'ഞാന്‍ ഇനി മട്ടൻ തൊടില്ല, ആ പൊലീസുകാരന്‍ നീ കഞ്ചാവല്ലേന്ന് ചോദിച്ചു'; ​ഗോകുൽ എന്ന 'ഹക്കീം' പറയുന്നു

By Nithya RobinsonFirst Published Mar 30, 2024, 1:52 PM IST
Highlights

പതിനാറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആടുജീവിതം സിനിമ മാർച്ച് 28ന് തിയറ്ററിൽ എത്തിയപ്പോൾ ​ഗോകുലിനെ കണ്ട് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു 'എന്തൊരു പ്രകടനമാണ് ആ പയ്യന്റേത്'.

"ഈ സിനിമ കഴിയുമ്പോൾ എല്ലാവരും നിന്നെ തിരിച്ചറിയും", ആടുജീവിതം എന്ന സിനിമയിലേക്ക് എത്തുമ്പോൾ സംവിധായകൻ ബ്ലെസി, ​ഗോകുൽ എന്ന17കാരനോട് പാറഞ്ഞ വാക്കുകളായിരുന്നു ഇത്. ഈ വാക്ക് ഉൾക്കൊണ്ട് ആത്മവിശ്വാസത്തോടെ ആ പയ്യൻ സിനിമയുടെ വെള്ളിനാളങ്ങളിലേക്ക് ആഴ്ന്നിറങ്ങി. പിന്നീട് ആറ് വർഷത്തോളം ആടുജീവിതത്തോടൊപ്പമുള്ള യാത്ര. ഇന്നവന് ഇരുപത്തിനാല് വയസ്. ബ്ലെസി മുൻപ് പറഞ്ഞത് പോലെ എല്ലാവരും ​അവനെ തിരിച്ചറിഞ്ഞു. പുകഴ്ത്തിപ്പാടി. 

പതിനാറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആടുജീവിതം സിനിമ മാർച്ച് 28ന് തിയറ്ററിൽ എത്തിയപ്പോൾ ​ഗോകുലിനെ കണ്ട് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു 'എന്തൊരു പ്രകടനമാണ് ആ പയ്യന്റേത്'. പൃഥ്വിരാജിനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിച്ച ഈ കോഴിക്കോടുകാരൻ സിനിമയിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്. കയ്യിലെത്തിയ സിനിമയെന്ന സ്വപ്നത്തെ മുറുകെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ​ഗോകുൽ ഇപ്പോൾ. ആടുജീവിതം വിജയ​ഗാഥ രചിച്ച് മുന്നേറുന്നതിനിടെ സിനിമയെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ​ഗോകുല്‍ മനസുതുറക്കുന്നു.. 

മാർച്ച് 28ന് കഥ മാറി, എല്ലാവരുടെയും ചർച്ചാവിഷം ​ഗോകുൽ എന്ന 'ഹക്കീം'

കുറേ കാലങ്ങളായി ഞങ്ങൾ എടുത്ത എഫേർട്ടിനുള്ള അം​ഗീകാരം പ്രേക്ഷകരിൽ നിന്നും കിട്ടുമ്പോൾ, പണ്ട് ബ്ലെസി സാർ പ്രവചിച്ചത് പോലെ, ഈ സിനിമ കഴിയുമ്പോൾ എല്ലാവരും നിന്നെ തിരിച്ചറിയും എന്ന വാക്കുകളൊക്കെ സത്യമാകുമ്പോൾ എന്നെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. വിലമതിക്കാനാകാത്ത നിമിഷമാണിത്. യഥാർത്ഥത്തിൽ ഇനി വരുന്ന ജീവിതത്തിൽ എപ്പോഴും ഓർമിക്കാൻ പാകത്തിനുള്ള നിമിഷം. 

സിനിമ സ്വപ്നം കണ്ട് നടക്കുന്ന കുറേയധികം മലയാളികൾ ഉണ്ട്. ചെറുപ്പക്കാരുണ്ട്. അവർക്കിടയിൽ നിന്നും എനിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയതും വേണ്ട രീതിയിൽ അത് ഉപയോ​ഗിക്കാൻ പറ്റിയതിലുമെല്ലാം ഒരുപാട് സന്തോഷം. ഈ സിനിമയിൽ വർക്ക് ചെയ്ത എല്ലാവരും ആത്മാർത്ഥമായി പ്രയത്നിച്ചവരാണ്. അവരുടെ നൂറ് ശതമാനവും കൊടുത്തവരാണ്. ആ കഠിനാധ്വാനത്തിന് ഫലപ്രദമായ റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു. ആ പ്രതീക്ഷ ഉണ്ടായിരുന്നു. അതിന് ഫലം ലഭിക്കുകയും ചെയ്തു. 

