ഓങ്കോ സൈക്കോളജി എങ്ങനെയാണ് കാൻസർ ബാധിതർക്ക് സഹായകരമാവുന്നത്?

Published : Sep 21, 2025, 11:11 PM IST
ഓങ്കോ സൈക്കോളജി എങ്ങനെയാണ് കാൻസർ ബാധിതർക്ക്  സഹായകരമാവുന്നത്?

Synopsis

എന്താണ് ഓങ്കോ സൈക്കോളജി എന്ന് ചോദിച്ചാൽ നമ്മളിൽ ആർക്കൊക്ക പറയാൻ കഴിയും? എത്ര പേർക്ക് കൃത്യമായി ഈ വിഷയത്തെ അറിയും? കണ്‍സല്‍ട്ടന്‍റ് സൈക്കോളജിസ്റ്റ് ആന്‍ഡ് എജ്യൂക്കേറ്റര്‍ ആയ സി ആർ ശരണ്യ സംസാരിക്കുന്നു

എന്താണ് ഓങ്കോ സൈക്കോളജി എന്ന് ചോദിച്ചാൽ നമ്മളിൽ ആർക്കൊക്ക പറയാൻ കഴിയും? എത്ര പേർക്ക് കൃത്യമായി ഈ വിഷയത്തെ അറിയും? ക്യാൻസറുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് സൂചന ഉണ്ടെങ്കിലും ഓങ്കോ സൈക്കോളജി എന്നത് അത്ര പരിചിതമല്ലാത്ത വിഷയമാണ്. ഈ മേഖലയെ കുറിച്ച് വ്യക്തമാക്കിത്തരുന്നത് കണ്‍സല്‍ട്ടന്‍റ് സൈക്കോളജിസ്റ്റ് ആന്‍ഡ് എജ്യൂക്കേറ്റര്‍ ആയ സി ആർ ശരണ്യയാണ്.

എന്താണ് ഓങ്കോ സൈക്കോളജി?

ഓങ്കാളജിയുടെ സബ്ഡിവിഷനായി ഓങ്കോ സൈക്കോളജിയെ കാണാം. ക്യാൻസർ രോ​ഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ഓങ്കോളജിയിൽ വരുന്നത്. എന്നാൽ പലർക്കും ഓങ്കോ സൈക്കോളജി എന്നാൽ എന്താണെന്ന് വ്യക്തമായി അറിയില്ല. ഞാൻ നേരത്തെ ജോലി ചെയ്തിരുന്നത് രാജ​ഗിരി ആശുപത്രിയിലായിരുന്നു. നിലവിൽ ഞാൻ തൃശ്ശൂരിൽ സ്വന്തം നിലയിൽ തുടങ്ങിയ മൻവാ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. ആശുപത്രിയിൽ ഉള്ളപ്പോൾ അവിടെയുള്ള ജീവക്കാർക്ക് പോലും ഓങ്കോ സൈക്കോളജി എന്നാൽ എന്താണെന്ന് അറിയില്ലായിരുന്നു. ഒരാൾക്ക് വയറുവേദനയോ മറ്റോ വന്നാൽ ഓങ്കോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞാൽ തന്നെ ആളുകൾ പാനിക്കാകും. അവിടെ നിന്ന് മുതൽ ഇതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങൾ തുടങ്ങും. എന്തിനാണ് തന്നോട് ഓങ്കോളജി കാണാൻ പറഞ്ഞതെന്ന് തുടങ്ങുന്ന നിരവധി സംശയങ്ങളാവും ഉണ്ടാവുക. ഇതിനെ കുറിച്ച് അമിതമായി ആലോചിക്കും. ക്യാൻസറിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മുടിയില്ലാത്ത രൂപവും മറ്റുമാവും ആലോചിക്കുക. ഇവിടെ മുതൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന് അവരെ സഹായിക്കാനാവും.

