Asianet News MalayalamAsianet News Malayalam

നടരാജന്‍ മുതല്‍ക്കൂട്ട്, വലിയ പ്രതീക്ഷ; പ്രശംസ കൊണ്ടുമൂടി രോഹിത് ശര്‍മ്മ

അരങ്ങേറ്റ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുമായി നട്ടു തിളങ്ങിയതിന് പിന്നാലെയാണ് ഹിറ്റ്‌മാന്‍റെ പ്രശംസ. 

Australia vs India 4th Test at The Gabba Rohit Sharma praises T Natarajan
Author
Brisbane QLD, First Published Jan 16, 2021, 5:17 PM IST

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ ഗാബ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പേസര്‍ ടി. നടരാജനെ പ്രശംസിച്ച് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുമായി നട്ടു തിളങ്ങിയതിന് പിന്നാലെയാണ് ഹിറ്റ്‌മാന്‍റെ പ്രശംസ. 

'നടരാജന്‍ ഞങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്നു. വൈറ്റ് ബോളില്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ ഏറെ അച്ചടക്കം കാട്ടിയിരുന്നു താരം. ഐപിഎല്ലിലെ മികച്ച പ്രകടനം ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും തുടര്‍ന്നു. അതിന് ശേഷമുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ സ്‌പെല്‍ തന്നെ കിറുകൃത്യമായിരുന്നു. ആദ്യ ടെസ്റ്റ് കളിക്കുന്ന താരമായ നടരാജന്‍ തന്‍റെ ബൗളിംഗിനെ കുറിച്ച് പൂര്‍ണ ബോധ്യമുള്ള ആളായിരുന്നു എന്ന് നമുക്ക് പറയാം. ഇങ്ങനെയുള്ള താരത്തെയാണ് ഇന്ത്യക്ക് ആവശ്യം. നടരാജനില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത്, ആ പ്രകടനം പുറത്തെടുക്കാന്‍ അദേഹത്തിനാകുന്നു. അതിനാല്‍ നടരാജന്‍ വലിയ പ്രതീക്ഷ നല്‍കുന്നതായും' രോഹിത് പറഞ്ഞു. 

വാഷിംഗ്‌ടണ്‍ സുന്ദറിനും പ്രശംസ

'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറച്ച് മത്സരങ്ങള്‍ മാത്രം കളിച്ച ശേഷമാണ് ടി. നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും ടെസ്റ്റ് കളിക്കാനെത്തിയത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ നേരിടുക എളുപ്പമല്ല കാര്യമല്ല. എന്നാല്‍ അവര്‍ പക്വത കാട്ടുകയും ടീം എന്താണോ പ്രതീക്ഷിക്കുന്നത് എന്ന് അവര്‍ മനസിലാക്കുകയും ചെയ്തു. ടീം പ്രതീക്ഷിച്ച പ്രകടനം ഇരുവര്‍ക്കും പുറത്തെടുക്കാന്‍ കഴിഞ്ഞു' എന്നും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. 

ഗാബയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച നടരാജന്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ 24.2 ഓവറില്‍ 78 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മാര്‍നസ് ലബുഷെയ്‌ന്‍, മാത്യൂ വെയ്ഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ് നട്ടു പുറത്താക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ഇടംകൈയന്‍ പേസറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായെത്തിയ നടരാജന്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലായതോടെയാണ് മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചത്.  

വിക്കറ്റ് വലിച്ചെറിഞ്ഞ് ഹിറ്റ്മാന്‍; ബ്രിസ്‌ബേനില്‍ ഓസീസിനെതിരെ ഇന്ത്യക്ക് മോശം തുടക്കം

Latest Videos
Follow Us:
Download App:
  • android
  • ios