കാന്‍ബറ: ഇന്ത്യക്കെതിരെ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിന് വിശ്രമം നൽകിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിയെ വിമർശിച്ച് മുൻതാരം ബ്രെറ്റ് ലീ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന കമ്മിൻസിന് ആദ്യ രണ്ട് ഏകദിനത്തിന് ശേഷമാണ് വിശ്രമം അനുവദിച്ചത്. 

'കമ്മിൻസ് ടീമിൽ തുടരാൻ ആയിരിക്കും ആഗ്രഹിച്ചിട്ടുണ്ടാവുക. ഏതൊരു താരവും രാജ്യത്തിനായി കളിക്കാനാണ് താൽപര്യപ്പെടുക. പ്രത്യേകിച്ചും ബൗളർമാർക്ക് താളം കണ്ടെത്താൻ തുട‍‍ർച്ചയായി കളിക്കുന്നതാണ് നല്ലത്. പരുക്കില്ലാത്ത കമ്മിൻസിനെ പോലെ ഒരു ബൗളർക്ക് വിശ്രമം അനുവദിച്ചത് അനുചിത തീരുമാനം ആയെന്നും' ബ്രെറ്റ് ലീ പറഞ്ഞു. 

ആഞ്ഞടിച്ച് വോണും

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണും രംഗത്തെത്തി. 'എന്തിനാണ് വിശ്രമിക്കുന്നത്, ഐപിഎല്ലില്‍ കളിച്ചതുകൊണ്ടാണോ? ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിച്ചതിന് ശേഷം ഐപിഎല്ലിന്‍റെ പേരില്‍ ദേശീയ ടീം വിശ്രമം അനുവദിക്കുന്നു. ഐപിഎല്ലില്‍ കളിക്കുന്നതിനേക്കാള്‍ പ്രധാനം രാജ്യത്തിനായി ഇറങ്ങുന്നതാണ്. പാറ്റിന് വിശ്രമം അനുവദിച്ചത് നിരാശപ്പെടുത്തുന്നു' എന്നും വോണ്‍ പ്രതികരിച്ചു. 

സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് ഇയാന്‍ ചാപ്പല്‍; ഉരുളയ്‌ക്ക് ഉപ്പേരി മറുപടിയുമായി മാക്‌സ്‌വെല്‍

ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് പരിക്കേൽക്കാതിരിക്കാനാണ് ഓസീസ് ടീം കമ്മിൻസിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 17ന് അഡ്‌‌ലെയ്‌ഡിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നിര്‍ണായകമായേക്കാവുന്ന ബൗളര്‍മാരില്‍ ഒരാളായാണ് കമ്മിന്‍സ് വിലയിരുത്തപ്പെടുന്നത്. കരിയറില്‍ 30 ടെസ്റ്റുകളില്‍ 143 വിക്കറ്റ് കമ്മിന്‍സിന്‍റെ പേരിലുണ്ട്. 

സഞ്ജു ഇറങ്ങുമോ? ഇന്ത്യ-ഓസീസ് ആദ്യ ടി20 ഇന്ന്; പ്ലേയിംഗ് ഇലവന്‍ ആകാംക്ഷയില്‍