ഓങ്കോ സൈക്കോളജിസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

പലപ്പോഴും ക്യാൻസർ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് രോ​ഗികളുടെ മാനസികാവസ്ഥ കൃത്യമായി മനസ്സിലാക്കാനും സഹായിക്കാനും കഴിഞ്ഞെന്ന് വരില്ല. കാരണം അവർക്ക് ഒരുപാട് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ടാവും. ഈ സാഹചര്യത്തിലാണ് ഒരു ഓങ്കോ സൈക്കോളജിസ്റ്റിന് ചെയ്യാനുള്ളത്. അവരോട് കൃത്യമായി സംസാരിച്ച് അവരുടെ വിഷമങ്ങളും വിഷയങ്ങളും കേട്ട് അവരോട് സംസാരിക്കുക എന്നതാണ് അവർക്കു ചെയ്യാനുള്ള കാര്യം. ചില ക്യാൻസറുകൾ വളരെ ​ഗുരുതരമായ അവസ്ഥയിലായിരിക്കും. അത് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. മറ്റു ചിലർ ക്യാൻസർ എന്ന് കേൾക്കുമ്പോൾ‌ തന്നെ പെട്ടെന്ന് വളരെ വലിയ ട്രോമയിലേക്ക് കടക്കും. ​ഗുരുതരാവസ്ഥിയാലെന്ന് അവർക്ക് തോന്നും. എന്നാൽ അനാവശ്യമായ ടെൻഷനുകളെ മാറ്റി നൽകലാണ് ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ദൗത്യം.

നല്ല സൈക്കോ എഡ്യുക്കേഷനിലൂടെ പലതരത്തിൽ ക്യാൻസർ ഉണ്ടെന്നും രോഗിയെ ബാധിച്ച ക്യാൻസർ ഏതാണെന്നും അതിനെ മാറ്റിയെടുക്കാൻ കഴിയുന്നതാണെന്നും അവരെ ബോധവൽക്കരിക്കാൻ കഴിയും. ചരുക്കിപ്പറഞ്ഞാൽ ഓങ്കോ സൈക്കോളജി എന്ന് പറഞ്ഞാൽ ക്യാൻസർ ബാധിതരുടെ വൈകാരിക പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കുന്ന സബ്ഡിവിഷനാണ് ഓങ്കോ സൈക്കോളജിൽ ചെയ്യുന്നത്. ഇത് രോ​ഗികൾക്ക് മാത്രമല്ല, രോ​ഗികളുടെ ചുറ്റിപാടിലുള്ളവരേയും കൗൺസിലിം​ഗ് നൽകാറുണ്ട്.

കാൻസർ ബാധിതർ മാത്രമാണോ ഓങ്കോ സൈക്കോളജിയുടെ പരിധിയിൽ വരുന്നത്?

ഒരാൾക്ക് ക്യാൻസർ വരുമ്പോൾ അത് അയാളെ മാത്രമല്ല, അയാൾക്ക് ചുറ്റിലുമുള്ള ബന്ധങ്ങളേയും അത് ബാധിക്കാറുണ്ട്. അത് സാമ്പത്തികമായും സാമൂഹികമായും ബാധിക്കാറുണ്ട്. രോഗാവസ്ഥയിൽ ആവുന്നതോടെ പരസ്പരം സംസാരിക്കാതെ രോ​ഗികളും അവരെ സംരക്ഷിക്കുന്നവരും പോവുന്നതാണ് കാണുന്നത്. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള തുറന്ന സംസാരവും ആരോ​ഗ്യകരമായ സംസാരവും അവർക്കിടയിൽ ഉണ്ടാക്കിയെടുക്കാനും അവരെ അനാവശ്യ പേടികളിൽ നിന്ന് മോചിപ്പിക്കാനും ഒരു ഓങ്കോ സൈക്കോളജിസ്റ്റ് ശ്രമിച്ചു കൊണ്ടിരിക്കും. ചികിത്സയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ​ദൂരീകരിച്ച് കൃത്യവും വ്യക്തവുമായ ചികിത്സ തുടരാനുമുള്ള കൗൺസലിം​ഗുമാണ് ഓങ്കോ സൈക്കോളജിയിൽ ചെയ്യുന്നത്.

