
മെല്‍ബണ്‍: ഇന്ത്യ എ വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഓസ്‌ട്രേലിയ എ വനിതകള്‍ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. 39 റണ്‍സെടുത്ത മെഡെലിന്‍ പെന്ന ടോപ് സ്‌കോററായി. ഇന്ത്യക്ക് വേണ്ടി രാധ യാദവ്, പ്രേമ റാവത്ത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. മലയാളി താരം മിന്നു മണി 30 റണ്‍സെടുത്തു.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 16 റണ്‍സിനിടെ ദിനേശ് വൃന്ദ (4), ഉമ ചേത്രി (3) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് രാഘ്‌വി ബിഷ്ട് (25) - ഷെഫാലി സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഷെഫാലി എട്ടാം ഓവറില്‍ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് മിന്നു. രണ്ടാം ടി20യിലെ മികച്ച പ്രകടനത്തോടെ താരം ബാറ്റിംഗ് ഓര്‍ഡറില്‍ മുകളിലേക്ക് കയറുകയായിരുന്നു. അവസരം ശരിക്കും മുതലാക്കിയ താരം രാഘ്‌വിക്കൊപ്പം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി.
രാഘ്‌വി, സിയന്ന ജിഞ്ചറിന്റെ പന്തില്‍ പുറത്തായി. മിന്നു ആവട്ടെ റണ്ണൗട്ട് ആവുകയും ചെയ്തു. ഇതോടെ ആശ്വാസജയമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും അവസാനമായി. തുടര്‍ന്നെത്തിയ രാധാ യാദവ് (9), തനുജ കന്‍വാര്‍ (1), സജന സജീവന്‍ (3) എന്നിവര്‍ നിശാപ്പെടുത്തി. പ്രേമ റാവത്ത് (12), ഷബ്‌നം ഷക്കീല്‍ (1) പുറത്താവാതെ നിന്നു. ജിഞ്ചര്‍ ഓസീസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഓസീസ് നിരയില്‍ പെന്നയ്ക്ക് പുറമെ അലീസ ഹീലി (27), അനിക ലിയറോയ്ഡ് (22), ജിഞ്ചര്‍ (17), തഹ്ലിയ വില്‍സണ്‍ (14), പെന്ന (11), ടെസ് ഫ്‌ളിന്റോഫ് (11) എന്നിവരാണ് രണ്ടക്കം കണ്ട താരങ്ങള്‍. സജനയ്ക്ക് ഒരു വിക്കറ്റുണ്ട്. മൂന്ന് മലയാളി താരങ്ങളാണ് ടീമില്‍ കളിച്ചത്. മിന്നു, സജന എന്നിവര്‍ക്ക് പുറമെ പേസര്‍ വി ജെ ജോഷിതയും ടീമിലെത്തി. രണ്ട് ഓവര്‍ എറിഞ്ഞ താരം 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല.