറിഞ്ഞിടത്തോളം ഈ സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം കൂടുതൽ സംസാരിക്കാൻ തയ്യാറായിട്ടില്ല എന്നാണ്.