ജനങ്ങൾക്ക് ഇതിൻ്റെ പ്രാധാന്യം കൃത്യമായി അറിയാനാവുന്നുണ്ടോ?

സാധാരണ രീതിയിൽ സൈക്കോളജിസ്റ്റിനെ കാണുന്നത് തന്നെ വളരെ അപമാനമായി കാണുന്നവരാണ് സമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ ഒരു ഓങ്കോളജി സൈക്കോളജിസ്റ്റിനെ എന്തുകൊണ്ട് കാണണമെന്ന് ചിന്തിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. ചില രോ​ഗികൾക്ക് ഓങ്കോ സൈക്കോളജിസ്റ്റിന്റെ നിർദേശം തേടാൻ ആ​ഗ്രഹമുണ്ടെങ്കിലും മറ്റു ചിലർ ഇതിനെ എതിർത്തേക്കാം. സൈക്കോളജിസ്റ്റിനെ കണ്ടാൽ ടെൻഷൻ കൂടുമെന്നൊക്കെ പലരും കരുതുന്നുണ്ടാവാം. എന്നാൽ ഓങ്കോ സൈക്കോളജിസ്റ്റിനെ കുറിച്ച് പലർക്കും തെറ്റായ ധാരണകൾ ഉണ്ടാവാം. ഓങ്കോ സൈക്കോളജിസ്റ്റുകൾ ചെയ്യുന്നത് രോ​ഗികളുടെ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കി അവർക്ക് പൂർണ്ണമായും പിന്തുണ നൽകുക എന്നതാണ്.

രോഗികളുടെ മാനസികാവസ്ഥ രോഗത്തെ ബാധിക്കുമോ?

ക്യാൻസറിൽ നിന്നും മുക്തിനേടാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം രോ​ഗികളുടെ മാനസികാവസ്ഥയാണ്. കാരണം, കീമോ തെറാപ്പി ഉൾപ്പെടെ ചികിത്സ എടുക്കുന്ന സമയത്ത് ശരീരത്തിനൊപ്പം മനസും ക്ഷീണിക്കും. ശരീരവും മനസും തമ്മിൽ ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. കീമോ തെറാപ്പി ചെയ്യുന്ന സമയത്ത് ശരീരം ആരോ​ഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. എങ്കിലേ ചികിത്സ ഫലപ്രദമാവുകയുള്ളൂ. പ്രോപ്പറായി ചികിത്സ എടുക്കണമെങ്കിൽ മനസും ശരീരവും ആരോ​ഗ്യത്തോടെ ഇരിക്കണം. തെറ്റിധാരണകൾ കൊണ്ട് ടെൻഷനായി ഇരിക്കുന്ന സാഹചര്യമുണ്ടാവരുത്. മറ്റുള്ളവരുടെ രോ​ഗാവസ്ഥ കാണുന്നതും മുടി കൊഴിഞ്ഞു പോവുന്നതുമെല്ലാം രോഗികൾക്ക് ഭയം ഉണ്ടാക്കും. മുടി പോവുന്നത് പോലും സമൂഹവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മുടി പോയാൽ സമൂഹം എങ്ങനെയാണ് തന്നെ കാണുക എന്ന് തുടങ്ങിയ പല ചിന്തകളും അവരെ അലട്ടുന്നുണ്ടാവും. ഇതെല്ലാം ആലോചിച്ച് ചികിത്സ എടുക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടാവും. ഇത്തരം സാഹചര്യത്തിലേക്കൊന്നും പോവാതെ കീമോ ഉൾപ്പെടെയുള്ള ചികിത്സാരീതികളെ കുറിച്ച് ബോധവൽക്കരിക്കാൻ കഴിഞ്ഞാൽ മാനസികമായി തളരാതെ നിൽക്കാൻ കഴിയും. ക്യാൻസർ ചിലരിൽ വീണ്ടും വരാൻ സാധ്യതയുണ്ടാവും. ഒരിയ്ക്കൽ മാറി, പിന്നീട് വീണ്ടും രോ​ഗം വന്നാൽ ചില രോ​ഗികൾ മാനസികമായി തളരും. മാനസികമായി കരുത്തുള്ളവർ പലപ്പോഴും ഇതിനെ വളരെ കൂളായി കൈകാര്യം ചെയ്യാറുണ്ട്. അവർ ചികിത്സയെടുക്കാൻ കുറച്ചൂടെ മാനസികമായി ഓകെയാവും. മാനസികമായി ആരോ​ഗ്യമില്ലാത്തവരാണെങ്കിൽ ചികിത്സ ഫലപ്രദമാവുകയില്ല.

