
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണില്‍ വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഇനി ഔദ്യോഗിക അറിയിപ്പ് മാത്രമാണ് പുറത്തുവരാനുള്ളത്. അത് വൈകാതെ ഉണ്ടാവും. ചെന്നൈയുമായിട്ടുള്ള ട്രേഡിന് സഞ്ജു സമ്മതം മൂളുകയും ധാരണാ പത്രത്തില്‍ ഒപ്പിടുകയും ചെയ്തിരുന്നു. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിട്ടുകൊടുക്കുക.
സഞ്ജു ഇങ്ങോട്ട് വരുമ്പോള്‍ വരുന്ന സീസണില്‍ രാജസ്ഥാനെ ആര് നയിക്കുമെന്നുള്ള ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാലിപ്പോള്‍ അതിലും മാറ്റങ്ങള്‍ വന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രേഡിലൂടെ ടീമിലെത്തുന്ന ജഡേജയെ നായകനാക്കാണ് രാജസ്ഥാന്റെ പദ്ധതി. നായകസ്ഥാനം നല്‍കാമെന്ന ഉറപ്പിന്മേലാണ് ജഡേജ തന്റെ ആദ്യ ക്ലബായ രാജസ്ഥാനിലെത്തുന്നത്. ഒരു സീസണില്‍ ജഡേജ, ചെന്നൈയെ നയിച്ചിട്ടുണ്ട്. എന്നാല്‍ ടീം പരാജയമറിഞ്ഞ് തുടങ്ങിയതോടെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ധോണി നായകസ്ഥാനം ഏറ്റെടുത്തു.
എന്നാല്‍ രാജസ്ഥാന്‍ മുന്നില്‍ ഇപ്പോഴും ഒരു പ്രതിസന്ധിയുണ്ട്. അവര്‍ക്ക് സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കുറിച്ച് ബുദ്ധിമുട്ടാണ്. ഓവര്‍സീസ് ക്വാട്ടയാണ് പ്രശ്‌നം. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമാണ്. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉളളത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും സ്വന്തമാക്കാന്‍ കഴിയൂ. ജഡേജയെ മാത്രമെ എടുക്കുവെന്നും, അതല്ല ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.