വെയ്‌ഡ് തുടങ്ങി, സ്‌മിത്ത് തുടര്‍ന്നു; ഇന്ത്യക്ക് മുന്നില്‍ മികച്ച സ്‌കോറുമായി ഓസീസ്

By Web TeamFirst Published Dec 6, 2020, 3:19 PM IST
Highlights

അവസാന ഓവറില്‍ ചാഹറിനെ 17 റണ്‍സടിച്ച് സ്റ്റോയിനിസും സാംസും ഓസീസിനെ 190 കടത്തി. 

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 195 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 194 റണ്‍സ് നേടി. മാത്യൂ വെയ്ഡിന്‍റെ അര്‍ധ സെഞ്ചുറിയും സ്റ്റീവ് സ്‌മിത്തിന്‍റെ ബാറ്റിംഗുമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി നടരാജന്‍ രണ്ടും താക്കൂറും ചാഹലും ഓരോ വിക്കറ്റും നേടി.  

മുന്നില്‍ നയിച്ച് വെയ്‌ഡ്

ചാഹറിന്‍റെ ആദ്യ ഓവറില്‍ 13 റണ്‍സ് നേടിയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. രണ്ടാം ഓവറില്‍ സുന്ദറെ ഇറക്കി സ്‌പിന്‍ പരീക്ഷണം നടത്തിയപ്പോഴും വെയ്ഡ് അടി തുടര്‍ന്നു. മൂന്നാം ഓവറില്‍ താക്കൂര്‍ എട്ടില്‍ ചുരുക്കിയെങ്കിലും അടുത്ത ഓവറില്‍ സുന്ദറെ വീണ്ടും ശിക്ഷിച്ചു(15 റണ്‍സ്). റണ്‍നിരക്ക് കുറയ്‌ക്കാന്‍ അഞ്ചാം ഓവറില്‍ കോലി നടരാജനെ വിളിച്ചപ്പോള്‍ ഡീപ് മിഡ് വിക്കറ്റില്‍ അയ്യരുടെ ക്യാച്ചില്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താവുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഓസ്‌ട്രേലിയ 47 റണ്‍സ് ചേര്‍ത്തു. 

മാക്‌സ്‌വെല്ലിനെ വീഴ്‌ത്തി താക്കൂര്‍

വെയ്‌ഡ് 25 പന്തില്‍ അമ്പത് തികച്ചു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ വെയ്ഡ് നാടകീയമായി പുറത്തായി. വെയ്‌ഡിന്‍റെ ക്യാച്ച് കോലി നിലത്തിട്ടെങ്കിലും റണ്ണൗട്ടാക്കുകയായിരുന്നു. 32 പന്തില്‍ 58 റണ്‍സെടുത്തു ഓസീസ് നായകന്‍. സ്‌മിത്തും മാക്‌സ്‌വെല്ലും ക്രീസില്‍ നില്‍ക്കേ 10 ഓവറില്‍ 91 റണ്‍സുണ്ടായിരുന്നു ഓസീസിന്. നന്നായി തുടങ്ങി മാക്‌സ്‌വെല്ലിനെ 13-ാം ഓവറില്‍ സുന്ദറിന്‍റെ കൈകളിലെത്തിച്ച് താക്കൂര്‍ അടുത്ത ബ്രേക്ക്‌ത്രൂ നല്‍കി. 13 പന്തില്‍ 22 റണ്‍സാണ് മാക്‌സിയുടെ സമ്പാദ്യം.  

കരുതലോടെ സ്‌മിത്തിന്‍റെ കളി

എന്നാല്‍ ഹെന്‍റി‌ക്കിസിനെ കൂട്ടുപിടിച്ച് സ്‌മിത്ത് ഓസീസിനെ 16-ാം ഓവറില്‍ 150 കടത്തി. എങ്കിലും അര്‍ധ സെഞ്ചുറി തികയ്‌ക്കാന്‍ സ്‌മിത്തിനെ ഇന്ത്യ അനുവദിച്ചില്ല. മുന്‍ ഓവറുകളില്‍ നന്നായി അടിവാങ്ങിയ ചാഹല്‍ 46ല്‍ നില്‍ക്കേ സ്‌മിത്തിനെ പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. തന്‍റെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഹെന്‍റിക്കസിനെ നട്ടു, രാഹുലിന്‍റെ കൈകളില്‍ ഭദ്രമാക്കി. പക്ഷേ അവസാന ഓവറില്‍ ചാഹറിനെ 17 റണ്‍സടിച്ച് സ്റ്റോയിനിസും സാംസും ഓസീസിനെ 190 കടത്തി. 

വന്‍ മാറ്റങ്ങളുമായി ടീമുകള്‍

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മനീഷ് പാണ്ഡെയ്‌ക്ക് പകരം ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയ്ക്ക് പകരം യൂസ്‌വേന്ദ്ര ചാഹലും മുഹമ്മദ് ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും ടീമിലെത്തി. ആരോണ്‍ ഫിഞ്ചിന് പകരം മാത്യൂ വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ചിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ആന്‍ഡ്രൂ ടൈയു ജോഷ് ഹേസല്‍വുഡിന് പകരം ഡാനിയേല്‍ സാംസും ടീമിലെത്തി.


 

click me!