കാൻസർ രോഗികളുടെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നു?

ഒരു വീട്ടിലെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്ന വീട്ടിലെ പ്രധാനപ്പെട്ട ഒരാൾക്കാണ് കാൻസർ വരുന്നത് എങ്കിൽ അയാളുടെ എല്ലാ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവർ നിറവേറ്റുന്നതും ചെയ്യുന്നതും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. ഈ ഘട്ടത്തിൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. കാൻസർ രോഗം ഒരിക്കലും ഭേദമാകില്ല എന്നതുൾപ്പെടെയുള്ള തെറ്റായ ധാരണകൾ ആളുകൾക്കുണ്ട്. ഇതു ഡിപ്രെഷൻ ആനിക്സിറ്റി ഉൾപ്പെടെ വർധിക്കാൻ കാരണമാവും. ബന്ധങ്ങളിൽ ഉണ്ടാകുന്ന വിളളലുകൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ മക്കളും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ തുടങ്ങി ബന്ധങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ ഒരു ഓങ്കോ സൈക്കോളജിസ്റ്റിന്റെ ആവശ്യം വരും. ക്യാൻസർ വന്നാൽ കീമോ തെറാപി എടുക്കണം. ഓരോരുത്തർക്കും ഓരോ രീതിയിലാണ് കീമോ എടുക്കുക. ഒറ്റത്തവണ എടുക്കേണ്ടതല്ല കീമോ. ചിലർക്ക് നാല്, അഞ്ചു, ഏഴ് ഇങ്ങനെയൊക്കെ ആയിരിക്കും. ഈ സമയത്ത് അതിന്റേതായ ക്ഷീണവും ഭക്ഷണം കഴിക്കാതെ വരുമ്പോൾ ഉണ്ടാവുന്ന ബുദ്ധിമുട്ടും ഒക്കെയുണ്ടാവും. ശരീരികമായി ഉണ്ടാവുന്ന വേദന ഒരു ഭാഗത്ത്‌, മറുഭാഗത്ത് ഇതിനോട് അനുബന്ധിച്ചു ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങൾ, മറ്റുള്ളവരെ ആശ്രയിക്കുന്നതിലെ ബുദ്ധിമുട്ട്, അങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാവും. അവർക്കു അവരുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സോഷ്യലി ഉണ്ടാവുന്ന സംഭവങ്ങൾ തുടങ്ങിയുള്ള പ്രശ്നങ്ങൾ ഉണ്ടാവും.

