
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ടെസ്റ്റിനിടെ ടീം ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ സന്ദര്‍ശനം നടത്തി മുഖ്യ സെലക്‌ടര്‍ അജിത് അഗാര്‍ക്കര്‍. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് പദ്ധതികളുടെ ഭാഗമായി പ്രധാന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, നായകന്‍ രോഹിത് ശര്‍മ്മ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിന് കൂടിയാണ് അഗാര്‍ക്കര്‍ വിന്‍ഡീസില്‍ എത്തിയിരിക്കുന്നത്.
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വച്ച് അജിത് അഗാര്‍ക്കറും രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഏഷ്യാ കപ്പ്, ഐസിസി ലോകകപ്പ് പദ്ധതികളുടെ ബ്ലൂ പ്രിന്‍റ് തയ്യാറാക്കും. ഒന്നര വര്‍ഷം മുമ്പ് അവസാന ഏകദിന മത്സരം കളിച്ച സീനിയര്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റേയും ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ തിളങ്ങാനാവാത്ത സൂര്യകുമാര്‍ യാദവിന്‍റേയും ഏകദിന ഭാവി സംബന്ധിച്ച് അഗാര്‍ക്കര്‍ ഇരുവരുമായി ചര്‍ച്ച നടത്തും. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്‌പിന്നറായ അശ്വിനില്ലാതെയാവും ചിലപ്പോള്‍ ഇന്ത്യന്‍ ടീം സ്വന്തം മണ്ണില്‍ ലോകകപ്പിന് ഇറങ്ങുക. എന്നാല്‍ ഇന്ത്യയിലാണ് മത്സരങ്ങള്‍ എന്നതിനാല്‍ അശ്വിനെ പൂര്‍ണമായും തഴയാന്‍ സെലക്ഷന്‍ കമ്മിറ്റിക്കായേക്കില്ല. അശ്വിനെ മാറ്റിനിര്‍ത്തി റിസ്റ്റ് സ്‌പിന്നര്‍മാരെ കളിപ്പിക്കുന്ന രീതിയാണ് കുറച്ച് കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ പിന്തുടരുന്നത്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ രണ്ടേ രണ്ടേ മത്സരങ്ങളിലാണ് അശ്വിനെ കളിപ്പിച്ചിട്ടുള്ളത്. നിലവില്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി കഴിയാവുന്നത്ര കാലം അശ്വിനെ കളിപ്പിക്കുന്നതിലാണ് മാനേജ്‌മെന്‍റിന്‍റെ ശ്രദ്ധ.
ഏഷ്യാ കപ്പ് ഏകദിന ലോകകപ്പ് സ്‌ക്വാഡുകളില്‍ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഉറപ്പാണെന്നിരിക്കേ റിസ്റ്റ് സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും സ്‌ക്വാഡിലെത്താന്‍ മത്സരരംഗത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്ന മൂന്ന് ഏകദിനങ്ങളില്‍ അശ്വിന്‍ സ്‌ക്വാഡിലില്ലാത്തപ്പോള്‍ ചഹലിനും കുല്‍ദീപിനും ഇടമുണ്ട് എന്നത് ശ്രദ്ധേയമാണ്. ലോകത്തെ നമ്പര്‍ വണ്‍ ബാറ്ററായ സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് കളിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മടങ്ങിവരുന്നതോടെ ടീമില്‍ സൂര്യയുടെ സാധ്യത മങ്ങും. ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെ സൂര്യകുമാറിന് തിളങ്ങാനായിട്ടില്ല. സൂര്യ സ്‌ക്വാഡിലെത്തിയാല്‍ തന്നെ അത് ബാക്ക് അപ് ബാറ്ററായി മാത്രമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം