
മുംബൈ: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ മലയാളി ക്രിക്കറ്റർ സഞ്ജു സാംസണ്‍ കളിക്കുമോ? കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ഈയൊരു കാര്യം മാത്രമേ അറിയേണ്ടതായിട്ടുള്ളൂ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇടംപിടിച്ചതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഓഗസ്റ്റ് ആദ്യം അയർലന്‍ഡിനെതിരായ ടി20 പരമ്പരയും അതിന് ശേഷം ഏഷ്യാ കപ്പും ഇന്ത്യന്‍ ടീമിന് മുന്നിലുണ്ട്. ഇതിനെല്ലാം ശേഷമാണ് ലോകകപ്പ് വരുന്നത്.
ഓഗസ്റ്റ് 29-ാം തിയതിയാണ് ലോകകപ്പ് സ്ക്വാഡ് ലിസ്റ്റ് കൈമാറാനായി ഐസിസി ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി. അതായത് രണ്ട് മാസത്തെ സമയം ടീമുകള്‍ക്ക് മുന്നില്‍ അവശേഷിക്കുന്നു. എന്നാല്‍ ഒരുപിടി താരങ്ങള്‍ പരിക്കിലാണെന്നതും മുഖ്യ സെലക്ടറെ ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല എന്നതും ഇന്ത്യന്‍ ടീമിന് ആശങ്കകളാവുന്നു. ഓഗസ്റ്റ് 29-ാം തിയതി ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ ഐസിസി ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി വാങ്ങിയേ സ്ക്വാഡില്‍ മാറ്റം വരുത്താനാകൂ. 29-ാം തിയതിക്ക് മുമ്പ് ഇതിനാല്‍ ചീഫ് സെലക്ടറെ ബിസിസിഐക്ക് നിയമിച്ചേ മതിയാകൂ. മുംബൈയില്‍ ജൂണ്‍ 27ന് ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവിടും.
സഞ്ജുവിന്‍റെ സാധ്യത
നിലവില്‍ പേസർ ജസ്പ്രീത് ബുമ്ര, ബാറ്റർമാരായ ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ എന്നിവരാണ് പരിക്കിന്‍റെ പിടിയിലുള്ള താരങ്ങള്‍. കാർ അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും മടങ്ങിവരവിനുള്ള ഒരുക്കങ്ങളിലാണ്. റിഷഭിന്‍റെ മടങ്ങിവരവില്‍ ഇപ്പോഴും വ്യക്തതയില്ല. ഇവരില്‍ ബുമ്ര ലോകകപ്പിന് മുമ്പ് അയർലന്‍ഡ് പര്യടനത്തിലൂടെ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷ. അയ്യർക്കും രാഹുലിനും ഏഷ്യാ കപ്പും നഷ്ടമാകും എന്നതിനാല്‍ ലോകകപ്പ് ടീമില്‍ പകരം സഞ്ജു സാംസണിന് അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്. എന്തായാലും ഇക്കാര്യം ഓഗസ്റ്റ് 29-ാം തിയതി ആരാധകർക്ക് അറിയാം.
Read more: ഏഷ്യാഡില്‍ സഞ്ജുവിന് വന്‍ സാധ്യത; ക്യാപ്റ്റന്‍സിയും പ്രതീക്ഷിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!