ഒരുതരം നിസ്സഹായത ഉണ്ടാവും രോഗികൾക്ക്. അതു കൂടെ നിൽക്കുന്നവർ മനസിലാക്കണം. അതിനു അവർക്കും ഒരു സപ്പോർട്ട് കൊടുക്കണം. അവരെ ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരിക്കണം. ഇതൊരു കൗൺസലിംഗ് എന്ന് മാത്രം പറയാൻ പറ്റില്ല. ഓങ്കോ സൈക്കോളജിയിലെ കാൻസർ ബാധിച്ചിട്ടുള്ള ആളുകളുടെ ഇമോഷണൽ ലെവൽ വീണ്ടെടുക്കാൻ വേണ്ടിയുള്ള കുറെ ടെക്നിക്‌സ്, ടൂൾസ് ഉപയോഗിച്ചുള്ള കുറെ ടാസ്ക് കൊടുക്കുകയും അവർക്കു പറ്റാവുന്ന രീതിയിൽ ഉള്ള മെന്റൽ വർക്ഔടുകളാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഓങ്കോ സൈക്കോളജിസ്റ്റുകളും ഡോക്ടർമാരും തമ്മിൽ നല്ലൊരു ബന്ധം ഉണ്ടായിരിക്കും എന്നതാണ്. രോഗിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള കാര്യങ്ങൾ കൃത്യമായി അറിയാൻ ഡോക്ടർമാരുമായി ഡിസ്കഷൻ നടക്കണം. ചുരുക്കത്തിൽ ഡോക്ടർമാരും ഓങ്കോ സൈക്കോളജിസ്റ്റുകളും തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു മേഖലയാണ് ഇത്.

പല ക്യാൻസറുകളും നമുക്ക് മാറ്റാൻ കഴിയും. തുടക്കത്തിൽ കണ്ടു പിടിച്ചാൽ പെട്ടെന്ന് മാറ്റാൻ കഴിയുന്നത് ആണ്. കുട്ടികൾക്ക് ആണെങ്കിൽ പഠിക്കാൻ ബുദ്ധിമുട്ട്, പെട്ടെന്ന് ദേഷ്യം ഇങ്ങനൊക്കെ കാണും. ഓവർ തിങ്കിങ് ഉണ്ടാവും. ചിലർ കരയും ചിലർക്ക് ഉറക്കം നഷ്ടപ്പെടും. ഫിനാൻഷ്യലി പ്രശ്നങ്ങളും ഉള്ളവർ ഉണ്ടാവും.

ഹൃദയമിടിപ്പ്, രക്തസമ്മർദം, പ്രഷർ, പൾസ്, ടെംപെറേചർ, പെയ്ൻ ഇതെല്ലാം പരിശോധിക്കും. ഇതിന്റെ കൂടെ പരിശോധിക്കേണ്ട ആറാമത്തെ വൈറ്റൽ സൈൻ ആയാണ് ഇമോഷണൽ വെൽനെസ്സ് എന്ന് ലോകാരോഗ്യ സംഘടന പറയുന്നത്.

സ്ത്രീകളിൽ കാൻസർ വരുമ്പോൾ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങൾ?

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാൻസർ വരുന്നത് സർവിക്കൽ ക്യാൻസറും, ബ്രെസ്റ്റ് ക്യാൻസറുമാണ്. ബ്രെസ്റ്റ് കാൻസർ നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും മാറിപ്പോകുന്നത് ആണ്. നഗരപ്രദേശങ്ങളിൽ ഇതെല്ലാം കണ്ടുപിടിക്കുന്നതിനും പെട്ടെന്ന് കണ്ടുപിടിക്കാനും രോഗമുക്തി റേറ്റും കൂടുതൽ ആണ്. പക്ഷേ ഗ്രാമ പ്രദേശങ്ങളിൽ അതിനുള്ള സൗകര്യങ്ങൾ ഇപ്പോഴും കുറവാണ്. കണ്ടു പിടിക്കാൻ വൈകുന്നത് കൊണ്ട് മാത്രം പ്രശ്നമാവുന്ന കേസുകൾ ഉണ്ട്. സർവിയ്ക്കൽ കാൻസർ ആണ് കൂടുതൽ ആയും വരുന്നത്. സമൂഹത്തിൽ സ്ത്രീകളുടെ ശരീരവും മറ്റും കൂടുതൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ചികിത്സയുടെ ഭാഗമായി ബ്രെസ്റ്റ് റിമൂവ് ചെയ്യുന്നത് അവരുടെ സെക്ഷ്വൽ ലൈഫിനെ മാനസികമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലർക്കു ബ്രെസ്റ്റ് പൂർണമായും റിമൂവ് ചെയ്യേണ്ടി വരും. ചിലർക്ക് മുഴയോ മറ്റോ എടുത്തു കളയുക മാത്രം ആയിരിക്കും. മിക്കവരുടെയും മിക്ക കൺസേൻസ് അവരുടെ പങ്കാളിയുമായി ബന്ധപ്പെട്ടത് ആവാറുണ്ട്. നമ്മുടെ സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട, നമ്മുടെ ശരീരത്തിലെ ഒരു ഭാഗത്തിന് സംഭവിക്കുന്ന പ്രത്യേകിച്ച് പുറത്തേക്ക് കാണുന്ന ബോഡി ഭാഗ്യത്തിന് സംഭവിക്കുമ്പോൾ ഉണ്ടാവുന്ന ആത്മ വിശ്വാസ ക്കുറവ് ഉണ്ടാവും. കാൻസർ വരുമ്പോൾ കുട്ടികൾ ചെറുപ്പം ആയവർക്ക് അങ്ങനെ പേടിക്കാനും. സർവിക്കൽ കാൻസർ വന്നാൽ കുട്ടികൾ ഉണ്ടാവുമോ തുടങ്ങി പല ടെൻഷനുകളും സ്ത്രീകളിൽ സംഭവിക്കാം.

പത്തു പതിനഞ്ചു വർഷമായി കേരളത്തിൽ ഓങ്കോ സൈക്കോളജി നിലവിലുണ്ട്. കാൻസർ മാത്രം സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രികളിൽ ഇതിനു മാത്രം ഒരു പ്രത്യേക വിഭാഗമുണ്ട്. ഓങ്കോ സൈക്കോളജിസ്റ്റും ഓങ്കോ സൈക്യാട്രിസ്റ്റുമുൾപ്പെടെ പ്രമുഖരുടെ ഒരു സംഘം അടങ്ങുന്ന ഒരു വിഭാഗം തന്നെ ഇത്തരം ആശുപത്രികളിൽ ഉണ്ടായിരിക്കും. എന്നാൽ മറ്റു ആശുപത്രികളിൽ ഒരു സൈക്കോളജിസ്റ്റ് മാത്രമേ ഉണ്ടാവൂ. വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമേ അതും ഉണ്ടാവൂ. ഇതിനും പരിമിതികൾ ഉണ്ട്. ഓങ്കോ സൈക്കോളജി ഇപ്പോഴും വികസിച്ചു വരുന്ന മേഖലയാണ്.

കൂടുതൽ ആളുകൾക്ക് ഈ മേഖലയെ കുറിച്ച് അറിവുണ്ടാവുകയും ക്യാൻസറുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ നീങ്ങുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ കൂടെ ആവശ്യകതയാണ്.

 

PREV
Read more Articles on
click me!

Recommended Stories

കാഴ്ചപരിമിതർക്കും വായനയുടെ ലോകത്തെ തൊട്ടറിയാം; ശാന്തകുമാരനും സുഹൃത്തുക്കളും ഒരുക്കുന്നു പുതിയൊരു പുസ്തകലോകം
രാഷ്ട്രീയത്തിൻ്റെ ഭാ​ഗമാവുന്നത് പ്രത്യേക സന്ദർഭത്തിലല്ല, വളർന്ന ശീലങ്ങളിൽ ഒന്ന് തന്നെയായിരുന്നു രാഷ്ട്രീയം; എഴുത്തുകാരിയും സ്ഥാനാർഥിയുമായ റഹീമ വാളാട്