ജീവിതം ഒരു ചില്ലു കുപ്പിയിൽ, ഹിപ്പി മലയാളി സാക്ഷ്യപ്പെടുത്തുന്നു

Published : Oct 12, 2025, 03:53 PM IST
Hippy malayali

Synopsis

അപ്രതീക്ഷിതമായി ടെറേറിയം നിർമ്മാണത്തിലേക്ക് എത്തിച്ചേർന്ന നിപിൻ അനുഭവ കഥ പറയുന്നു

എല്ലാ മലയാളികളെയും പോലെ പുതിയ സാധ്യതകൾ തേടിയാണ് നിപിനും ദുബൈയിലെത്തിയത്. കോവിഡ് കാലത്തിന് ശേഷമായിരുന്നു ദുബൈയിലേക്കുള്ള യാത്ര. സ്വാഭാവികമായും നല്ലൊരു ജോലിയും മെച്ചപ്പെട്ട ഒരു ജീവിതവുമായിരുന്നു ലക്ഷ്യം. ഉദ്ദേശിച്ചത് പോലെതന്നെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മനേജ്മെന്റിൽ ജോലി ലഭിച്ചു. ഉയർന്ന ശമ്പളവും. പക്ഷേ ജോലിഭാരവും സമ്മർദ്ദവും താങ്ങാവുന്നതിലും കൂടുതലായിരുന്നു. ഇതിനെ മറികടക്കാൻ മറ്റു പലരേയും പോലെ നിപിൻ തിരഞ്ഞെടുത്ത വഴിയും ലഹരിയുടേതായിരുന്നു. മദ്യപാനം നിപിന് ഒഴിവാക്കാൻ പറ്റാത്ത ശീലമായിക്കഴിഞ്ഞിരുന്നു. എന്നാൽ നഷ്ടപ്പെട്ട അവനവനെ തിരിച്ചുപിടിക്കണം എന്ന ബോധ്യത്തിൻറെ പുറത്ത് നിപിൻ മാറാൻ തീരുമാനിച്ചു. ദുശീലത്തിൽ നിന്നും ടെറേറിയത്തിൻറെ പച്ചപ്പിലേക്കായിരുന്നു നിപിൻറെ മാറ്റം. മരുഭൂമിയുടെ നടുവിൽ നിപിൻ തൻറെ കുഞ്ഞു ചില്ലുകുപ്പികൾക്കുള്ളിൽ തീർത്തത് മാറ്റത്തിൻറെ, സ്വയം തിരുത്തി മുന്നേറുന്നതിൻറെ കഥയാണ്. ആ യാത്ര നിപിൻ പങ്കുവെക്കുന്നു.

ജീവിതം തിരിച്ച് പിടിച്ചത് പച്ചപ്പിലൂടെ

വളരെ അലസമായാണ് ജീവിച്ചുകൊണ്ടിരുന്നത്. ജോലിഭാരവും സമ്മർദ്ദവും കൊണ്ടെത്തിച്ചത് മദ്യത്തിലാണ്. തുടർച്ചയായി മദ്യപിച്ച് ബോധമില്ലാതെയിരുന്ന ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പെട്ടെന്നൊരു ദിവസമാണ് എല്ലാം ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. ആ ഒറ്റ ദിവസത്തെ തീരുമാനമാണ് ഇന്നിവിടെ കൊണ്ടെത്തിച്ചത്. ഇതല്ല എനിക്ക് വേണ്ടതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. എന്നാൽ മദ്യപാനം പോലൊരു ശീലത്തെ ഒഴിവാക്കുക അത്ര എളുപ്പമല്ല. പക്ഷേ ഒരൊറ്റ ദിവസത്തെ ഉറച്ച തീരുമാനം എൻറെ ജീവിതത്തിൽ ഉണ്ടാക്കിയത് വലിയ മാറ്റമാണ്. മദ്യത്തെ അവഗണിക്കാൻ ഞാൻ പലതും ചെയ്തു നോക്കി. എന്നാൽ അതൊന്നും എനിക്ക് പൂർണമായ തൃപിതി നൽകിയില്ല. അങ്ങനെ പല പരീക്ഷണങ്ങൾക്കൊടുവിലാണ് ചെടി വളർത്തുന്നതിലേക്ക് എത്തിയത്. എൻറെ മുറിയിൽ ചെടികൾ നടാൻ തുടങ്ങി. മദ്യപിക്കാൻ ഉപയോഗിച്ചിരുന്ന പണത്തിന് ചെടികൾ വാങ്ങാൻ തുടങ്ങി. പച്ചക്കറികൾ വളർത്തിത്തുടങ്ങി. അങ്ങനെയാണ് എന്നെ തിരിച്ചറിഞ്ഞ എൻറെ യാത്ര ആരംഭിക്കുന്നത്.

