കാന്‍ബറ വെടിക്കെട്ട്; സാക്ഷാല്‍ ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ജഡേജ

By Web TeamFirst Published Dec 4, 2020, 3:44 PM IST
Highlights

ഏഴാമനായി ക്രീസിലെത്തിയ ജഡേജ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റണ്‍സെടുത്തു.

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത് അവസാന ഓവറുകളിലെ രവീന്ദ്ര ജഡേജ വെടിക്കെട്ടാണ്. ഏഴാമനായി ക്രീസിലെത്തിയ ജഡേജ 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റണ്‍സെടുത്തു. ഇതോടെ ടി20യില്‍ ഒരു റെക്കോര്‍ഡ് നേടാന്‍ ജഡേജയ്‌ക്കായി. 

അന്താരാഷ്‌ട്ര ടി20യില്‍ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ജഡേജ സ്വന്തമാക്കിയത്. വാംഖഡെയില്‍ 2012ല്‍ 18 പന്തില്‍ 38 റണ്‍സെടുത്ത എം എസ് ധോണിയുടെ റെക്കോര്‍ഡാണ് ജഡേജ തകര്‍ത്തത്.  

കാന്‍ബറയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സാണെടുത്തത്. തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ കെ എല്‍ രാഹുലിന്‍റെ അര്‍ധ സെഞ്ചുറിയും ജഡേജയുടെ പ്രകടനവുമാണ് രക്ഷിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒരു റണ്ണിലും നായകന്‍ വിരാട് കോലി ഒന്‍പതിലും മടങ്ങി. മലയാളി താരം സഞ്ജു സാംസണ്‍ നന്നായി തുടങ്ങിയെങ്കിലും 15 പന്തില്‍ 23 റണ്‍സെടുത്ത് നില്‍ക്കേ പുറത്തായി. 

കമ്മിന്‍സിന് വിശ്രമം എന്തിന്? ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പൊരിച്ച് മുന്‍ താരങ്ങള്‍

എന്നാല്‍ 40 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സുമായി കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്ത് തിളങ്ങി. മനീഷ് പാണ്ഡെ(2), ഹര്‍ദിക് പാണ്ഡ്യ(16) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ജഡേജ അവസാന ഓവറുകളില്‍ രക്ഷകനായി. ഇതോടെ അവസാന മൂന്ന് ഓവറില്‍ 46 റണ്‍സ് പിറന്നു. ഓസീസിനായി ഹെന്‍‌റിക്കസ് മൂന്നും സ്റ്റാര്‍ക്ക് രണ്ടും സാംപയും സ്വപ്‌സണും ഓരോ വിക്കറ്റും നേടി. 

തകര്‍ത്താടി ജഡേജ, ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

click me!