ചെന്നൈക്ക് വീണ്ടും തിരിച്ചടി; റെയ്നക്ക് പിന്നാലെ ഹര്‍ഭജനും ഐപിഎല്ലിനില്ലെന്ന് സൂചന

By Web TeamFirst Published Sep 3, 2020, 8:01 PM IST
Highlights

ചെന്നൈ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കളിക്കാരാണ്.

ചെന്നൈ: വ്യക്തിപരമായ കാരണങ്ങളാല്‍ സുരേഷ് റെയ്ന ഐപിഎല്ലില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പോയ ടീമിനൊപ്പം പോകാതിരുന്ന ഹര്‍ഭജന്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്മെന്റ് ഇതുവരെ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ എപ്പോള്‍ ടീമിനൊപ്പം ചേരാനാകുമെന്ന കാര്യത്തില്‍ ഹര്‍ഭജന്‍ ഇതുവരെ ടീം മാനേജ്മെന്റുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ചെന്നൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഹര്‍ഭജനില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും ഹര്‍ഭജനില്ലാത്ത ഐപിഎല്ലിനായി ടീം തയാറെടുപ്പ് നടത്തുന്നുണ്ടെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

ചെന്നൈ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സുരേഷ് റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കളിക്കാരാണ്. ടീം ക്യാംപ് വിട്ട റെയ്നയുടെ നടപടിയില്‍ ടീം ഉടമയായ എന്‍ ശ്രീനിവാസന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കുടുംബാംഗങ്ങളുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ടീം ക്യാംപ് വിട്ട് തിരിച്ചെത്തേണ്ടിവന്നതെന്നും ഈ സീസണില്‍ ഇനിയും ടീമിനൊപ്പം ചേരാനാകുമെന്നും റെയ്ന പ്രതികരിച്ചു.

അതേസമയം, ടീമില്‍ പുതുതായി ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരെ 14 ദിവസത്തിനുശേഷം വീണ്ടും പരിശോധനക്ക് വിധേയരാക്കുമെന്നും ഇതിനുശേഷം നെഗറ്റീവായാല്‍ ഇവര്‍ക്ക് ടീമിനൊപ്പം ചേരാമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു.

 

click me!