ചെടി വളർത്തൽ പിന്നീട് ടെറേറിയം നിർമ്മാണത്തിലേക്കെത്തി. അത് വളരെ വിജയകരമായി മുന്നോട്ടു പോവുകയാണിപ്പോൾ. ലോകത്തിൻറെ പല ഭാഗങ്ങളിലും ടെറേറിയം ചെയ്യുന്നവരും ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ദുബൈയിൽ എനിക്ക് സാധ്യമായ രീതിയിൽ ടെറേറിയം നിർമ്മിക്കാൻ സഹായിക്കുന്ന ക്ലാസുകൾ ഞാൻ നൽകാറുണ്ട്. അങ്ങനെ ചെയ്യുന്നത് ഇത് മറ്റുള്ളവരിലേക്കും എത്തണം എന്ന ആഗ്രഹത്തിൻറെ പുറത്താണ്. അതിന് ഒരു കാരണമുണ്ട്, ദുബൈയിൽ ജോലി ചെയ്യുന്നവരുമായി സംസാരിക്കുമ്പോൾ മിക്കവരും വളെരെ മോശം മാനസീകാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസിലാകും. ജോലി സമ്മർദ്ദം, കാലാവസ്ഥ, പച്ചപ്പില്ലാത്ത ചുറ്റുപാടിലെ ജീവിതം, ഒറ്റപ്പെടൽ, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ.... ഇങ്ങനെ പല പ്രതിസന്ധികളുണ്ട്. രാവിലെ ഉണരുന്നു.... ജോലിക്ക് പോകുന്നു.... ഭക്ഷണം കഴിക്കുന്നു, ഈ പാറ്റേണിൽ ജീവിതം മുന്നോട്ട് തള്ളുന്നവരാണ് മിക്കവരും. സ്വാഭാവികമായും മടുപ്പ് വരും, വിരസത അനുഭവപ്പെടും. ഇതിനൊരു പരിഹാരം ടെറേറിയം ചെയ്യുന്നതിലൂടെ ലഭിക്കും എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ചെറിയ രീതിയിൽ എൻറെ സന്തോഷത്തിന് വേണ്ടി ആരംഭിച്ച ടെറേറിയം പിന്നീട് ആവശ്യക്കാരുണ്ടായപ്പോൾ വിൽക്കാൻ തുടങ്ങി. സ്വാഭാവികമായും എൻറെ പാഷൻ ചെറിയ ഒരു ബിസിനസായും മാറി. ദുബൈയിൽ സംഘടിപ്പിക്കുന്ന ചെറിയ ടെറേറിയം ക്ലാസുകളിലേക്ക് പലരും എത്തുകയും ടെറേറിയം നിർമ്മണത്തിലേക്ക് കടക്കുന്നതുമെല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്.

എന്താണ് ടെറേറിയം

ഭൂമി ഒരു എക്കോ സിസ്റ്റമാണ്. ലളിതമായി പറഞ്ഞാൽ, ഭൂമിയിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നുമില്ല, പുറത്തുനിന്ന് ഭൂമിയിലേക്ക് ഒന്നും വരുന്നുമില്ല. സൂര്യപ്രകാശമല്ലാതെ. അതുപോലെ തന്നെയാണ് ടെറേറിയം. ഒരു കുപ്പിക്കകത്താണ് ടെറേറിയം നിർമ്മിക്കുന്നത്. കുപ്പിക്ക് അകത്ത് നിന്ന് ഒന്നും പുറത്തേക്കും പോകുന്നില്ല പുറത്ത് നിന്ന് ആകത്തേക്കും ഒന്നും വരുന്നില്ല. കുപ്പിക്കുള്ളിൽ വളരുന്ന ചെടികൾക്ക് ജീവവായുവും വാട്ടർസൈക്കിളും, മഴയും, മഞ്ഞും എല്ലാം അതിനകത്ത് തന്നെയുണ്ട്. ചില്ലുപാത്രങ്ങളിലാണ് നമ്മൾ ടെറേറിയം സെറ്റ് ചെയ്യുക. ചില്ലുപാത്രങ്ങളിൽ ഡ്രെയിനേജ് ഹോളുകൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ചെടികൾ വെച്ചുകഴിഞ്ഞാൽ വെള്ളം വാർന്നുപോകുന്നതിനായി കുപ്പിക്കുള്ളിൽ ആദ്യം ഉണ്ടാക്കേണ്ടത് ഒരു ഡ്രെയിനേജ് ലെയറാണ്. ഡ്രെയിനേജ് ലെയറായി സെറ്റ് ചെയ്യേണ്ടത് ക്ലേ ബോൾസാണ്. അതിന് മുകളിലായി മെഷ് (നെറ്റ്) വിരിക്കണം. മെഷിൻറെ മുകളിലായി ചാർക്കോൾ ഇട്ട് കൊടുക്കണം. ഇതിന് മുകളിലായിട്ടാണ് പോട്ടി മിക്സ്ചർ ഇടേണ്ടത്. മണൽ, ചകിരിച്ചോറ്, അക്വസോയിൽ തുടങ്ങിയവ ഉപയോഗിച്ചാണ് പോട്ടി മിക്സ്ചർ ഉണ്ടാക്കുന്നത്. എടുക്കുന്ന ചില്ലുപാത്രത്തിൻറെ മൂന്നിലൊന്ന് ഭാഗത്തിലാണ് ഇത്രയും സെറ്റ് ചെയ്യേണ്ടത്. അതിന് മുകളിലായാണ് ചെടികൾ സെറ്റ് ചെയ്യേണ്ടത്. സാധാരണയായി ഫിറ്റോണിയ, പീലിയ, ഫിക്കസ് പൂമില, സെലഗാനെല്ലാ, സ്ട്രിങ്സ് ഓഫ് ടർട്ടിൽസ്, മോസസ് തുടങ്ങിയ ചെടികളാണ് വെച്ചുപിടിപ്പിക്കുക. ചില്ല് പാത്രത്തിനുള്ളിൽ സെറ്റ് ചെയ്യുന്ന ഈ ചെടികൾ വളരുകയും അതിജീവിക്കുകയും ചെയ്യും. ചെറിയ ചില്ലുകുപ്പിക്കകത്തെ ഒരു കുഞ്ഞു ഭൂമിയിൽ മഴ പെയ്യുന്ന കാഴ്ച ഉണ്ടാക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ സാധിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്