
ദുബായ്: ടി20യിലെ (T20 World Cup) പുതിയ ലോകചാംപ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ (Australia), ന്യുസിലന്‍ഡിനെ (New Zealand) നേരിടും. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഫൈനല്‍. ക്രിക്കറ്റ് കാര്‍ണിവലിന്റെ തുടക്കത്തില്‍ അധികമാരും സാധ്യത നല്‍കാതിരുന്ന രണ്ട് ടീമുകളാണ് ഫൈനലില്‍ വരുന്നത്.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള ഓസ്‌ട്രേലിയയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ലോകചാംപ്യന്മാരായ ന്യൂസിലന്‍ഡും. കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും, കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം. ആറ് കളിയില്‍ 236 റണ്‍സ് നേടിക്കഴിഞ്ഞ ഡേവിഡ് വാര്‍ണര്‍ (David Warner) ക്രീസില്‍ ഉറച്ചാല്‍ കെയിന്‍ വില്യംസണ്‍ (Kane Williamson) വിയര്‍ക്കും.
സെമിയില്‍ ഫിനിഷര്‍മാര്‍ തിളങ്ങിയെങ്കിലും ഓസീസ് മധ്യനിരയ്ക്ക് സ്ഥിരത പോരാ. സ്പിന്നര്‍മാരെ അനായാസം നേരിട്ടിരുന്ന ഡെവണ്‍ കോണ്‍വെയ്ക്ക് (Devon Conway) പരിക്കേറ്റത് ന്യുസീലന്‍ഡിന് കനത്ത പ്രഹരം. മധ്യഓവറുകളില്‍ താളം കണ്ടെത്താന്‍ ആഡം സാംപയെ (Adam Zampa) അനുവദിക്കാതിരിക്കുകയാകും ന്യൂസീലന്‍ഡിന് മുന്നിലെ വെല്ലുവിളി.
മികച്ച പേസര്‍മാര്‍ ഇരുടീമിലും ഉള്ളതിനാല്‍ പവര്‍പ്ലേയും പ്രവചനാതീതം. രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് മേല്‍ക്കൈ ഉള്ള ദുബായില്‍ (Dubai) ടോസ് നഷ്ടപ്പെടാന്‍ ഇരുനായകന്മാരും ആഗ്രഹിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!