അര്‍ധ സെഞ്ചുകള്‍ നേടുന്ന വിരാട് കോലി ശതകത്തിലേക്ക് അവ മാറ്റണമെന്ന് പറയുകയാണ് മുന്‍ സഹതാരം ആശിഷ് നെഹ്‌റ

സെഞ്ചൂറിയന്‍: ഇന്ത്യന്‍ (Team India) ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിക്ക് (Virat Kohli) മൂന്നക്കം എന്ന സ്വപ്‌നം ഒരിക്കല്‍ക്കൂടി അകന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്‍റെ (South Africa vs India 1st Test) ആദ്യദിനം മികച്ച ടച്ചോടെ തുടങ്ങിയ കിംഗ് കോലി 35 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഈ വര്‍ഷം ടെസ്റ്റില്‍ നാല് അര്‍ധ സെഞ്ചുകള്‍ നേടിയ കോലി ശതകമാക്കി അവ മാറ്റണമെന്ന് പറയുകയാണ് ഇതിനാല്‍ മുന്‍ സഹതാരം ആശിഷ് നെഹ്‌റ (Ashish Nehra). സെഞ്ചൂറിയനില്‍ ലുങ്കി എന്‍ഗിഡിയുടെ (Lungi Ngidi) ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ കോലി എഡ്‌ജായി പുറത്താവുകയായിരുന്നു. 

'വിരാട് കോലിയെ പോലൊരു താരത്തില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കും. തന്‍റെ പ്രകടത്തില്‍ കോലി നിരാശനായിരിക്കും. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന പര്യടനത്തില്‍ കോലി റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും നേടാനുള്ള ദാഹം കോലിക്കുണ്ട്. അതിനാല്‍ തന്‍റെ പ്രകടനത്തില്‍ കോലി ഇന്ന് നിരാശനായിരിക്കും. 

135-150 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തുകള്‍ കോലി ഫ്രണ്ട് ഫൂട്ടില്‍ കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പന്ത് സ്വിങ് ചെയ്യുമ്പോഴും ബൗണ്‍സ് കണ്ടെത്തുമ്പോഴും ഏതൊരു ബാറ്റ്സ്‌മാനും വെല്ലുവിളിയാവും. മുമ്പ് കണ്ട കോലിയെ രണ്ടുമൂന്ന് വര്‍ഷമായി കാണാനാവുന്നില്ല. എന്നാല്‍ ഫോം കണ്ടെത്തിയാല്‍ കോലിയെ തടയാനാവില്ല. നാം കാത്തിരിക്കുന്ന ഇന്നിംഗ്‌സ് കളിക്കാന്‍ കോലിയെ പരിചയസമ്പത്തും മനോഭാവവും സഹായിക്കും. അഡ്‌ലെയ്‌ഡില്‍ നേടിയ 74 റണ്‍സ് പോലുള്ള ഇന്നിംഗ്‌സുകള്‍ വിദൂരമല്ല'. 

കെ എല്‍ രാഹുല്‍ മാതൃക

'ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കോലി പുറത്തായ രീതിയ നോക്കിയാല്‍ മനസിലാകും. ലൂസ് ഷോട്ട് കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കോലിയെ പ്രേരിപ്പിക്കുകയായിരുന്നു. നാലാം സ്റ്റംപില്‍ വരുന്ന സ്വിങ് പന്തുകളില്‍ കോലി കളിക്കുന്നത് എങ്ങനെയെന്ന് ഇന്നത്തെ പുറത്താകല്‍ കണ്ടാല്‍ മനസിലാകും. ഇത്തരം പന്തുകള്‍ ലീവ് ചെയ്യുന്നതാണ് ഉചിതം. കെ എല്‍ രാഹുലില്‍ നിന്ന് അത് കാണാനായി' എന്നും നെഹ്‌റ സെഞ്ചൂറിയനിലെ ആദ്യദിന മത്സരത്തിന് ശേഷം പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.

South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