Latest Videos

'വിക്കറ്റ് നഷ്‌ടമായതില്‍ കുറ്റബോധമില്ല'; ഗാവസ്‌കറിന് മറുപടിയുമായി രോഹിത് ശര്‍മ്മ

By Web TeamFirst Published Jan 16, 2021, 6:41 PM IST
Highlights

സുനില്‍ ഗാവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ള മുന്‍താരങ്ങള്‍ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് രോഹിത്തിന്റെ വിശദീകരണം. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെട്ട വിധത്തില്‍ കുറ്റബോധം ഇല്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. സുനില്‍ ഗാവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ള മുന്‍താരങ്ങള്‍ രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് രോഹിത്തിന്റെ വിശദീകരണം. 

'ലോംഗ് ഓണിനും ഡീപ് സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ കളിക്കാനാണ് ശ്രമിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെ അവിടേക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഏതാനും ഓവര്‍ കഴിഞ്ഞപ്പോള്‍ ബൗളർമാ‍ക്ക് കാര്യമായ സ്വിംഗ് കിട്ടുന്നില്ലെന്ന് മനസ്സില്ലായി. ഇതോടെ ബാറ്റിംഗിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ബൗളര്‍മാരില്‍ സമ്മര്‍ദം ചെലുത്താനാണ് താന്‍ ഇഷ്ടപ്പെടുന്നത്. ടീമില്‍ തന്റെ ഉത്തരവാദിത്തം ഇതാണ്. ദൗര്‍ഭാഗ്യകരമായ രീതിയിലാണ് പുറത്തായത്. പക്ഷേ, ഇതിന്റെ പേരില്‍ തനിക്ക് കുറ്റബോധമില്ല' എന്നും രോഹിത്ത് മത്സര ശേഷം പറഞ്ഞു.

തുറന്നടിച്ച് ഗാവസ്‌കറും മഞ്ജരേക്കറും

'വിശ്വസിക്കാനാവാത്ത തരം ഷോട്ടായിരുന്നു അത്. ലോംഗ് ഓണില്‍ ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഡീപ് സ്‌ക്വയര്‍ ലെഗിലും ഫീല്‍ഡര്‍ ഉണ്ടായിരുന്നു. ഏതാനും പന്തുകൾക്ക് മുന്‍പാണ് ഒരു ബൗണ്ടറി നേടിയത്. എന്തിനാണ് പിന്നെ രോഹിത് ആ ഷോട്ട് കളിച്ചതെന്ന് മനസ്സിലാവുന്നില്ല. സീനിയർ താരമായ രോഹിത്ത് ഇങ്ങനെയൊരു ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയതിന് ഒരു ഒഴികഴിവും പറയാനില്ല' എന്നായിരുന്നു ഗാവസ്‌കറുടെ വിമര്‍ശനം. 

മൂന്നാം സെഷന്‍ മഴയെടുത്തു; ബ്രിസ്‌ബേനില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ഗാവസ്കറിനൊപ്പം മുൻതാരം സഞ്ജയ് മഞ്ജരേക്കറും രോഹിത്തിനെതിരെ തിരിഞ്ഞു. പരിചയസമ്പന്നരായ താരങ്ങളെ ടീം മിസ് ചെയ്യുന്നത് പരിഗണിക്കുമ്പോള്‍ പരിചയസമ്പത്തുള്ള രോഹിത്തിന്‍റെ മോശം ഷോട്ടിന് ഒരു ഒഴികഴിവും പറയാനാവില്ല എന്നായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. 

രോഹിത് പുറത്തായത് അലക്ഷ്യ ഷോട്ടില്‍

ബ്രിസ്‌ബേനിലെ രണ്ടാംദിനം നേഥൻ ലയണിന്റെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചാണ് രോഹിത്ത് പുറത്തായത്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 369 റണ്‍സ് പിന്തുടരുമ്പോള്‍ ശുഭ്‌മാന്‍ ഗില്ലിനെ(7) തുടക്കത്തിലെ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. എന്നാല്‍ മികച്ച ഷോട്ടുകളുമായി മുന്നേറിയ രോഹിത് അലക്ഷ്യമായി കളിച്ച് പുറത്തായി. 74 പന്തില്‍ നിന്ന് 44 റണ്‍സാണ് രോഹിത് നേടിയത്. സിഡ്‌നി ടെസ്റ്റിലും കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് രോഹിത് മടങ്ങിയിരുന്നു. 

'ഒരു ഒഴികഴിവും പറയാനില്ല'; ബ്രിസ്‌ബേന്‍ പുറത്താകലില്‍ രോഹിത്തിനെ കടന്നാക്രമിച്ച് ഗാവസ്‌കര്‍

ഗാബയില്‍ മഴ കളിച്ച രണ്ടാംദിനം സ്റ്റംപെടുത്തപ്പോള്‍ രണ്ട് വിക്കറ്റിന് 62 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയും(49 പന്തില്‍ എട്ട്), നായകന്‍ അജിങ്ക്യ രഹാനെയും(19 പന്തില്‍ രണ്ട്) ആണ് ക്രീസില്‍. ഓസ്‌ട്രേലിയന്‍ സ്‌കോറിനേക്കാള്‍ 307 റണ്‍സ് പിന്നിലാണ് ഇന്ത്യ. നേരത്തെ, മാര്‍നസ് ലബുഷെയ്‌ന്‍റെ സെഞ്ചുറിയുടേയും(108), ടിം പെയ്‌ന്‍(50), കാമറൂണ്‍ ഗ്രീന്‍(47), മാത്യൂ വെയ്‌ഡ്(45) എന്നിവരുടെയും ബാറ്റിംഗ് കരുത്തില്‍ ഓസീസ് 369 റണ്‍സ് നേടി. 

ഗൗരവം കാട്ടി അരങ്ങേറ്റ താരങ്ങള്‍

ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂറിനൊപ്പം അരങ്ങേറ്റ താരങ്ങളായ ടി. നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജ് ഒരാളെ പുറത്താക്കി. ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1ന് സമനിലയില്‍ നില്‍ക്കുന്ന പരമ്പരയുടെ വിധി ഗാബയെഴുതും. 

നടരാജന്‍ മുതല്‍ക്കൂട്ട്, വലിയ പ്രതീക്ഷ; പ്രശംസ കൊണ്ടുമൂടി രോഹിത് ശര്‍മ്മ

click me!