സിനിമ എന്ന സ്വപ്നം എന്റെ കയ്യിലെത്തി കഴിഞ്ഞു. അതിനി മുറുക്കെ പിടിക്കാനാണ് ഞാൻ പോകുന്നത്. അങ്ങനെ ആകട്ടെ എന്നാണ് ഞാൻ ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നതും. അതിന് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കാനുള്ള മനസ് എനിക്കുണ്ട്. 

കാലം തിരിഞ്ഞ് 'ഹക്കീ'മിനെ കയ്യിലേക്ക്..

ആടുജീവിതം നോവൽ വായിച്ച് കരഞ്ഞ, ആ സന്ദർഭങ്ങൾ മനസിൽ ഒരു നൊമ്പരമായി കൊണ്ടുനടന്ന ഒരുപാട് മലയാളികളിൽ ഒരാളായിരുന്നു ഞാനും. കാലം തിരിഞ്ഞിട്ട് ബ്ലെസി സാർ അവനെ(ഹക്കീം) എന്റെ കയ്യിലേക്ക് ഏൽപ്പിക്കുമ്പോൾ ഭയങ്കര ചലഞ്ചിം​ഗ് ആയിരുന്നു. അത് എത്രത്തോളം ചലഞ്ചിം​ഗ് ആയിരിക്കുമെന്നും എനിക്ക് അറിയാമായിരുന്നു. 

കാലങ്ങളിലൂടെ മാറുന്ന, ചലഞ്ചിം​ഗ് ആയിട്ടുള്ള മുഹൂർത്തങ്ങൾ ഉള്ള കഥാപാത്രം ആണ് ഹക്കീം. പക്ഷേ അതെനിക്ക്  തോന്നിപ്പിക്കാത്ത വിധം എല്ലാ അണിയറപ്രവർത്തകരും ബ്ലെസി സാറും രാജു ചേട്ടനും ഒക്കെ കൺഫർട്ടബിൾ ആക്കി. എന്നെ ചേർത്ത് പിടിച്ചിരുന്നു. അങ്ങനെ ചേർത്ത് പിടിച്ചത് കൊണ്ട് തന്നെയാണ് മനോഹരമായി ആ കഥാപാത്രം  ചെയ്യാൻ സാധിച്ചതും. ​ഗംഭീരമാക്കാൻ സാധിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

'ആടുജീവിതം' വന്ന വഴി

ഒഡിഷൻ വഴിയാണ് ഞാൻ ആടുജീവിതത്തിൽ എത്തുന്നത്. ഡി​ഗ്രിക്ക് പഠിക്കുന്ന സമയമാണത്. യൂണിവേഴ്സിറ്റി യൂണിയന്റെ കീഴിൽ കലാജാഥ എന്നൊരു പ്രോ​ഗ്രാം ഉണ്ടായിരുന്നു. എല്ലാ കോളേജുകളിലും പോയി സ്കിറ്റ്, ഡാൻസ്, പാട്ട് എന്നിവയൊക്കെ ചെയ്യും. അതിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കവെയാണ് സിനിമയിലേക്ക് വിളി വരുന്നത്. ശാന്തേട്ടനാണ്(നാടക കലാകാരന്‍) കോൾ വരുന്നത്. അദ്ദേഹം ഫോട്ടോ ആയക്കാൻ പറഞ്ഞു അയച്ചു കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒഡിഷന് വിളിച്ചു, പോയി. അങ്ങനെ ഒടുവിൽ കിട്ടി. ബ്ലെസി സാറും, ക്യാമറാമാനും, അസിസ്റ്റന്റും ഒക്കെ ആയിരുന്നു ഒഡിഷൻ ക്രൂവിൽ ഉണ്ടായിരുന്നത്. അന്ന് 17 വയസായിരുന്നു എനിക്ക്. ഇപ്പോൾ 24 വയസ്. ആടുജീവിതം സിനിമയ്ക്ക് ഒപ്പം വളർന്ന ആളാണ് ഞാൻ. 

