രോഹിത് ശര്‍മ്മ ആ നാഴികക്കല്ലില്‍ ഉടനെത്തും; വലിയ പിന്തുണയുമായി ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Jan 25, 2023, 10:09 PM IST
Highlights

ഓപ്പണറായ ശേഷം ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുന്നത് രോഹിത് ശര്‍മ്മയാണ് എന്ന് ഇര്‍ഫാന്‍ പത്താന്‍

ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റിലെ 30-ാം സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ പ്രശംസയുമായി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. രോഹിത് ഉടന്‍ ഏകദിനത്തില്‍ പതിനായിരം റണ്‍സ് ക്ലബില്‍ ഇടംപിടിക്കുമെന്ന് പത്താന്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ 234 ഇന്നിംഗ്‌സില്‍ 48.91 ശരാശരിയിലും 89.89 പ്രഹരശേഷിയിലും 9782 റണ്‍സാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. 

'ഓപ്പണറായ ശേഷം ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നില്‍ നിന്ന് നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. അത് ശരാശരിയുടെ കാര്യത്തിലായാലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ശൈലി മാറ്റി സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിലായാലും. സ്ഥിരതയോടെ ടീമിന് സംഭവന നല്‍കുന്നു രോഹിത്. മൂന്ന് വര്‍ഷത്തിന് ശേഷം രോഹിത്തിന്‍റെ ബാറ്റില്‍ നിന്ന് ഏകദിന സെഞ്ചുറി പിറന്നിരിക്കുന്നു. പതിനായിരം റണ്‍സും ഉടന്‍ പിറക്കും. റിക്കി പോണ്ടിംഗിന്‍റെ 30 ഏകദിന സെഞ്ചുറികള്‍ക്ക് ഒപ്പമെത്തിയിരിക്കുകയാണ് അദേഹം. പോണ്ടിംഗിന്‍റെ നാട്ടില്‍ പോലും 53നടുത്ത് ശരാശരി രോഹിത്തിനുണ്ട്. അതൊരു വലിയ സംഖ്യയാണ്. അഞ്ച് സെഞ്ചുറികളും ഓസീസ് മണ്ണിലുണ്ട്. ഇംഗ്ലണ്ടില്‍ 64 ശരാശരിയും രോഹിത്തിനുണ്ട്. അതിനാല്‍ എല്ലായിടത്തും രോഹിത്തിന് റണ്‍സുണ്ട്. ഇന്ത്യയിലും തുടര്‍ച്ചയായി രോഹിത് റണ്‍സ് നേടുന്നത് കണ്ടിട്ടുണ്ട്' എന്നും ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ 83 പന്തില്‍ മൂന്നക്കം കണ്ടെത്തിയാണ് രോഹിത് ശര്‍മ്മ 30-ാം ഏകദിന സെഞ്ചുറി തികച്ചത്. ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന്‍റെ വേഗമേറിയ രണ്ടാം ശതകം കൂടിയാണിത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹിറ്റ്‌മാന്‍ 50 ഓവര്‍ ക്രിക്കറ്റില്‍ ശതകം അടിച്ചത്. 2020ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ ആയിരുന്നു ഇതിന് മുമ്പ് രോഹിത്തിന്‍റെ ഏകദിന സെഞ്ചുറി. രോഹിത് സെഞ്ചുറിവഴിയിലേക്ക് തിരിച്ചെത്തിയ മത്സരം ജയിച്ച ഇന്ത്യ ന്യൂസിലന്‍ഡിനെ ഏകദിന പരമ്പരയില്‍ 3-0ന് വൈറ്റ് വാഷ് ചെയ്‌തിരുന്നു. 

രണ്ട് മത്സരമല്ല, ഓസീസിന് എതിരായ ടെസ്റ്റ് പരമ്പരയാകെ ബുമ്രക്ക് നഷ്‌ടമായേക്കും- റിപ്പോര്‍ട്ട്
 

click me!