
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ പ്രഖ്യാപിച്ച് ബിസിസിഐ. മുന്‍ താരം സീതാൻഷു കൊടക്കിനെയാണ് ബിസിസിഐ ഇന്ത്യയുടെ പുതിയ ബാറ്റിംഗ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിനായി ഏകദിന, ടി20 പരമ്പരകളിലും ചാമ്പ്യൻസ് ട്രോഫിക്കുമായാണ് സീതാന്‍ഷു കൊടകിനെ ബാറ്റിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ദീര്‍ഘകാലമായി ബാറ്റിംഗ് പരിശീലകനാണ് 52കാരനായ സീതാന്‍ഷു കൊടക്. ഇന്ത്യൻ എ ടീമിനൊപ്പം ബാറ്റിംഗ് പരിശീലകനായും സീതാന്‍ഷു കൊടക് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഗൗതം ഗംഭീറിന് കീഴില്‍ സഹപരിശീലകനായ അഭിഷേക് നായരാണ് ബാറ്റിംഗ് പരിശീലകന്‍റെ ചുമതല വഹിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയക്കെക്കും ന്യൂസിലന്‍ഡിനുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യൻ ബാറ്റിംഗ് നിര മോശം പ്രകടനം നടത്തിയതോടെയാണ് അഭിഷേക് നായര്‍ക്ക് പകരം സ്പെഷലിസ്റ്റ് ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇന്ത്യക്കായി കളിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ താരമാണ് സീതാന്‍ഷു കൊടക്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 130 മത്സരങ്ങളില്‍ 15 സെഞ്ചുറികള്‍ ഉള്‍പ്പെടെ 8000ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള താരം കൂടിയാണ് സീതാന്‍ഷു കൊടക്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായി നാണം കെട്ടിരുന്നു. ഇതിന് പിന്നാലെ ചരിത്രത്തിലാദ്യമായി ഇന്ത്യ നാട്ടിലൊരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും സമ്പൂര്‍ണ പരാജയമായ പരമ്പരക്ക് ശേഷം നടത്തിയ ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരുന്നു. വിരാട് കോലി തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പോകുന്ന പന്തുകളില്‍ ക്യാച്ച് നല്‍കി പുറത്താവുന്നത് പതിവായിട്ടും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഗംഭീറിനോ അഭിഷേക് നായര്‍ക്കോ കഴിഞ്ഞിരുന്നില്ല.
ഇനി എളുപ്പമല്ല, ഇന്ത്യൻ ടീം സെലക്ഷന് വീണ്ടും യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ബിസിസിഐ
മുമ്പ് രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായിരുന്നപ്പോള്‍ വിക്രം റാത്തോഡ് ആയിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിക്രം റാത്തോഡ് പിന്നീട് ദ്രാവിഡിനൊപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് പരിശീലകനായി നിയമിതനായിരുന്നു. രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും മുഖ്യ പരിശീലകരായിരുന്നുപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകരായി മികവ് കാട്ടിയ വിക്രം റാത്തോഡിനെയും ഭരത് അരുണിനെയും ആര്‍ ശ്രീധറെയും പോലുള്ളവരെയാണ സഹ പരിശീലകരാക്കിയതെങ്കില്‍ ഗംഭീര്‍ ഐപിഎല്‍ ടീമിലെ സഹപരിശീലകരെയാണ് തനിക്കൊപ്പം കൂടെ കൂട്ടിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗൗതം ഗംഭീറിന് കീഴില്‍ പ്രവര്‍ത്തിച്ച അഭിഷേക് നായർ സഹപരിശീലകനായപ്പോള്‍ ലക്നൗ ടീമില്‍ ഗംഭീറിനൊപ്പം പ്രവര്‍ത്തിച്ച മോര്‍ണി മോര്‍ക്കൽ ബൗളിംഗ് പരിശീലകനായും റിയാന്‍ ടെന്‍ ഡോഷെറ്റെ ഫീല്‍ഡിംഗ് പരിശീലകനുമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!