സിനിമ കണ്ട ശേഷം ബ്ലെസി സാറിനെ കാണാൻ പോയിരുന്നു. അദ്ദേഹത്തെ കണ്ടതും ഞാൻ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒന്നു ചിരിച്ചു. വേറെ ഒന്നും പറഞ്ഞില്ല. അതിൽ എല്ലാം ഉണ്ടായിരുന്നു. രാജു ഏട്ടൻ എന്നെ കണ്ടതും വന്ന് കെട്ടിപിടിച്ചു. സൂപ്പർ സ്റ്റാറായല്ലോ എന്നാണ് പറഞ്ഞത്. എല്ലാവരും അങ്ങനെ തന്നെ ആയിരുന്നു.  

ഹക്കീമിനെ പോലെ ജീവിച്ച ​ഞാൻ.. 

ആദ്യം ശരീരവണ്ണം കൂട്ടുകയും പിന്നീട് തടി കുറയ്ക്കുകയും ചെയ്യേണ്ട പ്രോസസ് ഉണ്ടായിരുന്നു. ആദ്യ ഷെഡ്യൂളിൽ 64 കിലോ​ഗ്രാമിൽ എത്തിച്ചു. അടുത്ത ഷെഡ്യൂളിന് വേണ്ടി പതിയെ താടിയും മുടിയുമൊക്കെ വളർത്തി, കലോറികൾ കുറച്ച് കുറച്ച് കൊണ്ടുവന്നു. അവസാന പതിനഞ്ച് ദിവസം വാട്ടർ ഡയറ്റ് വരെ എടുത്തു. മൂന്നാം ദിവസം കുഴഞ്ഞ് വീഴുന്ന അവസ്ഥവരെ ഉണ്ടായി. കുളിക്കാതെ ഒക്കെ ദിവസങ്ങളോളം നടന്നു. ഹക്കീം യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ എന്റെ ലൈഫിൽ അനുഭവിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചു. 

വാട്ടർ ഡയറ്റ് സമയത്ത് കാപ്പിയും വെള്ളവും മാത്രം ആയിരുന്നു കുടിച്ചത്. കവിളിലെ തുടിപ്പൊക്കെ മാറ്റാൻ വേണ്ടിയൊക്കെ ആയിരുന്നു അത്. മൂന്നാമത്തെ ദിവസം ആണ് കുഴഞ്ഞ് വീണത്. പിന്നീട് ഒരു ഖുബൂസും റോബസ്റ്റയുടെ ഷേയ്ക്കും ആയിരുന്നു ദിവസേനയുള്ള ഭക്ഷണം. ഹക്കീം കഴിച്ചത് പോലെ ഖുബൂസ് വെള്ളത്തിൽ മുക്കി കഴിക്കുമായിരുന്നു. വൈകുന്നേരം നാട്ടിൽ തന്നെ ഉള്ളൊരു ​ഗ്രൗണ്ടിൽ ഒടാൻ പോകും. ചുരുക്കി പറഞ്ഞാല്‍ വെള്ളവും വായുവും ആയിരുന്നു പ്രധാനഭക്ഷണം. 

നീ കഞ്ചാവല്ലേ എന്ന് ചോദിച്ചു ! 

നമ്മളൊരു മനുഷ്യ ജീവിയല്ലേ. വീട്ടിൽ തന്നെ കെട്ടിപ്പൂട്ടി ഇരിക്കാൻ പറ്റില്ലല്ലോ. ഫങ്ഷനും മറ്റുമൊക്കെ ആയിട്ട് പുറത്തൊക്കെ പോകുമായിരുന്നു. ആ സമയത്തൊക്കെ ഇവനെന്താ മയക്കുമരുന്ന് കേസാണോ എന്നൊക്കെ ആളുകൾ ചിന്തിച്ചിട്ടുണ്ട്. കാരണം ഞാൻ മെലിയുന്നുമുണ്ട് മുടിയും താടിയും വളർത്തിയിട്ടും ഉണ്ട്. അതൊക്കെ കാണുമ്പോൾ മനുഷ്യന്മാർക്ക് ഉണ്ടാകുന്ന പൊതുബോധം ഉണ്ടല്ലോ? ഇങ്ങനെ രൂപമുള്ളവർ അങ്ങനെയൊക്കെ ആകാം എന്ന രീതി. അങ്ങനെയാണ് മിക്കവരും ചിന്തിച്ചത്. 

