
ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായിൽ രാത്രി 8 മണിക്കാണ് മത്സരം. ഏഷ്യാ കപ്പിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം ഫൈനൽ ഉറപ്പിച്ചതെങ്കില്‍ സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിന് ഇറക്കാതിരുന്നതിന്‍റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണ് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്ന സഞ്ജുവിന് പകരം ക്രീസിലെത്തിയവർ അമ്പേ പരാജയമായിരുന്നു.
സഞ്ജുവിനെ ഇന്ന് വീണ്ടും വൺഡൗണിൽ ഇറക്കുമെന്നാണ് സൂചന. ഒമാനെതിരായ മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഫൈനലിന് മുൻപുള്ള മത്സരത്തിൽ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വിശ്രമം നൽകാൻ തീരുമാനിച്ചാല്‍ സഞ്ജു ഓപ്പണിംഗിൽ തിരിച്ചെത്താനും സാധ്യതയുണ്ട്.
എന്നാൽ ശ്രീലങ്കയ്ക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡ് സഞ്ജുവിനില്ല. ലങ്കയ്ക്കെതിരെ കളിച്ച 9 ടി20 മത്സരങ്ങളിൽ 102 റൺസ് മാത്രമാണ് സമ്പാദ്യം. സഞ്ജുവിന് വിശ്രമം നല്‍കി ജിതേഷ് ശര്‍മക്ക് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമോ എന്നും കണ്ടറിയണം . ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന റിങ്കു സിംഗിനും ഇന്ന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ജസ്പ്രീത് ബുമ്രക്ക് പകരം അർഷദീപ് സിംഗും വരുൺ ചക്രവര്‍ത്തിക്ക് പകരം ഹര്‍ഷിത് റാണയും പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യതയും മുന്നിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക