
കൊളംബോ: ടി20 ലോകകപ്പില്‍ നിന്ന് പുറത്തായ ബംഗ്ലദേശ് ടീമിനെ സഹോദരരെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗ. ടി 20 ലോകകപ്പിന് മുന്നോടിയായി കൊളംബോയില്‍ നടന്ന ക്യാപ്റ്റൻമാരുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആഗയുടെ പ്രതികരണം.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് ഐസിസി പുറത്താക്കിയിരുന്നു. ബംഗ്ലാദേശിന് പകരം ഐസിസി സ്കോട്ട്‌ലൻഡിനെ ടൂര്‍മമെന്‍റില്‍ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടാണ് സല്‍മാൻ അലി ആഗ പ്രതികരിച്ചത്.
ബംഗ്ലാദേശ് ഞങ്ങളുടെ സഹോദരരാണ്. അവർ പാകിസ്ഥാന് നൽകുന്ന പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. അവർ ടൂർണമെന്‍റിൽ ഇല്ലാത്തത് സങ്കടകരമാണെന്നും സല്‍മാന്‍ ആഗ വ്യക്തമാക്കി. ഫെബ്രുവരി 15-ലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനം പാകിസ്ഥാൻ സർക്കാരിന്‍റേതാണെന്നും കളിക്കാര്‍ക്ക് അതില്‍ ഒന്നും ചെയ്യാനില്ലെന്നും ആഗ വ്യക്തമാക്കി.
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ച് ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള പാകിസ്ഥാന്‍റെ നീക്കത്തെ ബംഗ്ലാദേശ് സ്വാഗതം ചെയ്തു. ബംഗ്ലാദേശ് യുവജന-കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ഫേസ്ബുക്കിലൂടെ പാകിസ്ഥാന് നന്ദി രേഖപ്പെടുത്തി. ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാന്‍റെ ബഹിഷ്കരണമെന്ന് അദ്ദേഹം കുറിച്ചിരുന്നു. അയൽരാജ്യമായ ബംഗ്ലാദേശിനൊപ്പം നിൽക്കുന്നത് തത്വധിഷ്ഠിതമായ നിലപാടാണെന്നും കളിക്കളത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വ്യക്തമാക്കി.
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം മുടങ്ങുന്നത് ഐസിസിക്ക് വൻ സാമ്പത്തിക-സാങ്കേതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ഏഷ്യൻ ക്രിക്കറ്റിലെ പുതിയ നയതന്ത്ര നീക്കങ്ങൾ ടൂർണമെന്‍റിന്‍റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. പാകിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകുമെന്ന് നായകൻ സൂര്യകുമാർ യാദവ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!