ഏറ്റവും കൂടുതൽ സർപ്രൈസിം​ഗ് ആയിട്ടുള്ള കാര്യമെന്തെന്നാൽ ഒരു പൊലീസുകാരൻ വരെ എന്നോട് അങ്ങനെ പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഹെൽമെറ്റ് ഇടാതെ വണ്ടി ഓടിച്ചതിന് പൊലീസുകാരൻ എന്നെ പിടിച്ചുനിർത്തി. നീ കഞ്ചാവല്ലേ എന്ന് ചോദിച്ചു. തെറ്റിദ്ധരിച്ചു. പിന്നീട് സിനിമയ്ക്ക് വേണ്ടിയാണ് എന്നൊക്കെ പറഞ്ഞപ്പോഴാണ് കാര്യം മനസിലായത്. എസ്ഐക്ക് ബ്ലെസി സാറിനെ അറിയാമായിരുന്നു. ആടുജീവിതത്തെ പറ്റിയൊക്കെ പുള്ളിക്ക് അറിയാം. പിന്നീട് അത് കൺവീൻസ് ആകുകയും ചെയ്തു. അന്നൊക്കെ ഉടനീളം വല്ലാത്തൊരു ടാസ്ക് ആയിരുന്നു. ആ ടാസ്ക് ഇപ്പോൾ പൂർത്തി ആയിരിക്കുകയാണ്. 

ബ്ലെസി സാറിന്‍റെ അസിസ്റ്റന്റ്

മലയാളത്തിലെ തന്നെ ഏറ്റവും ​ഗ്രേറ്റസ്റ്റ് ഡയറക്ട്ർ ആണ് ബ്ലെസി സാർ. ​ഗ്രേസ്റ്റസ്റ്റ് ഓഫ് ഓൾ ടൈം. എന്റെ വയസാണ് ശരിക്കും അദ്ദേഹത്തിന്റെ എക്സ്പീരിയൻസ്. അതിനെക്കാൾ ഉണ്ട്. ആടുജീവിതത്തിൽ ബ്ലെസി സാറിനെ അസിസ്റ്റ് ചെയ്യാൻ പറ്റിയെന്ന ഭാ​ഗ്യം കൂടി എനിക്ക് കിട്ടിയിട്ടുണ്ട്. ആദ്യത്തെ ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ എന്റെ ഭാ​ഗം പൂർത്തി ആയിരുന്നു. ബാക്കിയുള്ള ഇരുപത്തി അഞ്ച് ദിവസത്തോളം അദ്ദേഹത്തെ അസിസ്റ്റ് ചെയ്തു. എന്റെ സീൻ കഴിയുമ്പോൾ ക്യാരക്ടർ മാറി അസിസ്റ്റന്റിലേക്ക് പോകും. വളരെ ബേയ്സിക് ആയിട്ടുള്ള കാര്യങ്ങൾ പഠിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ആകാൻ ആദ്യം പഠിക്കേണ്ടത് ക്ലാപ് ചെയ്യാനും റിപ്പോർട്സ് എഴുതാനും ഒക്കെയാണ്. കറക്ട് ഫോക്കസ് എവിടെയാണ് എന്നൊക്കെ നോക്കിയിട്ട് ക്ലാപ് എവിടെ വയ്ക്കും, ക്യാമറയുടെ ലെങ്ത് തുടങ്ങി കൊറേ കാര്യങ്ങൾ ഞാൻ പഠിച്ചു. എന്റെ അഭിനയത്തിന് അതൊക്കെയും കുറേ സഹായിച്ചിട്ടുണ്ട്. 

രാജു ഏട്ടനെ കണ്ട്  വണ്ടറടിച്ചു..

