ദേശീയ ടീമിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതിനും വാര്‍ഷിക കരാര്‍ ലഭിക്കുന്നതിനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിബന്ധന കര്‍ശനമാക്കും.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റഅ താരങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി ബിസിസിഐ. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ കളിക്കുന്നത് നിര്‍ബന്ധമാക്കിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തവരെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടെന്നും ബിസിസിഐ നിര്‍ദേശിച്ചതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ ടീമിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതിനും വാര്‍ഷിക കരാര്‍ ലഭിക്കുന്നതിനും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിബന്ധന കര്‍ശനമാക്കും. അതുപോലെ വിദേശ പരമ്പരകളില്‍ കളിക്കാർ വ്യക്തിപരമായ പരസ്യ ചിത്രീകരണങ്ങളില്‍ ഏര്‍പ്പെടുന്നതിനും ബിസിസിഐ വിലക്കേര്‍പ്പെടുത്തി. ബിസിസിഐയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക, പ്രമോഷണല്‍ പരിപാടികളിലും പരസ്യ ചിത്രീകരണങ്ങളിലും കളിക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

വിജയ് ഹസാരെ: ധ്രുവ് ഷോറെക്കും യാഷ് റാത്തോഡിനും സെഞ്ചുറി; വെടിക്കെട്ടുമായി കരുൺ നായ‌ർ; വിദർഭക്ക് കൂറ്റൻ സ്കോർ

പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ പരമ്പരകളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിനും നിയന്ത്രണമുണ്ട്. 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവു.

ഇനി എളുപ്പമല്ല, ഇന്ത്യൻ ടീം സെലക്ഷന് വീണ്ടും യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ബിസിസിഐ

ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കളിക്കാര്‍ക്കൊപ്പം പേഴ്സണല്‍ മാനേജര്‍, പേഴ്സണല്‍ സ്റ്റാഫ്, കുക്ക്, മസാജര്‍, അസിസ്റ്റന്‍റ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടെ കൂട്ടുന്നതിനും വിലക്കുണ്ട്. മേല്‍പറഞ്ഞ നിബന്ധനകളില്‍ എന്തെങ്കിലും ഇളവ് അനുവദിക്കേണ്ടത് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണെന്നും നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കളിക്കാര്‍ക്കെതിരെ ഐപിഎല്‍ വിലക്ക് അടക്കം കടുത്ത നടപടികളുണ്ടാകുമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക