
ചെന്നൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗില്‍ നിന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അശ്വിന്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിബിഎല്ലില്‍ സിഡ്നി തണ്ടര്‍ അശ്വിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചെന്നൈയില്‍ പരിശീലനത്തിനിടെ അശ്വിന് പരിക്കേല്‍ക്കുകയായിരുന്നു.
അശ്വിന്‍ കുറിച്ചിട്ടതിങ്ങനെ... ''ബിഗ് ബാഷ് ഇത്തവണ നഷ്ടമാകും. എനിക്കത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. സിഡ്നി തണ്ടറിന് വേണ്ടി കളിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ക്ലബിന്റെ ഭാഗമായതു മുതല്‍ താരങ്ങള്‍, സ്റ്റാഫുകള്‍ എന്നിവരില്‍ നിന്ന് വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. എല്ലാവര്‍ക്കും നന്ദി. സിഡ്നി തണ്ടറിന്റെ എല്ലാ മത്സരങ്ങളും കാണും. പുരുഷ, വനിതാ ടീമുകളെ പ്രോത്സാഹിപ്പിക്കും. ഡോക്ടര്‍മാര്‍ അനുവദിച്ചാല്‍ സീസണിന്റെ അവസാനം മത്സരം കാണാന്‍ നേരിട്ടെത്തും.'' താരം വ്യക്തമാക്കി. അശ്വിന്‍ ടീമിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
അശ്വിന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് സിഡ്നി തണ്ടറും സ്ഥിരീകരിച്ചു. ബിഗ് ബാഷ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ താരത്തിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സ്പിന്നര്‍ ആര്‍ അശ്വിന്‍ ഐപിഎല്ലില്‍ കളിക്കുന്നതും മതിയാക്കിയിരുന്നു. ഐപിഎല്ലില്‍ നിന്ന് വിരമിച്ചെങ്കിലും വിദേശ ടി20 ലീഗുകളില്‍ കളിക്കാനുള്ള ആഗ്രഹവും അശ്വിന്‍ പരസ്യമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ നിന്നുകൂടി വിരമിച്ചതോടെ 38കാരനായ അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ പൂര്‍ണമായും വിരമിച്ചു കഴിഞ്ഞു.
ബിസിസിഐ നിബന്ധനപ്രകാരം ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു വിദേശ ലീഗിലും കളിക്കാന്‍ അനുമതിയില്ല. വിരമിച്ചതോടെ ബിഗ് ബാഷിന് പുറമെ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ എസ്എടി20യിലും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റിലും കരീബിയന്‍ പ്രീമീയര്‍ ലീഗീലുമെല്ലാം കളിക്കാന്‍ അശ്വിന് അവസരമുണ്ട്.