
കാബൂള്‍: വീണ്ടും വിവാഹിതനായ കാര്യം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റൻ റാഷിദ് ഖാന്‍. കഴിഞ്ഞ ദിവസം റാഷിദ് ഖാനും ഒരു യുവതിയും ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ റാഷിദിന്‍റെ കൂടെയുള്ള സുന്ദരിയായ യുവതി ആരെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തി. ഇതോടെയാണ് അത് തന്‍റെ ഭാര്യയാണെന്നും ഓഗസ്റ്റിലായിരുന്നു രണ്ടാമതും താന്‍ വിവാഹതിനായതെന്നും റാഷിദ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.
2024 ഒക്ടോബറിൽ കാബൂളില്‍ വെച്ചായിരുന്നു റാഷിദ് ആദ്യം വിവാഹിതനായത്. അതേദിവസം തന്നെ റാഷിദിന്‍റെ സഹോദരങ്ങളായ ആമിര്‍ ഖലീല്‍, സഖിയുള്ള, റാസാ ഖാന്‍ എന്നിവരുടെ വിവാഹവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് ഒരുവര്‍ഷത്തിനിടെ വീണ്ടും വിവാഹിതനായിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനായിരുന്നു വിവാഹമെന്ന് റാഷിദ് വ്യക്തമാക്കി. ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയപ്പോൾ തനിക്കൊപ്പമുണ്ടായിരുന്ന യുവതി ആരെന്ന ചോദ്യമുയര്‍ന്നതോടെയാണ് വിശദീകരണം നല്‍കേണ്ടിവന്നതെന്നും അതില്‍ ഒളിക്കാനൊന്നുമില്ലെന്നും അത് തന്‍റെ ഭാര്യയാണെന്നും റാഷിദ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
നെതര്‍ലാന്‍ഡ്സില്‍ റാഷിദ് ഖാന്‍ ചാരിറ്റി ഫൗണ്ടേഷന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ റാഷിദും ഭാര്യയും പങ്കെടുത്ത ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. മുമ്പ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ചാമ്പ്യൻമാരാവുന്നതുവരെ വിവാഹം കഴിക്കില്ലെന്ന റാഷിദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനമൊക്കെ മാറ്റിവെച്ചായിരുന്നു കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ റാഷിദ് വിവാഹിതനായത്. ഈ ബന്ധം ഇപ്പോഴും റാഷിദ് തുടരുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.