
മുംബൈ: ദേശീയ ടീം സെലക്ടര്‍മാരെ(National Team Selectors) കുറിച്ച് ഇയാന്‍ ബിഷപ്പിന്‍റെ(Ian Bishop) അഭിപ്രായപ്രകടനം ശ്രദ്ധേയമാകുന്നു. ടി20യെ കുറിച്ച് അറിയാവുന്നവര്‍ സെലക്ടര്‍മാര്‍ ആകണമെന്നാണ് ബിഷപ്പ് നിര്‍ദേശിക്കുന്നത്. എന്നാൽ ബിഷപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ്, നിലവിൽ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് എന്നാണ് ആക്ഷേപം.
ടി20 ക്രിക്കറ്റിൽ സമീപനങ്ങളും തന്ത്രങ്ങളും അതിവേഗം ആണ് മാറുന്നത്. ടീം തെരഞ്ഞെടുപ്പ് കൃത്യമായില്ലെങ്കില്‍ എല്ലാം പാളും. അടുത്ത നാളുകളില്‍ ടി20യിൽ താരമായോ പരിശീലകനായോ സജീവമായ ഒരാളെങ്കിലും സെലക്ഷന്‍ കമ്മിറ്റിയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. യുഎഇയിലെ മത്സരങ്ങള്‍ നൽകുന്ന വലിയ പാഠം ഇതെന്ന് പറയുന്നു വെസ്റ്റ് ഇന്‍ഡീസ് മുന്‍ പേസറും ലോകകപ്പ് കമന്‍റേറ്ററുമായ ഇയാന്‍ ബിഷപ്പ്.
സെമി കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിൽ ട്വന്‍റി 20 കളിച്ച ഒറ്റയൊരാള്‍ പോലും എന്നറിയുമ്പോഴാണ് ബിഷപ്പിന്‍റെ വാക്കുകളുടെ വില മനസ്സിലാവുക. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മ ഇന്ത്യന്‍ ടീമിൽ നിന്ന് വിരമിച്ചത് 1994ൽ. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ എബി കുരുവിള , സുനില്‍ ജോഷി, ഹര്‍വിന്ദര്‍ സിംഗ്, ദേബാഷിഷ് മൊഹന്തി എന്നിവരും ടി20യുടെ വരവിന് മുന്‍പേ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയവര്‍.
രണ്ട് സീസണ്‍ മുന്‍പ് അനിൽ കുംബ്ലെയുടെ അസിസ്റ്റന്‍റായി കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലുണ്ടായിരുന്ന സുനില്‍ ജോഷിക്കും മുംബൈ ഇന്ത്യന്‍സിന്‍റെ ടാലന്‍റ് സ്കൗട്ട് സംഘത്തിലുണ്ടായിരുന്ന എബി കുരുവിളയ്ക്കുമാണ് അൽപ്പമെങ്കിലും ട്വന്‍റി 20 ബന്ധമുള്ളത്. എന്നാൽ ഇരുവരും ഫ്രാഞ്ചൈസിലീഗുമായി സഹകരിച്ച സമയത്ത് നിന്ന് ഒരുപാട് മുന്നോട്ടുപോയി കുട്ടി ക്രിക്കറ്റ്.
ഇത് തിരിച്ചറിയാതെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കാനുള്ള ചുമതല ഈ അഞ്ച് പേരെ ഏൽപ്പിച്ച ബിസിസിഐ തന്നെയാണ് യുഎഇ ദുരന്തത്തിന്‍റെ പ്രധാന ഉത്തരവാദികളെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!