വളരെ ബ്രില്യന്റ് ആയിട്ടുള്ള നടനാണ് പൃഥ്വിരാജ് എന്ന് എല്ലാവർക്കും അറിയാം. രാജു ഏട്ടൻ എന്നെ കൺഫർട്ടബിൾ ആക്കുകയാണ് ആദ്യം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകളും അഭിനയവും കണ്ട് എല്ലാവരും വണ്ടറടിച്ചത് പോലെ ഞാനും ക്യാമറയുടെ പുറകിൽ അസിസ്റ്റ് ചെയ്ത സമയത്തും വണ്ടറടിച്ചിട്ടുണ്ട്. സിനിമ കണ്ടാൽ മനസിലാകും ആദ്യത്തെ കുറച്ച് സീൻ കഴിഞ്ഞ് പിന്നെ രാജു ഏട്ടനെ കാണാൻ പറ്റില്ല. വേറെ ഏതൊ ഒരു മനുഷ്യൻ എന്നെ തോന്നുള്ളൂ. അത് നേരിട്ട് കണ്ട് കൂടെ അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യമാണ്. ചെറുപ്പം മുതലെ ആളുടെ സിനിമ കണ്ട് ഫാൻ ആയിട്ടുള്ള ആളാണ് ഞാൻ. ഒപ്പം അഭിനയിക്കുമ്പോൾ അദ്ദേഹത്തോടുള്ള അഡ്മിറേഷൻ കൂടിയിട്ടേ ഉള്ളൂ. 

അദ്ദേഹം ഇരട്ടി തരുമ്പോൾ അതിൽ കുറച്ചെങ്കിലും നമ്മൾ അങ്ങോട്ട് കൊടുക്കണം എന്നുണ്ടല്ലോ. എല്ലാ രീതിയിലുമുള്ള കെയറിം​ഗ് അദ്ദേഹം നൽകി. കോ ആർട്ടിസ്റ്റിന് കൊടുക്കേണ്ട എല്ലാ റസ്പെക്ടും ഒരു സഹോദരന് നൽകേണ്ട കെയറിങ്ങും രാജു ഏട്ടൻ എനിക്ക് തന്നു. ചില സീൻ ഷൂട്ട് ചെയ്ത് കഴിയുമ്പോൾ എന്നെ അഭിനന്ദിക്കാറുണ്ടായിരുന്നു. ക്യാമറയോട് പരിചയക്കുറവ് ഉണ്ടാവുമല്ലോ. അതിന് വേണ്ടിയുള്ള ടിപ്സ് ഒക്കെ പറഞ്ഞ് തരുമായിരുന്നു.

ഞാന്‍ ഇനി മട്ടൻ തൊടില്ല..

ഇപ്പോൾ ഭക്ഷണം വേസ്റ്റ് ആക്കുന്നത് കാണുമ്പോൾ മനസിലൊരു വിങ്ങലാണ്. ഭക്ഷണം കഴിക്കാതെ ഞങ്ങൾ കടന്നു പോയ നാളുകളൊക്കെ അപ്പോൾ ഓർക്കും. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഒക്കെ യഥാർത്ഥ വില എന്താണ് എന്ന് മനസിലാക്കിയ അവസ്ഥ ആയിരുന്നു അത്. 

ആടുജീവിതത്തിന് ശേഷം ആടുകളെ വളരെയധികം ഇഷ്ടപ്പെട്ട ആളാണ് ഞാൻ. ഇപ്പോൾ ഞാൻ മട്ടൻ കഴിക്കുന്നത് നിർത്തി. കുറച്ച് കാലം ഞാൻ ആടുകളുടെ കൂടെ ആയിരുന്നല്ലോ. സെറ്റിൽ എനിക്കൊരു കുഞ്ഞാട് ഉണ്ടായിരുന്നു. അതുമായി കളിക്കുകകയുമൊക്കെ ചെയ്യും. അങ്ങനെയാണ് ആടുകളുമായി ഒത്തിരി ഇടപഴകിയത്. അഞ്ചാറ് മാസം അവറ്റകൾക്ക് ഒപ്പം തന്നെ ആയിരുന്നു ജീവിതം. എന്റെ അഭിപ്രായത്തിൽ ഈ ലോകത്തുള്ള ഏറ്റവും പഞ്ചപാവം ആയിട്ടുള്ള നിഷ്കളങ്കനായിട്ടുള്ള ജീവിയാണ് ആട്. 

നല്ലൊരു നടനെന്ന് അറിയപ്പെടണം..

