മാക്‌സ്‌വെല്ലും മടങ്ങി! ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച, ആറ് വിക്കറ്റ് നഷ്ടം; ആദ്യ ടി20യില്‍ ദക്ഷിണാഫ്രിക്കന്‍ ആധിപത്യം

Published : Aug 10, 2025, 03:34 PM IST
Glenn Maxwell

Synopsis

റബാദയുടെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ആക്രമണത്തില്‍ ഓസീസ് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി.

ഡാര്‍വിന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി ഓസ്‌ട്രേലിയ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 76 എന്ന നിലയിലാണ്. ടിം ഡേവിഡ് (19), ബെന്‍ ഡ്വാര്‍ഷിസ് (1) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (7), ജോഷ് ഇന്‍ഗ്ലിസ് (0), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (13), കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ 35), മിച്ചല്‍ ഓവന്‍ (2), ഗ്ലെന്‍ മാക്സ്വെല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. കഗിസോ റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.

രണ്ടാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഹെഡ്, റബായുടെ പന്തില്‍ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ക്വെന മഫാക്കയ്ക്ക് ക്യാച്ച് നല്‍കി. ഏഴ് പന്തുകളില്‍ രണ്ട് റണ്‍സെടുക്കാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്. തുടര്‍ന്നെത്തിയ ഇന്‍ഗ്ലിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. ലിന്‍ഡെയുടെ പന്തില്‍ ബാക്ക്‌വാര്‍ഡ് പോയിന്റില്‍ സെനുരന്‍ മുത്തുസ്വാമിക്കായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനേയും ഓസീസിന് നഷ്ടമായി. റബാദയ്‌ക്കെതിരെ ഹുക്ക് ഷോട്ടിന് ശ്രമിച്ച മാര്‍ഷിന് പിഴച്ചു. മഫാക്കയുടെ കയ്യിലൊതുങ്ങുകയായിരുന്നു താരം.

ഓസീസ് പ്രതിരോധത്തിലേക്ക് പോയെങ്കിലും ഗ്രീന്‍ - ഡേവിഡ് സഖ്യത്തിലൂടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ക്രീസിലെത്തിയ ഉടന്‍ തന്നെ ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 40 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് ഗ്രീന്‍ പുറത്തായി. ലുങ്കി എന്‍ഗിഡിയുടെ പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ഗ്രീനിന് നല്ല രീതിയില്‍ കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച്. തുടര്‍ന്നെത്തിയ ഓവല്‍, മഫാക്കയുടെ പന്തില്‍ ബൗള്‍ഡായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ബെന്‍ ഡ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ഐഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ജോര്‍ജ്ജ് ലിന്‍ഡെ, സെനുറന്‍ മുത്തുസാമി, കോര്‍ബിന്‍ ബോഷ്, കാഗിസോ റബാഡ, ക്വേന മഫാക, ലുങ്കി എന്‍ഗിഡി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ക്ലച്ചുപിടിക്കാതെ ഗില്‍; എത്ര നാള്‍ ഇനിയും സഞ്ജുവിനെ പുറത്തിരിത്തും?
പന്ത് സ്റ്റംപില്‍ തട്ടി, ലൈറ്റും തെളിഞ്ഞു, പക്ഷെ ബെയ്‌ൽസ് മാത്രം വീണില്ല, ജിതേഷ് ശര്‍മയുടെ ഒടുക്കത്തെ ഭാഗ്യം കണ്ട് ഞെട്ടി ആരാധകര്‍