പേസിനെ തുണയ്ക്കുന്ന ഗാബയില്‍ നേഥന്‍ ലിയോണ്‍ 8 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതും ശ്രദ്ധേയമായി

ബ്രിസ്‌ബേന്‍: ഗാബയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 48.2 ഓവറില്‍ വെറും 152 റണ്‍സില്‍ പുറത്തായി. പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് 41 റണ്‍സിന് മൂന്നും പാറ്റ് കമ്മിന്‍സ് 35നും സ്‌കോട്ട് ബോളണ്ട് 28നും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് പ്രോട്ടീസ് തകര്‍ന്നടിഞ്ഞത്. പേസിനെ തുണയ്ക്കുന്ന ഗാബയില്‍ നേഥന്‍ ലിയോണ്‍ 8 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതും ശ്രദ്ധേയമായി. മറുപടി ബാറ്റിംഗില്‍ ഓസീസ് തകര്‍ച്ച നേരിടുകയാണ്. 

ആദ്യദിനം വെറും 49 ഓവറുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനില്‍പ് അവസാനിപ്പിച്ചു ഓസീസ് ബൗളര്‍മാര്‍. നാല് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 96 പന്തില്‍ 64 റണ്‍സ് നേടിയ കെയ്‌ല്‍ വെരീന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി 50 പിന്നിട്ടത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 10 പന്തില്‍ മൂന്നും സരേല്‍ ഇര്‍വിയ 37 പന്തില്‍ 10ഉം വാന്‍ ഡെര്‍ ഡസ്സന്‍ 12 പന്തില്‍ അഞ്ചും തെംബാ ബാവുമ 70 പന്തില്‍ 38 ഉം ഖയാ സോണ്ടോ 2 പന്തില്‍ പൂജ്യത്തിനും മാര്‍ക്കോ ജാന്‍സന്‍ 19 പന്തില്‍ രണ്ടിനും കേശവ് മഹാരാജ് ആറ് പന്തില്‍ രണ്ടിനും ആന്‍‌റിച്ച് നോര്‍ക്യ ഏഴ് പന്തില്‍ പൂജ്യത്തിനും ലുങ്കി എന്‍ഗിഡി 13 പന്തില്‍ മൂന്നിനും പുറത്തായി. കാഗിസോ റബാഡ 18 പന്തില്‍ 10* റണ്‍സുമായി പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ ഓസീസിനും മോശം തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഡേവിഡ് വാര്‍ണറെ റബാഡ ഉഗ്രന്‍ ബൗണ്‍സറില്‍ സോണ്ടോയുടെ കൈകളിലെത്തിച്ചു. 9-ാം ഓവറിലെ ആദ്യ പന്തില്‍ ഫോമിലുള്ള മാര്‍നസ് ലബുഷെയ്‌നും മടങ്ങി. മാര്‍ക്കോ ജാന്‍സനായിരുന്നു വിക്കറ്റ്. ലബുഷെയ്‌ന്‍ 24 പന്തില്‍ 11 റണ്‍സേ നേടിയുള്ളൂ. 26 പന്തില്‍ 11 റണ്‍സെടുത്ത ഉസ്‌മാന്‍ ഖവാജയെ പത്താം ഓവറിലെ രണ്ടാം പന്തില്‍ നോര്‍ക്യ പുറത്താക്കി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 33-3 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവ് സ്‌മിത്തും(4*), ട്രാവിസ് ഹെഡുമാണ്(1*) ക്രീസില്‍. 

പാക് ഭീഷണിക്ക് പുറമെ നികുതി പ്രശ്‌നങ്ങളും; ഇന്ത്യയുടെ ഏകദിന ലോകകപ്പ് വേദി പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്