ഹരാരെ ടെസ്റ്റ്: ആബിദിന് ഇരട്ട സെഞ്ചുറി, പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍; സിംബാബ്‌വെയ്ക്ക് തകര്‍ച്ച

By Web TeamFirst Published May 8, 2021, 11:24 PM IST
Highlights

പാകിസ്ഥാന്‍ എട്ടിന് 510 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആബിദ് അലി (പുറത്താവാതെ 215), അസര്‍ അലി (126) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്.
 

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ എട്ടിന് 510 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ആബിദ് അലി (പുറത്താവാതെ 215), അസര്‍ അലി (126) എന്നിവരുടെ ഇന്നിങ്‌സാണ് തുണയായത്. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലിന് 52 എന്ന നിലയിലാണ് സിംബാബ്‌വെ.

കെവിന്‍ കൗസ (4), തരിസ്യെ മുസകാന്‍ഡ (0), ബ്രണ്ടന്‍ ടെയ്‌ലര്‍ (9), മില്‍ട്ടണ്‍ ഷുംബ (2) എന്നിവരുടെ വിക്കറ്റുകളാണ് സിംബാബ്‌വെയ്ക്ക് നഷ്ടമായത്. റെഗിസ് ചകബ്വ (28), ടെന്‍ഡെയ് ചിസോറൊ (1)  എന്നിവരാണ് ക്രീസില്‍. ഷഹീന്‍ അഫ്രീദി, തബിഷ് ഖാന്‍, ഹസന്‍ അലി, സാജിദ് ഖാന്‍ എന്നിവര്‍ പാകിസ്ഥാനായ ഓരോ വിക്കറ്റുകള്‍ നേടി.

നാലിന് 268 എന്ന നിലയിലാണ് പാകിസ്ഥാന്‍ രണ്ടാംദിനം ആരംഭിച്ചത്. ഒരറ്റത്ത് ആബിദ് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് സന്ദര്‍ശകര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സാജിദ് ഖാനാണ് (20) ആദ്യം മടങ്ങിയത്. മുഹമ്മദ് റിസ്‌വാന്‍ (21), ഹാസന്‍ അലി (0) എന്നിവരും നിരാശപ്പെടുത്തി. വാലറ്റക്കാരന്‍ നൂമാന്‍ അലി (97)യോടൊപ്പം നടത്തിയ പോരാട്ടമാണ് പാകിസ്ഥാന്‍ സ്‌കോര്‍ 500 കടത്തിയത്. 

29 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ആബിദിന്റെ ഇന്നിങ്‌സ്. 104 പന്തുകള്‍ നേരിട്ട നൂമാന്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും നേടി. ആദ്യദിനം ഇമ്രാന്‍ ബട്ട് (2), അസര്‍ അലി (126), ബാബര്‍ അസം (2), ഫവാദ് ആലം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായിരുന്നത്.

click me!