ഉമേഷിന് പകരം ഷാര്‍ദുല്‍? നടരാജന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Dec 31, 2020, 12:40 PM IST
Highlights

പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റ് നിന്ന് ഉമേഷിനെ ഒഴിവാക്കിയതായി ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. 

ദില്ലി: പേസ് സെന്‍സേഷന്‍ ടി നടരാജന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകാന്‍ സാധ്യത. പരിക്കേറ്റ് പുറത്തായ ഉമേഷ് യാദവിന് പകരം ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഷാര്‍ദുല്‍ താക്കൂറിനെയാണ് ഇന്ത്യ കളിപ്പിക്കാന്‍ സാധ്യത എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. പരിചയസമ്പത്താണ് താക്കൂറിന് മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

'ടി നടരാജന്‍റെ വളര്‍ച്ചയില്‍ എല്ലാവരും ആകാംക്ഷയിലാണ് എങ്കിലും അദേഹം തമിഴ്നാടിനായി ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രമാണ് കളിച്ചത് എന്ന കാര്യം മറക്കാനാവില്ല. എന്നാല്‍ ഷാര്‍ദുല്‍ മുംബൈയുടെ ആഭ്യന്തര താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ പരിക്ക് കാരണം ഒരോവര്‍ പോലും എറിയാന്‍ കഴിയാതെ നിര്‍ഭാഗ്യം പിടികൂടിയിരുന്നു. ഷാര്‍ദുല്‍ പ്ലേയിംഗ് ഇലവനില്‍ ഉമേഷിന് പകരക്കാരനാകാനാണ് സാധ്യത. അടുത്ത പരിശീലന സെഷനുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും' എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കിയത്. 

ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശി; വന്‍ നേട്ടമുണ്ടാക്കി രഹാനെ, പൂജാര താഴോട്ട്

എന്നാല്‍ അന്തിമ തീരുമാനം മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിയും നായകന്‍ അജിങ്ക്യ രഹാനെയും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണുമാകും കൈക്കൊള്ളുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 62 മത്സരങ്ങളില്‍ 206 വിക്കറ്റ് നേടിയിട്ടുള്ള താരമാണ് ഷാര്‍ദുല്‍ താക്കൂര്‍. അതേസമയം ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയ്ക്കും പരിശീലനത്തിനുമായി പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

ജനുവരി ഏഴാം തീയതി സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഓസ്‌ട്രേലിയ-ഇന്ത്യ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരുടീമും തുല്യത പാലിക്കുകയാണ്. ബ്രിസ്‌ബേനില്‍ 15-ാം തീയതി അവസാന മത്സരത്തിന് തുടക്കമാകും. 

പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് ഉമേഷിനെ ഒഴിവാക്കിയതായി ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിയുമ്പോള്‍ പേശിവലിവ് അനുഭവപ്പെട്ട താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് ടെസ്റ്റുകളില്‍ നാല് വിക്കറ്റാണ് സമ്പാദ്യം.  

ഐസിസി ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി അശ്വിനും ബുമ്രയും; കമ്മിന്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

click me!