റബാഡയുടെ പെര്‍ഫെക്‌ട് ബൗണ്‍സര്‍, വായുവില്‍ വണ്ടര്‍ ക്യാച്ചുമായി സോണ്ടോ- വീഡിയോ

Published : Dec 17, 2022, 02:37 PM ISTUpdated : Dec 17, 2022, 02:43 PM IST
റബാഡയുടെ പെര്‍ഫെക്‌ട് ബൗണ്‍സര്‍, വായുവില്‍ വണ്ടര്‍ ക്യാച്ചുമായി സോണ്ടോ- വീഡിയോ

Synopsis

റബാഡയുടെ കുത്തിയുയര്‍ന്ന പന്തില്‍ മുഖം രക്ഷിക്കാന്‍ ബാറ്റ് വെക്കുകയല്ലാതെ വാര്‍ണറിന് മറ്റ് വഴികളില്ലായിരുന്നു

ബ്രിസ്‌ബേന്‍: ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരെ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയയും ഞെട്ടി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ കാഗിസോ റബാഡ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി. അതും റബാഡയുടെ ഒന്നൊന്നര ബൗണ്‍സറിലും സോണ്ടോയുടെ ഒറ്റകൈയന്‍ വണ്ടര്‍ ക്യാച്ചിലും. റബാഡയുടെ കുത്തിയുയര്‍ന്ന പന്തില്‍ മുഖം രക്ഷിക്കാന്‍ ബാറ്റ് വെക്കുകയല്ലാതെ വാര്‍ണറിന് മറ്റ് വഴികളില്ലായിരുന്നു. ബാറ്റില്‍ കൊണ്ടുയര്‍ന്ന പന്ത് ഷോര്‍ട് ലെഗില്‍ ഖയാ സോണ്ടോ പിന്നോട്ടാഞ്ഞ് ഉയര്‍ന്ന് ചാടി ഒറ്റകൈയില്‍ കുരുക്കുകയായിരുന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓസീസ് പേസാക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. കൂടെ നേഥന്‍ ലിയോണിന്‍റെ കറങ്ങും പന്തുകള്‍ കൂടിയായതോടെ സന്ദര്‍ശകര്‍ വിയര്‍ത്തു. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 48.2 ഓവറില്‍ വെറും 152 റണ്‍സില്‍ പുറത്തായി. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് 41 റണ്‍സിന് മൂന്നും പാറ്റ് കമ്മിന്‍സ് 35നും സ്‌കോട്ട് ബോളണ്ട് 28നും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ പേസിനെ തുണയ്ക്കുന്ന ഗാബ പിച്ചില്‍ നേഥന്‍ ലിയോണ്‍ 8 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് ശ്രദ്ധേയമായി. പ്രോട്ടീസ് നിരയില്‍ നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 96 പന്തില്‍ 64 റണ്‍സ് നേടിയ കെയ്‌ല്‍ വെരീന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി 50 പിന്നിട്ടത്. 38 റണ്‍സെടുത്ത തെംബാ ബാവുമയാണ് രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍. നായകന്‍ ഡീന്‍ എല്‍ഗാര്‍ മൂന്ന് റണ്‍സില്‍ പുറത്തായി. 

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസ് ട്രാവിസ് ഹെഡിന്‍റെ അര്‍ധസെഞ്ചുറിക്കിടയിലും കിതയ്ക്കുകയാണ്. വാര്‍ണര്‍ നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ഉസ്‌മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്‌നും 11 റണ്‍സ് വീതമേ നേടിയുള്ളൂ. ട്രാവിഡ് ഹെഡിനൊപ്പം സ്റ്റീസ് സ്‌മിത്ത് കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും 117 റണ്‍സിന്‍റെ ഈ കൂട്ടുകെട്ട് പൊളിച്ച് ആന്‍‌റിച്ച് നോര്‍ക്യ ബ്രേക്ക്-ത്രൂ നല്‍കി. 68 പന്തില്‍ 36 റണ്‍സുമായി സ്‌മിത്ത് ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ സ്കോട്ട്(1) ബോളണ്ടിനെ റബാഡ മടക്കി. ഇതോടെ ഓസീസ് 33.1 ഓവറില്‍ 145-5 എന്ന നിലയില്‍ ആദ്യ ദിനം സ്റ്റംപെടുത്തു. പുറത്താവാതെ 78 റണ്‍സുമായി ട്രാവിസ് ഹെഡ് ക്രീസിലുണ്ട്. പ്രോട്ടീസ് സ്കോറിനേക്കാള്‍ ഏഴ് റണ്‍സ് പിന്നിലാണ് ഓസീസ്. 

ഗാബയില്‍ ബൗളര്‍മാരുടെ മേളം; ദക്ഷിണാഫ്രിക്ക കുഞ്ഞന്‍ സ്കോറില്‍ പുറത്ത്, തിരിച്ചെറിഞ്ഞ് പ്രോട്ടീസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