ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; 'വീറ്റോ പവർ പരിഗണിച്ചില്ല'

Published : Sep 17, 2026, 05:36 PM IST
noel tata VS chandrasekaran

Synopsis

ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ രംഗത്ത്. വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വരാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിൽ ചന്ദ്രശേഖരനെ പുറത്താക്കാൻ നീക്കം നടത്തുന്നതായാണ് സൂചന. ഇതോടെ ടാറ്റാ ഗ്രൂപ്പിലെ നേതൃത്വ തർക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്.

മുംബൈ: ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടി നൽകിയ ബോർഡ് യോഗ തീരുമാനത്തിനെതിരെ എതിർപ്പുമായി നോയൽ ടാറ്റ. ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമായി.

ചന്ദ്രശേഖരന്റെ നിയമനത്തെ താൻ ബോർഡ് യോഗത്തിൽ എതിർത്തുവെന്നും തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും നോയൽ ടാറ്റ വ്യക്തമാക്കി. ഒരു നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തന്റെ 'വീറ്റോ' അധികാരം തെറ്റായ രീതിയിൽ മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമുണ്ട്. എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.

വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ എൻ ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് സൂചന. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതോടെ താൻ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റിൽ ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിക്കുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് ബോർഡ് യോഗത്തിലെ പുതിയ സംഭവങ്ങൾ.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചന്ദ്രശേഖരൻ തുടരും: ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ തീരുമാനം; ചെയർമാൻ സ്ഥാനത്ത് കാലാവധി നീട്ടി
3300 ജീവനക്കാരെ പിരിച്ചുവിട്ട് ഊബർ; ലാഭിക്കുന്ന പണം എഐക്കും റോബോട്ടാക്സികൾക്കും