ബ്രിസ്‌ബേനില്‍ ഒരു സെഷന്‍ ബാക്കി; ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്

By Web TeamFirst Published Jan 19, 2021, 10:30 AM IST
Highlights

ചേതേശ്വര്‍ പൂജാരയും(43) റിഷഭ് പന്തുമാണ്(10) ക്രീസില്‍. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന ദിനം നഷ്‌ടമായത്. 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിന്‍റെ അവസാന സെഷനില്‍ ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്. അഞ്ചാംദിനം ചായയ്‌ക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 183 എന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വര്‍ പൂജാരയും(43), റിഷഭ് പന്തുമാണ്(10) ക്രീസില്‍. 37 ഓവറുകളാണ് ഇനി അവശേഷിക്കുന്നത്. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന ദിനം നഷ്‌ടമായത്. 

തുടക്കം തകര്‍ന്നിട്ടും ഗില്ലാട്ടം 

ഇന്ത്യ പ്രതീക്ഷിച്ച തുടക്കമല്ല ബ്രിസ്‌ബേനില്‍ അവസാന ദിനം ലഭിച്ചത്. 4-0 എന്ന സ്‌കോറില്‍ ഇന്ത്യ അവസാന ദിനം ആരംഭിച്ചു. തലേന്നത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത് നില്‍ക്കേ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിന്നില്‍ ടിം പെയ്‌ന്‍റ കൈകളിലെത്തിച്ചു. ഏഴ് റണ്‍സേ രോഹിത്തിനുള്ളൂ. ഇതിന് ശേഷം ക്രീസിലൊന്നിച്ച ഗില്‍-പൂജാര സഖ്യം കരുതലോടെ മുന്നേറി. 90 പന്തില്‍ നിന്ന് ഗില്‍ ഈ പരമ്പരയിലെ രണ്ടാം ഫിഫ്റ്റി തികച്ചു. 

എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഷോട്ട് പിച്ച് പന്തുകള്‍ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഗില്ലിനെ(91) സ്‌പിന്നര്‍ നേഥന്‍ ലിയോണ്‍ തന്ത്രപരമായി പുറത്താക്കി. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ഗില്ലിനെ ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റീവ് സ്‌മിത്ത് ക്യാച്ചെടുത്ത് പറഞ്ഞയക്കുകയായിരുന്നു. 146 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമുണ്ടായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സില്‍. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം 114 റണ്‍സ് ചേര്‍ത്തു. ഈ പരമ്പരയില്‍ ഗില്ലിന്‍റെ റണ്‍ സമ്പാദ്യം 259 റണ്‍സായി. 

വിക്കറ്റ് കളഞ്ഞുകുളിച്ച് രഹാനെ

ഗില്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ അജിങ്ക്യ രഹാനെ മികച്ച തുടക്കം നേടിയെങ്കിലും ഇന്നിംഗ്‌സ് നീണ്ടില്ല. പാറ്റ് കമ്മിന്‍സിന്‍റെ ഷോട്ട് പിച്ച് പന്തില്‍ ബാറ്റ് വച്ച രഹാനെ പെയ്‌നിന്‍റെ കൈകളിലെത്തി. 22 പന്തില്‍ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍റെ സമ്പാദ്യം. എന്നാല്‍ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമായി ക്രീസിലെത്തിയ റിഷഭ് പന്ത്, പൂജാരയ്‌ക്കൊപ്പം ക്രീസില്‍ നില്‍ക്കുകയാണ്. ഇതിനിടെ 1000 ടെസ്റ്റ് റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട് റിഷഭ്. 

ഓസീസ് നീട്ടിയത് 328 റണ്‍സ് ലക്ഷ്യം

രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. ഓസ്‌ട്രേലിയന്‍ രണ്ടാം ഇന്നിംഗ്‌സ് 294 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്റ്റീവ് സ്‌മിത്ത് 55 ഉം ഡേവിഡ് വാര്‍ണര്‍ 48 ഉം റണ്‍സെടുത്തു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ചും ഷാര്‍ദുല്‍ താക്കൂര്‍ നാലും വാഷിംഗ്‌ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി. പിന്നാലെ മത്സരം മഴയെത്തിയപ്പോള്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും യഥാക്രമം 4*, 0* എന്നീ സ്‌കോറുകളില്‍ നാലാംദിനം അവസാനിപ്പിച്ചു. 

അവസാന ദിനമായ ഇന്ന് മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും വലിയ കടമ്പയാണ്. ജയം ടീം ഇന്ത്യക്ക് ഒപ്പമെങ്കില്‍ അത് ചരിത്രമാകും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് സമനില പാലിക്കുകയാണ് ഇരു ടീമുകളും. 

click me!