ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു; എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്

Published : Sep 20, 2026, 11:10 PM IST
N Chandrasekaran Tata Sons

Synopsis

ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു. എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്. ആർടിക്കിൾ ഓഫ് അസോസിയേഷൻ പ്രകാരം ബോർഡ് തീരുമാനം അംഗീകരിക്കാനാവത്തതെന്ന് ടാറ്റാ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ദില്ലി: ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു. എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്. ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച തീരുമാനം അസാധുവാണെന്ന് ടാറ്റാ ട്രസ്റ്റ് വ്യക്തമാക്കി. സെപ്റ്റംബർ 17ന് നടന്ന ബോർഡ് യോഗത്തിലാണ് എൻ ചന്ദ്രശേഖരനെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, ടാറ്റാ ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ നിർബന്ധിത പിന്തുണ ഈ തീരുമാനത്തിന് ലഭിച്ചിട്ടില്ലെന്ന് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ട്രസ്റ്റ് ചൂണ്ടിക്കാട്ടി.

കമ്പനിയുടെ 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റിന്റെ കൈകളിലാണ്. ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA) പ്രകാരം, ഇത്തരം സുപ്രധാന തീരുമാനങ്ങൾക്ക് ട്രസ്റ്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ നിർബന്ധമാണ്. നിലവിൽ ബോർഡിൽ ട്രസ്റ്റിന് രണ്ട് നോമിനികളാണുള്ളത്. അതുകൊണ്ട് തന്നെ നിയമനം സാധുവാകണമെങ്കിൽ രണ്ടുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. എന്നാൽ സെപ്റ്റംബർ 17ന് നടന്ന വോട്ടെടുപ്പിൽ ഈ രണ്ട് നോമിനികളിൽ ഒരാൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ നിയമനത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെന്ന് ട്രസ്റ്റ് വിശദീകരിക്കുന്നു.

പ്രതിസന്ധി മറികടക്കാൻ ചെയർമാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാനാകില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ബോർഡിൽ വോട്ടുകൾ തുല്യമായി വരുന്ന സാഹചര്യത്തിൽ മാത്രമേ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാൻ കഴിയൂ. ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ പിന്തുണ ഉറപ്പാക്കേണ്ട കാര്യത്തിൽ ഈ വോട്ട് ബാധകമല്ലെന്ന് ട്രസ്റ്റ് പറഞ്ഞു.

മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്ന കേസിലെ കാര്യങ്ങളും ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 104B, 121 എന്നിവ പ്രകാരം ട്രസ്റ്റ് നോമിനികൾക്കുള്ള വോട്ടിംഗ് അവകാശത്തെ ടാറ്റാ സൺസ് അന്ന് കോടതിയിൽ ശക്തമായി ന്യായീകരിച്ചിരുന്നു. ഈ അവകാശങ്ങൾ അടിച്ചമർത്തലാണെന്ന് ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ അന്ന് വിധിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ടാറ്റാ സൺസിന്റെ വാദം അംഗീകരിക്കുകയും ട്രിബ്യൂണലിന്റെ കണ്ടെത്തൽ റദ്ദാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ, അന്ന് സുപ്രീം കോടതിയിൽ പ്രതിരോധിച്ച അതേ അവകാശങ്ങളെയും പരിരക്ഷകളെയും ഇപ്പോൾ ടാറ്റാ സൺസിന് അവഗണിക്കാനാകില്ലെന്ന് ട്രസ്റ്റ് ഓർമ്മിപ്പിച്ചു.

കോർപറേറ്റ് ഭരണം മെച്ചപ്പെടുത്താൻ ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന വാദവും ട്രസ്റ്റ് തള്ളി. സ്വതന്ത്ര ഡയറക്ടർമാർ, ഓഡിറ്റ്-നോമിനേഷൻ കമ്മിറ്റികൾ, ഇൻസൈഡർ ട്രേഡിംഗ് തടയാനുള്ള സംവിധാനങ്ങൾ തുടങ്ങി മികച്ച ഭരണത്തിനാവശ്യമായ എല്ലാ കാര്യങ്ങളും കമ്പനിയിൽ നിലവിലുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ടാറ്റാ സൺസ് ഈ മാനദണ്ഡങ്ങളെല്ലാം സ്വമേധയാ നടപ്പിലാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

ടാറ്റ ഗ്രൂപ്പിൽ തർക്കം രൂക്ഷം: ചന്ദ്രശേഖരൻ്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; 'വീറ്റോ പവർ പരിഗണിച്ചില്ല'
ചന്ദ്രശേഖരൻ തുടരും: ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ തീരുമാനം; ചെയർമാൻ സ്ഥാനത്ത് കാലാവധി നീട്ടി