Australia vs England: സ്റ്റാര്‍ക്കും ബോളണ്ടും തകര്‍പ്പനേറ്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

By Web TeamFirst Published Dec 27, 2021, 1:52 PM IST
Highlights

നേരത്തെ ഇംഗ്ലണ്ടിന്‍റെ 185 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 267 റണ്‍സില്‍ പുറത്തായിരുന്നു

മെല്‍ബണ്‍: ആഷസ് (Ashes 2021-22) പരമ്പരയിലെ (Australia vs England 3rd Test) മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് മുന്നില്‍ പ്രതിരോധത്തിലായി ഇംഗ്ലണ്ട്. 82 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ 31-1 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 51 റണ്‍സ് കൂടി വേണം. നായകന്‍ ജോ റൂട്ടും (Joe Root ) 12*, ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സുമാണ് (Ben Stokes) 2* ക്രീസില്‍. ഹസീബ് ഹമീദിനെയും(7), ജാക്ക് ലീച്ചിനെയും(0) ബോളണ്ടും സാക്ക് ക്രൗളിയെയും(5) ഡേവിഡ് മലാനേയും(0) സ്റ്റാര്‍ക്കും പുറത്താക്കി. 

നേരത്തെ ഇംഗ്ലണ്ടിന്‍റെ 185 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 267 റണ്‍സില്‍ പുറത്തായി. എങ്കിലും 82 റണ്‍സിന്‍റെ ലീഡ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കി. നാല് വിക്കറ്റുമായി ജയിംസ് ആന്‍ഡേഴ്‌സണും രണ്ട് വീതം പേരെ പുറത്താക്കി ഓലി റോബിന്‍സണും മാര്‍ക്ക് വുഡും ഓരോ വിക്കറ്റുമായി ബെന്‍ സ്റ്റോക്‌സും ജാക്ക് ലീച്ചുമാണ് ഓസീസിനെ മികച്ച സ്‌കോറില്‍ നിന്ന് തടുത്തത്. അര്‍ധ സെഞ്ചുറി നേടിയ മാര്‍കസ് ഹാരിസാണ് ഓസീസ് ടോപ് സ്‌കോറര്‍. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ(38) ആദ്യദിനം നഷ്‌ടമായിരുന്നു. ഒന്നിന് 61 എന്ന നിലയിൽ രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലെ കാര്യങ്ങള്‍ പാളി. ടീം സ്‌കോര്‍ 76ല്‍ എത്തിയപ്പോള്‍ നൈറ്റ് വാച്ച്‌മാന്‍ നേഥന്‍ ലിയോണ്‍ ഓലി റോബിന്‍സണിന്‍റെ പന്തില്‍ പുറത്തായി. വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട മാര്‍നസ് ലബുഷെയ്‌ന്‍ ഒന്നിനും സ്റ്റീവ് സ്‌മിത്ത് 16നും പുറത്തായതോടെ ഓസീസ് സമ്മര്‍ദത്തിലായി. ആദ്യ ടെസ്റ്റിലെ ഹീറോ ട്രാവിഡ് ഹെഡും(27) തിളങ്ങിയില്ല. എന്നാല്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ മാര്‍കസ് ഹാരിസ് 189 പന്തില്‍ 76 റണ്‍സെടുത്തു. ഹാരിസാണ് ഓസീസിന്‍റെ ടോപ് സ്‌കോററും. 

കാമറോണ്‍ ഗ്രീന്‍(17), അലക്‌സ് ക്യാരി(19) എന്നിങ്ങനെയായിരുന്നു പിന്നീട് വന്നവരുടെ സ്‌കോര്‍. വാലറ്റത്ത് പാറ്റ് കമ്മിന്‍സ് നേടിയ 21 ഉം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ 24* ഉം ഓസീസിന് നിര്‍ണായകമായി. സ്‌‌കോട്ട് ബോളണ്ട് ആറ് റണ്‍സില്‍ അവസാനക്കാരനായി പുറത്തായി. 

ആദ്യ ദിനം ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് വീതം നേടിയ പാറ്റ് കമ്മിന്‍സ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ക്ക് മുന്നില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 185ന് പുറത്തായിരുന്നു. 50 റണ്‍സ് നേടിയ നായകന്‍ ജോ റൂട്ടാണ് സന്ദര്‍ശകുടെ ടോപ് സ്‌കോറര്‍. ഹസീബ് ഹമീദ്(0), സാക് ക്രൗളി(12), ഡേവിഡ് മലാന്‍(14), ബെന്‍ സ്റ്റോക്‌സ്(25), ജോണി ബെയര്‍സ്റ്റോ(35), ജോസ് ബട്ട്‌ലര്‍(3), മാര്‍ക്ക് വുഡ്(6), ഓലി റോബിന്‍സണ്‍(22), ജാക്ക് ലീച്ച്(13), ജയിംസ് ആന്‍ഡേഴ്‌സണ്‍(0*) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാര്‍ നേടിയത്. 

South Africa vs India : കിംഗ് കോലിക്ക് ഇതെന്തുപറ്റി, പിഴയ്‌ക്കുന്നത് എവിടെയെന്ന് കണ്ടെത്തി ആശിഷ് നെഹ്‌റ

click me!