യുവേഫ ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ, യുവന്റസ്, ചെല്‍സി ഇന്നിറങ്ങും

By Web TeamFirst Published Dec 2, 2020, 4:06 PM IST
Highlights

 ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയ, പോള്‍ പോഗ്ബ, സ്‌കോട്ട് മക് ടോമിനെ തുടങ്ങിയവരെല്ലാം പുരക്കില്‍ നിന്ന് മോചിതരായി തിരിച്ചെത്തുന്നത് യുണൈറ്റഡിന് കരുത്താവും.

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയും യുവന്റസും ചെല്‍സിയും ഇന്നിറങ്ങും. നോക്കൗട്ട് റൗണ്ടുറപ്പിക്കാന്‍ ഇറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫ്രഞ്ച് ചാംപ്യന്മാാരായ പിഎസ്ജിയാണ് എതിരാളി. ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഹിയ, പോള്‍ പോഗ്ബ, സ്‌കോട്ട് മക് ടോമിനെ തുടങ്ങിയവരെല്ലാം പുരക്കില്‍ നിന്ന് മോചിതരായി തിരിച്ചെത്തുന്നത് യുണൈറ്റഡിന് കരുത്താവും. ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതിന് പകരം വീട്ടാനാണ് നെയ്മറുടെ പി എസ് ജി ഇറങ്ങുന്നത്. 

യുണൈറ്റഡ് താരം എഡിന്‍സണ്‍ കവാനി തന്റെ മുന്‍ക്ലബ് പി എസ് ജിക്കെതിരെ ബൂട്ടുകെട്ടുന്ന ആദ്യമത്സരം കൂടിയായിരിക്കും ഇത്. നാല് കളിയില്‍ യുണൈറ്റഡിന് ഒന്‍പതും പിഎസ്ജിക്ക് ആറും പോയിന്റ് വീതം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ഡൈനമോ കീവുമായി ഏറ്റുമുട്ടും. കാല്‍ക്കുഴയ്ക്ക് നേരിയ പരിക്കുള്ള റൊണാള്‍ഡോയെ യുവന്റസ് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഗ്രൂപ്പ് ജിയില്‍ ഒന്‍പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുവന്റസ്. നാല് കളിയും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് ഹങ്കേറിയന്‍ ക്ലബ് ഫെറങ്ക്‌വാറോസാണ് എതിരാളികള്‍.

നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചതിനാല്‍ ക്യാപ്റ്റന്‍ ലിയണല്‍ മെസി, ഫിലിപെ കുട്ടീഞ്ഞോ, ഗോളി മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റഗന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ബാഴ്‌സയിറങ്ങുക. പ്രതിരോധ നിരയിലെ താരങ്ങള്‍ക്കേറ്റ പരുക്കാണ് ബാഴ്‌സയുടെ ആശങ്ക. ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്തിനായി പൊരുതുന്ന ചെല്‍സി സ്പാനിഷ് ക്ലബ് സെവിയയുമായി ഏറ്റുമുട്ടും. നാല് കളിയില്‍ ഇരുടീമിനും പത്ത് പോയിന്റ് വീതമുണ്ട്. 

ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടംകൂടിയായിരിക്കും ഇത്. ഗ്രൂപ്പ് എഫില്‍ നിന്ന് നോക്കൗട്ട് ഉറപ്പിക്കാനിറങ്ങുന്ന ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ലാസിയോയെ നേരിടും. ഒന്‍പത് പോയിന്റുള്ള ബൊറൂസ്യ ഒന്നും എട്ട് പോയിന്റുള്ള ലാസിയോ രണ്ടും സ്ഥാനങ്ങളില്‍. എല്ലാ കളികളും ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കാണ് തുടങ്ങുക.

click me!