ആടുജീവിതത്തിന് ഇടയ്ക്ക് ഒരു മൂന്ന് നാല് പ്രോജക്ട് വന്നിരുന്നു. അതൊന്നും കമ്മിറ്റ് ചെയ്യാതെ ഈ സിനിമയ്ക്ക് വേണ്ടി കാത്തുനിന്നു. ഇത്രയും വലിയൊരു സിനിമയിൽ എനിക്ക് ലോഞ്ച് കിട്ടുക എന്നത് വിലമതിക്കാനാകാത്ത സംഭവമല്ലേ. ഓഫറുകൾ വരുമ്പോൾ ബ്ലെസി സാറിനോട് ചോദിക്കുമായിരുന്നു. നീ വെയ്റ്റ് ചെയ്യ്. നിനക്കുള്ള കാര്യങ്ങൾ കിട്ടും എന്ന് അദ്ദേഹം പറയുമായിരുന്നു. അതാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ലൊരു നടനായി അറിയപ്പെടാനാണ് ആ​ഗ്രഹം. ബ്ലെസി സാറിനെ അസിസ്റ്റ് ചെയ്ത സമയത്താണ് സംവിധാനം എന്തെന്ന് മനസിലാകുന്നത്. അവരൊക്കെ എടുക്കുന്ന എഫേർട്ട് കാണുമ്പോഴാണ് സംവിധാനം എത്രത്തോളം ടാസ്ക് നിറഞ്ഞെതും കഷ്ടപ്പാടും നിറഞ്ഞ കാര്യമാണെന്ന് മനസിലായത്. 

സംവിധാനം ചെയ്യാനുള്ള വിവരമൊന്നും എനിക്ക് ആയിട്ടില്ല. ഭാവിയിൽ എന്താകും എന്നറിയില്ല. കുറേ കാര്യങ്ങൾ പഠിക്കുമല്ലോ. ചെയ്യാൻ പറ്റിയാൽ ചെയ്യാം. അത്രത്തോളം അറിവ് വേണം അതിന്. അതൊന്നും ചിന്തിക്കാറായിട്ടില്ല ഞാൻ. ഒരു നല്ല നടൻ എന്നറിയപ്പെടാൻ തന്നെയാണ് ആ​ഗ്രഹം. അതും വളരെ ചലഞ്ചിം​ഗ് ആയിട്ടുള്ള, ഹക്കീമിനെ പോലുള്ള നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആ​ഗ്രഹം. അതിന് വേണ്ടി ഏത് അറ്റംവരെയും പോകാനും തയ്യാറാണ്. 

അന്ന് മുതൽ അഭിയനം പ്രൊഫഷണൽ ആയി

കെ ആർ ​ഗോകുൽ എന്നാണ് ശരിക്കും പേര്. അച്ഛൻ, അമ്മ, ഏട്ടൻ, ഏട്ടന്റെ ഭാര്യ എന്നിവരടങ്ങുന്ന ചെറിയ കുടുംബം ആണ് എന്റേത്. അച്ഛൻ ജ്യോത്സൻ ആണ്. അമ്മ ടീച്ചറും. ചേട്ടൻ ​ഗ്രാഫിക് ഡിസൈനർ ആണ്. ചേച്ചി കണ്ടന്റ് റൈറ്റർ ആണ്. കോഴിക്കോട് പെരുമൺപുറയാണ് സ്വദേശം. 

അഭിനയത്തിൽ പാരമ്പര്യമൊന്നും ഇല്ല. ഏട്ടൻ മോണോ ആക്ട് ഒക്കെ ചെയ്യുമായിരുന്നു. രണ്ടാം ക്ലാസ് മുതൽ ഞാനും ചെയ്യാൻ തുടങ്ങി. വിനോദ് കോവൂർ ആണ് എന്റെ ആദ്യത്തെ ​ഗുരു. അദ്ദേഹം പഠിപ്പിച്ച മോണോ ആക്ട്നൊക്കെ അന്ന് എനിക്ക് ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയിരുന്നു. പിന്നീട് 2017ലെ സംസ്ഥാന കലോത്സവത്തിൽ ഹയർസെക്കന്ററി വിഭാ​ഗം  നാടകമത്സരത്തിൽ മികച്ച നടനായി എന്നെ തെരഞ്ഞെടുത്തു. അതിന് ശേഷമാണ് അഭിനയം പ്രൊഫഷണൽ ആയി എടുക്കാൻ പറ്റുമെന്ന് എന്റെ ഉള്ളിൽ ആലോചന ഉണ്ടായത്.

'പൃഥ്വിക്കിനി മെസേജ് അയക്കില്ല, ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ കാണുന്നു'; ലിസ്റ്റിൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!